രാശിയുറപ്പിക്കാന്‍…; 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്ത് പി പ്രസാദ്, ‘ഭാഗ്യമില്ലാത്ത’ മന്‍മോഹന്‍ ബംഗ്ലാവ് ആന്റണി രാജുവിന്, ഐസക്കിന്റെ പിന്മുറക്കാര്‍

തിരുവനന്തപുരം: രാശിയില്ലെന്ന കുപ്രസിദ്ധിയാര്‍ജ്ജിച്ച 13ാം നമ്പറുള്ള സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായി കൃഷിമന്ത്രി പി പ്രസാദ്. 13 അശുഭ നമ്പറാണെന്ന അന്ധവിശ്വാസം മൂലം മന്ത്രിമാര്‍ 13ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും ഏറ്റെടുക്കാന്‍ തയ്യാറാവാതിരിക്കലായിരുന്നു പതിവ്. മന്‍മോഹന്‍ ബംഗ്ലാവ് ആന്റണി രാജുവും ്ഏറ്റെടുത്തു.

മന്ത്രിസഭയില്‍ ആ നമ്പര്‍ വാഹനം ആര് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വാഹനം ഏറ്റെടുക്കാന്‍ പി പ്രസാദ് മുന്നോട്ടുവന്നത്.

കഴിഞ്ഞ തവണ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കായിരുന്നു 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. കാര്‍ ഏറ്റെടുക്കാന്‍ ആളില്ലെന്ന വിവാദത്തിന് പിന്നാലെയായിരുന്നു ഐസക് രംഗത്തെത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ എംഎ ബേബിക്കായിരുന്നു ഈ 13ന്റെ നറുക്ക്.

അതുപോലെതന്നെ രാശിയില്ലെന്ന പേരില്‍ പ്രശസ്തമാണ് മന്‍മോഹന്‍ ബംഗ്ലാവും. ഇത്തവണ ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് ബംഗാവിനുള്ള രാശി. തോമസ് ഐസക് തന്നെയായിരുന്നു കഴിഞ്ഞ തവണ രാശിയില്ലാത്ത മന്‍മോഹന്‍ ബംഗ്ലാവും ഏറ്റെടുത്ത് ഔദ്യോഗിക വസതിയാക്കിയത്.

ടൂറിസം വകുപ്പാണ് സാധാരണ മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളില്‍ 13ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. താല്‍കാലിക നമ്പര്‍ കിട്ടിയവര്‍ ആരെങ്കിലും ആവശ്യമുന്നയിച്ചാല്‍ 13ാം നമ്പര്‍ നല്‍കാം എന്നായിരുന്നു തീരുമാനം.

ടൂറിസം വകുപ്പാണ് സാധാരണ മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളില്‍ 13ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. താല്‍കാലിക നമ്പര്‍ കിട്ടിയവര്‍ ആരെങ്കിലും ആവശ്യമുന്നയിച്ചാല്‍ 13ാം നമ്പര്‍ നല്‍കാം എന്നായിരുന്നു തീരുമാനം.

കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. രാഷ്ട്രീയഗുരുവായ മാണി മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച വീടും മൂന്നാം നമ്പര്‍ കാറും റോഷി ചോദിച്ചുവാങ്ങുകയായിരുന്നു. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.