തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന 12 ട്രെയിനുകള്‍ നിര്‍ത്തിവെച്ചു. മൂന്ന് മെമുകളുടെയും സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ അടക്കം സര്‍വ്വീസാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള പ്രധാന സര്വ്വീസുള്ക്ക് റദ്ദാക്കല്‍ ബാധകമല്ല. പ്രധാന അന്തര്‍ സംസ്ഥാന ട്രെയിനുകളും സര്‍വ്വീസ് തുടരും.
നിലവിലത്തെ തീരുമാനത്തിന് ലോക്ഡൗണുമായി ബന്ധമില്ലെന്നും പകരം സൗകര്യമൊരുക്കുമെന്നുമാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരുന്നു.
സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാവും റെയില്‍വെ തീരുമാനിക്കുക. ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വേയും സര്‍ക്കാരും തമ്മില്‍ ആശയവിനിമയം തുടരുകയാണ്.
കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത് കര്‍ശന നിയന്ത്രണങ്ങളാണ്. പൊതുഗതാഗതം നിയന്ത്രിക്കല്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവൃത്തി സമയം പരിമിതപ്പെടുത്തും. ആശുപത്രി സേവനങ്ങള്‍, പാചകവാതക വിതരണം, ചരക്ക് നീക്കം എന്നിവയ്ക്ക് തടസമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷം ലോക്ഡൗണിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങും.
മെയ് എട്ട് മുതല്‍ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനം അടച്ചിടുക. ശനിയാഴ്ച്ച രാവിലെ ആറുമുതലാണ് കടുത്ത നിയന്ത്രണങ്ങള്‍ ആരംഭിക്കുക. മെയ് 16 വരെ കര്‍ശന നിബന്ധനകള്‍ തുടര്‍ന്ന ശേഷം സ്ഥിതി ഗതികള്‍ പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.