ജി 7 യോഗത്തില്‍ ലണ്ടനില്‍ പോയ രണ്ട് ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കൊവിഡ്; വിദേശകാര്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തില്‍ ജി7 രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട രണ്ട് ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യന്‍ സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

നാല് ദിവസത്തെ യോഗത്തിനായി തിങ്കളാഴ്ചയായിരുന്നു സംഘം ലണ്ടനിലെത്തിയത്. ലണ്ടന്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെങ്കിലും സംഘത്തിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യോഗം ഓണ്‍ലൈനായി സംഘടിപ്പിച്ചു.

തന്റെ എല്ലാ യോഗങ്ങളും ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചെന്ന് ജയ്ശങ്കര്‍ അറിയിച്ചു.

കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ജി 7 രാഷ്ട്രങ്ങള്‍ യോഗം സംഘടിപ്പിക്കുന്നത്. ജി 7 മന്ത്രിമാരുടെ ആദ്യയോഗവുമാണിത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക, ലണ്ടന്‍ എന്നിവരാണ് ജി 7 രാജ്യങ്ങള്‍. അംഗമല്ലാത്ത ഇന്ത്യ ക്ഷണിതാവ് എന്ന നിലയ്ക്കാണ് പങ്കെടുക്കുന്നത്.