തമിഴകത്തെ പുതിയ രാഷ്ട്രീയം പഠിപ്പിക്കുന്ന ‘മുതലമൈച്ചര്‍ സ്റ്റാലിന്‍’; മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്റെ ആദ്യ 100 ദിവസങ്ങള്‍

അധികാരത്തിലേറി നൂറ് ദിവസം തികയ്ക്കുകയാണ് തമിഴ്‌നാട്ടില്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും. നിര്‍ണായകമായ പല ചുവടുവെപ്പുകള്‍ നടത്തിയും മാതൃകപരമായ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയും സ്റ്റാലിന്‍ ദിനംപ്രതിയെന്നോണം ദേശീയ മാധ്യമങ്ങളുടെ ഒന്നാംപേജില്‍ നിറഞ്ഞുനില്‍ക്കുന്നു. വിവിധ രാഷ്ട്രീയ ചേരികളിലുള്ളവര്‍പ്പോലും സ്റ്റാലിന്റെ പഴഞ്ചൊല്ലായ ‘പൊളിറ്റിക്കല്‍ ഹണിമൂണി’ന് ആശംസകള്‍ ചൊരിയുന്നു.

234ല്‍ 159 സീറ്റുകള്‍ നേടിയാണ് മെയ് ഏഴിന് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം തമിഴകത്തിന്റെ അധികാരക്കസേരയിലേക്കെത്തിയത്. ഓഗസ്റ്റ് 20ന് ‘ടീം സ്റ്റാലിന്‍’ നൂറ് ദിവസവും തികച്ചു. തമിഴ്‌നാട്ടില്‍ കൊവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കവെയായിരുന്നു സ്റ്റാലിന്റെ ഈ കാത്തിരുന്നുള്ള ഉദയം എന്നതും ശ്രദ്ധേയമാണ്.

തുടര്‍ന്ന് ത്വരിതഗതിയിലുള്ള നീക്കങ്ങളിലേക്ക് സമയമൊട്ടും ചെലവഴിക്കാതെ പുതിയ സര്‍ക്കാര്‍ നീങ്ങി. അപ്രതീക്ഷിത പരിശോധനകള്‍, അര്‍ധരാത്രി 12 മണിക്കും സജീവമായ ഫോണ്‍ കോളുകള്‍, എംഎല്‍എമാരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് അയക്കല്‍… എന്തിനേറെ, മുന്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രിപോലും പ്രശംസിക്കുന്ന തരത്തില്‍ ഒന്നിനൊന്ന് മികച്ച രീതിയിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. അങ്ങനെ ഒരുസമയത്ത് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുണ്ടായിരുന്ന തമിഴ്‌നാടിനെ വ്യാപനത്തില്‍നിന്നും നിയന്ത്രണ വിധേയമാക്കി.

കൊവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമായതോടെ ഒട്ടും അമാന്തിക്കാതെ സ്റ്റാലിന്‍ സര്‍ക്കാര്‍ മറ്റ് പദ്ധതികളിലേക്ക് കടന്നു. സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രകള്‍, ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍, ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണരല്ലാത്തവരുടെ പൂജാരി നിയമനം, പ്രാര്‍ത്ഥനകളുടെ സംസ്‌കൃതത്തില്‍നിന്നും തമിഴിലേക്കുള്ള മൊഴിമാറ്റം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള സംവരണം, പ്രത്യേക കാര്‍ഷിക ബജറ്റ് എന്നിവ അവയില്‍ ചിലതുമാത്രം.

സാമ്പത്തിക രംഗത്തിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍, ഡിഎംകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുകയും 17000 കോടി രൂപയുടെ നിക്ഷേപത്തിനായുള്ള ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ തകര്‍ന്നടിഞ്ഞ സാമ്പത്തികാവസ്ഥ പരിഗണിച്ചായിരുന്നു ഇത്. നോബേല്‍ പുരസ്‌കാര ജേതാവ് എസ്തര്‍ ഡഫ്‌ളോ, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യന്‍, വികസന സാമ്പത്തിക വിദഗ്ധന്‍ പ്രൊഫസര്‍ ജീൻ ഡ്രസെ, മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ് നാരായണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചു.

‘ തമിഴ്‌നാടിനെ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സംസ്ഥാനാമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. തമിഴ്‌നാടിനെ ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാക്കി മാറ്റും’, നിക്ഷേപകരുടെ കോണ്‍ക്ലേവില്‍ പറഞ്ഞു.

ഈ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയിലും ഉയര്‍ന്നേക്കാവുന്ന വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായി ധനമന്ത്രി പി ത്യാഗരാജന്‍, ഇവയുടെയൊന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥ വൃന്ദത്തിനായിരിക്കില്ലെന്നും മറിച്ച് രാഷ്ട്രീയ നേതൃത്വത്തിന് മാത്രമായിരിക്കുമെന്നും തുറന്നുപറഞ്ഞു. പാവപ്പെട്ടവരില്‍നിന്ന് ശതകോടീശ്വരന്മാരെ വേര്‍തിരിക്കുന്ന വളര്‍ച്ചയല്ല സംസ്ഥാനവും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും ത്യാഗരാജന്‍ പറയുന്നു.

‘എങ്ങനെയായിരിക്കും അദ്ദേഹമെന്ന് ജനങ്ങള്‍ കരുതിയിരുന്ന സ്റ്റാലിനും മുഖ്യമന്ത്രിക്കസേരയിലെത്തിയ സ്റ്റാലിനും തമ്മില്‍ അന്തരമേറെയാണ്’, മുന്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ ഐടി വകുപ്പ് മേധാവിയായിരുന്ന ആസ്പയര്‍ കെ സ്വാമിനാഥന്‍ അഭിപ്രായപ്പെടുന്നതിങ്ങനെ. സ്റ്റാലിന്‍ മാത്രമല്ല, സര്‍ക്കാര്‍ തലത്തിലുടനീളം ഈ മാറ്റത്തിന്റെ അലയൊലികള്‍ നിറഞ്ഞുനില്‍ക്കുകയാണ്.

പൂജാരിമാരായി എല്ലാ ജാതിയിലുംപെട്ട ആളുകളെ നിയമിക്കുന്നതുപോലെയുള്ള പല പദ്ധതികളും ഡിഎംകെ നിരന്തരം ആഹ്വാനം ചെയ്യുന്ന ദ്രാവിഡ പാരമ്പര്യത്തില്‍ വേരൂന്നിയവയാണ്. സ്ത്രീകള്‍ക്കായുള്ള സൗജന്യയാത്രയടക്കമുള്ള സംരംഭങ്ങളും അങ്ങിനെത്തന്നെ.

ഏല്ലാവരെയും ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയ ശൈലി

അച്ഛന്‍ കരുണാനിധി സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ പേരിട്ടുവിളിച്ച മകന്‍ എം.കെ സ്റ്റാലിന്‍ എന്ന ഈ തമിഴ്‌നാട് മുഖ്യമന്ത്രി രാഷ്ട്രീയ ലോകത്തിന് ഒട്ടും അപരിചിതനല്ല. അടിയന്തരാവസ്ഥാ കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു സ്റ്റാലിന്‍ എന്ന രാഷ്ട്രീയക്കാരന്റെ ഉദയം. പിന്നീട് ചെന്നൈയുടെ മേയറായും കരുണാനിധി സര്‍ക്കാരിന്റെ കാലത്ത് ഉപമുഖ്യമന്ത്രിയായും ഭരണപ്രാവീണ്യം നേടി.

ഒരുകാലത്ത് ഗുണ്ടാനേതാവെന്ന കുപ്രസിദ്ധിയിലാണ് അറിയപ്പെട്ടതെങ്കിലും ഇന്ന് ഉദ്യോഗസ്ഥരാലും പാര്‍ട്ടി നേതാക്കളാലും പ്രതിപക്ഷത്തില്‍നിന്നായാലും അദ്ദേഹത്തിനുള്ള വിശേഷണം എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിന്റെ പേരിലാണ്.

സ്റ്റാലിനില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പക്വത വന്നുചേര്‍ന്നിരിക്കുന്നെന്നാണ് ചെന്നൈ പ്രസിഡന്‍സി കോളെജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പി മുത്തുകുമാര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വത്തോടൊപ്പം കൂടിക്കാഴ്ച നടത്തിയതും മുന്‍ ആരോഗ്യമന്ത്രി വിജയ ഭാസ്‌കറിനെ ഉള്‍പ്പെടുത്തി കൊവിഡ് പാനല്‍ രൂപീകരിച്ചതും തുടങ്ങി ഒരു തമിഴ്‌നാട് മുഖ്യമന്ത്രി ഇന്നുവരെ ചെയ്തിട്ടില്ലാത്ത പലകാര്യങ്ങളും സ്റ്റാലിന്‍ നടപ്പാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജയലളിതയുടേയോ കരുണാനിധിയുടേയോ എന്തിന് എംജിആറിന്റെയോ കാലത്ത് ഇത്തരമൊരു സംസ്‌കാരമുണ്ടായിട്ടില്ല. അണ്ണാദുരൈയുടെ കാലത്തിന് ശേഷം തമിഴ്‌നാട്ടില്‍ അന്യംനിന്നുപോയ രീതികളാണിവ. മുഖ്യമന്ത്രി എന്ന നിലയില്‍ സ്റ്റാലിന്‍ ആര്‍ജ്ജിച്ചെടുത്ത പക്വതയാണിവിടെ വെളിവാകുന്നത്. അത് തമിഴ്‌നാട്ടിലെ ജനങ്ങളെ ഉദ്ദേശിച്ചുള്ളവയാണ്’, മുത്തുകുമാര്‍ പറയുന്നു.

എഐഎഡിഎംകെ മുഖ്യമന്ത്രിമാരായിരുന്ന ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ഫോട്ടോകള്‍ സ്‌കൂള്‍ ബാഗുകളില്‍നിന്നും മാറ്റേണ്ടെന്ന സ്റ്റാലിന്റെ തീരുമാനവും പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഒ പനീര്‍ശെല്‍വത്തിന്റെ ഭാര്യ മരിച്ചപ്പോള്‍ രാഷ്ട്രീയഭേദമന്യേ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ സ്റ്റാലിന്‍ പനീര്‍ശെല്‍വത്തെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രവും ചര്‍ച്ചയായിരുന്നു.

എല്ലാം മുന്‍കൂട്ടി തീരുമാനിച്ച കൃത്യതയോടെയാണ്‌ സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പി പ്രകാശ് ശരിവെക്കുന്നു. ‘മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസില്‍ കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. വിഷയവിദഗ്ധരെയും സാധാരണക്കാരെയും ഒരേപോലെ ശ്രദ്ധിക്കാനായുള്ള ഒരു വിപുലമായ സംവിധാനമാണ് അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി മികച്ച ബന്ധമാണ് അദ്ദേഹം പുലര്‍ത്തുന്നതെന്ന് ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ച് പറയാനാവും’, പ്രകാശ് പറയുന്നു.

ഒരു പാര്‍ട്ടിയുടെ നേതാവായല്ല, ഒരു സംസ്ഥാനത്തിന്റെ നേതാവായാണ് സ്റ്റാലിന്‍ സ്വയം വിലയിരുത്തുന്നതെന്ന അഭിപ്രായമാണ് ഡിഎംകെ എം.എല്‍.എ കാര്‍ത്തികേയന്‍ ശിവസേനാപതിക്ക്. ‘എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തന രീതിയാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്. ഇക്കുറി അദ്ദേഹത്തിന് വോട്ട് നല്‍കാത്തവര്‍ പോലും അടുത്ത തവണ അദ്ദേഹത്തെത്തന്നെ ജയിപ്പിക്കുമെന്നുറപ്പാണ്’, അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഒരോ ദിവസത്തിന്റെയും അവസാനം, ഒരുദിവസംപോലുമൊഴിയാതെ ‘തലൈവര്‍’ എന്നെ വിളിക്കുകയും പ്രചരണം എങ്ങനെയുണ്ടായിരുന്നെന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു’, അദ്ദേഹം ഓര്‍ത്തെടുത്തു. മുഖ്യമന്ത്രിയായതിന് ശേഷവും എന്തൊക്കെ തിരക്കുകളുണ്ടായാലും സ്റ്റാലിന്‍ ഈ പതിവ് തെറ്റിക്കാറില്ല.

മതപരമായ സഹിഷ്ണുതയും മതേതരത്വവുമാണ് പുതിയ സര്‍ക്കാരിന്റെയും സ്റ്റാലിന്‍ സ്റ്റൈലിന്റെയും മുഖമുദ്രയെന്ന് മുഖ്യമന്ത്രിയുടെ ടീമിലെ ഒരു നേതാവ് പറയുന്നു. ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ് സ്റ്റാലിന്റെ മുന്‍ഗണനയിലുള്ളതെന്ന് ഹിന്ദു മതകാര്യ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി ശേകര്‍ ബാബു വിശദീകരിക്കുന്ന സംയുക്ത ജാതി അര്‍ച്ചനാ സംവിധാനം. ‘തമിഴ് അര്‍ച്ചനകളും സംയുക്ത ജാതി അര്‍ച്ചനകളും എന്നത് കാലങ്ങളായി അണിയറയിലുണ്ടായിരുന്നതാണ്. അവയ്ക്കാണ് പ്രധാന പരിഗണന. ഇത് ഒരു ഭാഷയെ മറ്റൊന്നിനേക്കാളുമോ ഒരു ജാതിയെ മറ്റൊന്നിനേക്കാളുമോ ഉയര്‍ത്തിക്കാണിക്കാനുള്ളതല്ല. മറിച്ച് സമത്വവും സമഗ്രവുമായ ഒരു സമൂഹത്തെ ഉറപ്പാക്കാന്‍ വേണ്ടിയാണ്’, മന്ത്രി പറയുന്നതിങ്ങനെ.

എന്തൊക്കെയായാലും, സ്റ്റാലിനും വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. അച്ഛന്‍ കരുണാനിധിയെപ്പോലെയേയല്ല സ്റ്റാലിനെന്നാണ് മുതിര്‍ന്ന എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ ഡി ജയകുമാര്‍ ഉറപ്പിച്ച് പറയുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുക മാത്രമാണ് സ്റ്റാലിന്‍ ചെയ്യുന്നതെന്നാണ് ജയകുമാറിന്റെ പക്ഷം. ‘സ്റ്റാലിന്‍ സ്വന്തമായൊന്നും ചെയ്യുന്നില്ല. കലൈന്‍ജറിനെപ്പോലെ ശക്തനല്ല സ്റ്റാലിന്‍. ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ കേള്‍ക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്’.

കരുണാനിധി, സ്റ്റാലിന്‍, ഉദയനിധി എന്നിവരടങ്ങുന്ന ഫാമിലി ഫോട്ടോമാത്രമാണ് എല്ലായിടത്തുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് ജെ ജോണ്‍സന്റെ വിമര്‍ശനം. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കിയിട്ടില്ലെന്നും മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ കടം വരുത്തിവെച്ചന്ന വാദത്തെ മറയാക്കി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിലാണ് സ്റ്റാലിന്റെ പ്രവര്‍ത്തന ശൈലികള്‍ വാഴ്ത്തപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ മന്ത്രി-ഉദ്യോഗസ്ഥ സ്ഥാനങ്ങളില്‍ കുമിഞ്ഞുകൂടുന്നതാണ് പതിവ്. എന്നാല്‍, സ്റ്റാലിന്‍ നിയമിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും പ്രത്യേകത അവരുടെ കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണെന്ന് മുന്‍ എഐഎഡിഎംകെ ഐടി വിഭാഗം തലവന്‍ സ്വാമിനാഥന്‍ പറയുന്നു. സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റാലിന്‍ നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1970കളുടെ അവസാനം എംജിആര്‍ മുതല്‍ തുടര്‍ന്നിരുന്ന രാഷ്ട്രീയ വൈര്യത്തിനപ്പുറമാണ് സ്റ്റാലിന്‍ സ്റ്റൈല്‍. എംജിആറും കരുണാനിധിയും തമ്മിലുള്ള സമവാക്യങ്ങള്‍ ആദ്യഘട്ടത്തില്‍ വലിയ സൗഹൃദപരമായിരുന്നെങ്കിലും അതില്‍ പിന്നീട് കയ്പ് രുചിച്ച് എംജിആര്‍ എഐഎഡിഎംകെയ്ക്ക് രൂപം നല്‍കി. തുടര്‍ന്ന് കരുണാനിധി മുതല്‍ ജയലളിത വരെയുള്ള ഭരണത്തിലുടനീടം ഇന്ത്യയില്‍ മറ്റെവിടെയും കാണാത്ത പകപോക്കലുകളിലേക്ക് ഇത് നീണ്ടു. പരസ്പരം കേസുകള്‍ ചാര്‍ത്തിയും പൊതുവിടങ്ങളില്‍ പോരടിച്ചും ഈ വൈര്യം തമിഴ് രാഷ്ട്രീയത്തില്‍ മുഴച്ചുനിന്നു. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് വിളിച്ചുപറഞ്ഞ് കീറിയ സാരിയും പാറിപ്പറന്ന മുടിയുമായി സംസ്ഥാന നിയമസഭയില്‍നിന്നുമുള്ള ജയലളിതയുടെ ഇറങ്ങിപ്പോക്കും തമിഴകം കണ്ടു. മഹാമേരുക്കളായ രാഷ്ട്രീയനേതാക്കളും വ്യക്തി ആരാധനയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സാഹചര്യങ്ങളുമുണ്ടായിരുന്ന തമിഴ്‌നാടിന് അങ്ങേയറ്റം തീക്ഷ്ണമായ രാഷ്ട്രീയ ചരിത്രമാണുള്ളത്.

ഈ വൈര്യത്തിന്റെ വീര്യം കുറയ്ക്കാനുതകുന്നതാണ് സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് ഡിഎംകെ നേതാക്കള്‍ത്തന്നെ അവകാശപ്പെടുന്നത്. തമിഴ്‌നാടിനായി സ്റ്റാലിന്‍ ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം കെട്ടിപ്പെടുക്കുകയാണെന്നും തമിഴിനാടിപ്പോള്‍ ലഭിച്ചിരിക്കുന്നത് രാഷ്ട്രതന്ത്രജ്ഞനായ മുഖ്യമന്ത്രിയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.