പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പുകൂടി കഴിഞ്ഞതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മാധ്യമങ്ങള്‍. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്ന എക്സ്റ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും കേരളത്തില്‍ ഇടത് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാവുമെന്നാണ് പ്രവചിക്കുന്നത്. ആദ്യഘട്ടത്തില്‍ വടക്കന്‍ ജില്ലകളിലെ എക്സിറ്റ് പോള്‍ ഫലമാണ് സംസ്ഥാനത്തെ പ്രധാന മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്.
കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വ്വെ പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജീല്ലകളില്‍ നടത്തിയ പോള്‍ഫലത്തില്‍ മഞ്ചേശ്വരത്ത് യുഡിഎഫും ഉദുമയില്‍ എല്‍ഡിഎഫിനുമാണ് ആധിപത്യം പ്രവചിക്കുന്നു. കൂത്തുപറമ്പില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നും പേരാവൂരില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും അഴീക്കോട് കെഎം ഷാജി നിലനിര്‍ത്തും എന്നുമാണ് പ്രവചനം. ഇരിക്കൂറും യുഡിഎഫിനൊപ്പമെന്നാണ് സര്‍വ്വെ ഫലം. ബാക്കി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. മാനന്തവാടിയിലും കല്പറ്റയിലും എല്‍ഡിഎഫിനാണ് വിജയസാധ്യതയെന്നാണ് പ്രവചനം. വടകരയിലും നാദാപുരത്തും കോഴിക്കോട് സൗത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും വടകര എല്‍ഡിഎഫും നാദാപുരം യുഡിഎഫും കയ്യടക്കുമെന്നുമാണ് സര്‍വ്വെ ഫലം. ജില്ലയിലെ 13 സീറ്റുകളില്‍ പത്തും ഇടതിനൊപ്പമെന്ന സൂചനയാണ് ഏഷ്യാനെറ്റ് ന്യൂസ് -സീ ഫോര്‍ സര്‍വ്വെ നല്‍കുന്നത്.
മാതൃഭൂമി ന്യൂസ്- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളില്‍ അഞ്ച് വടക്കന്‍ ജില്ലകളിലെ 47 മണ്ഡലങ്ങളിലായി എല്‍ഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 32 സീറ്റുകള്‍ നേടുമ്പോള്‍ യുഡിഎഫിന് പ്രതീക്ഷിക്കാനുള്ളത് 12 സീറ്റുകളാണെന്നാണ് സര്‍വ്വെ ഫലം. ഈ അഞ്ച് ജില്ലകളിലും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയില്ലെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍വ്വെ ഫലങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് മരണപ്പെട്ടതിനാല്‍ മണ്ഡലത്തിലെ ഫലം പുറത്തുവിട്ടിട്ടില്ല. കാസര്‍കോട് സിറ്റിങ് സീറ്റുകള്‍ ഇരമുന്നണികളും നിലനിര്‍ത്തുമെന്നും കണ്ണൂരില്‍ എല്‍ഡിഎഫിന് ഒരുസീറ്റ് അധികം ലഭിക്കുമെന്നും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും എല്‍ഡിഎഫ് നേടുമെന്നുമാണ് പ്രവചനം. മലപ്പുറത്ത് തിരൂര്‍, വള്ളിക്കുന്ന് അടക്കം മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയമുണ്ടാകുമെന്നും സര്‍വ്വെ പറയുന്നു.
വടക്കന്‍ ജില്ലകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിനാണ് എന്നാണ് മനോരമ ന്യൂസ് വിഎംആര്‍ സര്‍വ്വെ പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പോള്‍ ഫലമാണ മനോരമ ന്യൂസ് പുറത്തുവിട്ടത്.
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നേരിയ മേല്ക്കൈയുണ്ടാകുമെന്നും കാസര്‍കോട്ടെ മറ്റ് മണ്ഡലങ്ങളെ വെച്ചുനോക്കുമ്പോള്‍ ജില്ല യുഡിഎഫിന് അനുകൂലമായിരിക്കും എന്നുമാണ് സര്‍വ്വെ ഫലം പറയുന്നത്. ഉദുമയില്‍ അട്ടിമറിയുണ്ടാവുമെന്നും പ്രവചിക്കുന്നു. കണ്ണൂരില്‍ അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജിക്ക് നേരിയ മുന്തൂക്കമുണ്ടാവും. മട്ടന്നൂരില്‍ കെകെ ശൈലജയ്ക്കും നേരിയ ഭൂരിപക്ഷമാണ് സര്‍വ്വെ ഫലം പ്രവചിക്കുന്നത്. പേരാവൂരില്‍ ശക്തമായ മത്സരമുണ്ടാവുമെന്നും ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും പ്രവചിക്കുന്നു. ജില്ലയില്‍ എല്‍ജിഎഫിന് ഏഴും യുഡിഎഫിന് നാലും സീറ്റുകളാണ് പോള്‍ പ്രവചനം. വയനാട്ടിലെ മൂന്ന് സീറ്റുകളിലും യുഡിഎഫിനാണ് മേല്ക്കൈയ്യെന്നും സര്‍വ്വെ ഫലം. വടകരയില്‍ യുഡിഎഫ് മുന്നിലെത്തുമെന്നും നാദാപുരത്തും ബാലുശ്ശേരിയിലും കുന്ദമംഗലത്തും യുഡിഎഫ് അട്ടിമറി നടത്തുമെന്നും കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് ലീഡുപിടിക്കുമെന്നുമാണ് കണ്ടെത്തല്‍. കോഴിക്കോട് സൗത്തില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തുമെന്ന സൂചനയും സര്‍വ്വെയിലുണ്ട്. കൊടുവള്ളിയില്‍ എംകെ മുനീറിനെ കാരാട്ട് റസാഖ് പരാജയപ്പെടുത്തുമെന്നും പ്രവചനമുണ്ട്. ഇങ്ങനെ, കോഴിക്കോട് ജില്ലയില്‍ 13 ഇടത്ത് യുഡിഎഫിനും നാല് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുമാണ് വിജയമെന്നാണ് മനോരമ സര്‍വ്വെ പ്രവചനം.
നിലമ്പൂരില്‍ അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിനൊപ്പമാണ് മണ്ഡലം നിന്നത്. താനൂരില്‍ പികെ ഫിറോസ് അട്ടിമറി വിജയം നേടുമെന്നും തിരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നോട്ടുപോകുമെന്നും തവനൂരില്‍ കെടി ജലീലിനുമേല്‍ ഫിറോസ് കുന്നംപറമ്പില്‍ വിജയം കണ്ടെത്തുമെന്നാണ് സര്‍വ്വെ പറയുന്നത്. ഇത്തരത്തില്‍ മലപ്പുറത്ത് 14 മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും രണ്ടെണ്ണം എല്‍ഡിഎഫിനൊപ്പവും നില്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.
പാലക്കാട് തൃത്താലയില്‍ എംബി രാജേഷിനെ 6.2 ശതമാനം വോട്ടുകളുടെ വ്യത്യാസത്തോടെ വിടി ബല്‍റാം പരാജയപ്പെടുത്തുമെന്നും മലമ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാവുമെന്നും പാലക്കാട് യുഡിഎഫ് നിലനിര്‍ത്തുമെന്നും തരൂരും ആലത്തൂരും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നുമാണ് പ്രവചനം. എല്‍ഡിഎഫിന് ഒമ്പത്, യുഡിഎഫിന് മൂന്ന് എന്നിങ്ങനെയാവും പാലക്കാട് വിധിയെഴുതുക എന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍.
തൃശൂരില്‍ ചേലക്കരയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടക്കുമെന്ന് പോള്‍ ഫലം പ്രവചിക്കുന്നു. ഗുരുവായൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്ക്കും. വടക്കാഞ്ചേരി നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിര്‍ത്തും. തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എന്‍ഡിഎയും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നുമാണ് പ്രവചനം. ജില്ലയില്‍ പത്തിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിക്കുമെന്നാണ് കണ്ടെത്തല്‍.
ദേശീയ ഏജന്‍സികളുടെ കേരളത്തിലെ എക്സിറ്റ് പോള്‍ സര്‍വേഫലങ്ങള്‍ ഇങ്ങനെ. ഹിന്ദി ചാനലായ ഡിബി ലൈവിന് വേണ്ടി സര്‍വേ നടത്തിയ ഇലക്റ്റ് ലൈന്‍ ഏജന്‍സി മാത്രമാണ് യുഡിഎഫിന് വിജയം പ്രവചിക്കുന്നത്. മറ്റെല്ലാ ഏജന്‍സികളുടെയും പ്രവചനം ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ്.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ
എല്‍ഡിഎഫ്: 104-120
യുഡിഎഫ്: 20-36
എന്‍ഡിഎ: 0-2
സിഎന്‍എക്സ് – റിപ്പബ്ലിക്
എല്‍ഡിഎഫ്: 72-80
യുഡിഎഫ്: 58-64
എന്‍ഡിഎ: 1-5
ഇന്ത്യ എഹെഡ്
എല്‍ ഡി എഫ് : 72-79
യു ഡി എഫ്: 60-66
ബിജെപി: 0-3
ഏഷ്യ ഇലക്റ്റ് – സിബിഎക്സ്
എല്‍ ഡി എഫ് 76
യു ഡി എഫ് 61
എന്‍ ഡി എ 3
ന്യൂസ് എക്സ് –
ടുഡേയ്സ് ചാണക്യ
എല്‍ ഡി എഫ് 93-111
യു ഡി എഫ് 26-44
ബിജെപി 0-6
ടൈംസ് നൗ – സീ വോട്ടര്‍
എല്‍ ഡി എഫ് 74
യു ഡി എഫ് 65
ബിജെപി 01
എ ബി പി
എല്‍ഡിഎഫ്: 71-77
യുഡിഎഫ് 62-68
എന്‍ ഡി എ: 0 – 2
പൊളിറ്റിക് മാര്‍ക്കര്‍
എല്‍ ഡി എഫ് 73-78
യു ഡി എഫ് 60-65
ബിജെപി 0-2
പേട്രിയോട്ടിക് വോട്ടര്‍
എല്‍ ഡി എഫ് 86
യു ഡി എഫ് 49
ബിജെപി 04
മറ്റുള്ളവര്‍ 01
ഡി ബി ലൈവ് –
ഇലക്റ്റ് ലൈന്‍
യു ഡി എഫ് 74-80
എല്‍ ഡി എഫ് 54-61
ബിജെപി 2-7
ഇന്ത്യ ന്യൂസ്
എല്‍ഡിഎഫ്: 64-76
യുഡിഎഫ്: 61-71
ബിജെപി: 2-4