‘യുപിക്ക് പുറത്തേക്ക് മാറ്റി താമസിപ്പിക്കണം’; ഹാത്രസ് കൂട്ടബലാത്സംഗത്തിന് രണ്ട് വർഷത്തിനിപ്പുറം പെണ്‍കുട്ടിയുടെ കുടുംബം

ഉത്തർപ്രദേശിന് പുറത്തേക്ക് തങ്ങളെ മാറ്റി പാർപ്പിക്കണമെന്ന് ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം. യുപി സർക്കാരിന് കീഴില്‍ എവിടെയും തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നും അവർ പറയുന്നു. ഹാത്രസ് കൂട്ടബലാത്സംഗത്തിന് രണ്ട് വർഷം പിന്നിടവെയാണ് ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബം ആവശ്യം ഉന്നയിച്ചത്.

ഹാത്രസില്‍ തുടരുന്ന പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണ് ജീവിക്കുന്നതെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ടുചെയ്യുന്നത്. ടാക്കൂര്‍-ബ്രാഹ്മണ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ ഇന്നും കേസിലെ പ്രതികള്‍ നിരപരാധികളാണെന്ന് വാദിക്കുന്നവരാണ് അധികവും. അവര്‍ക്കിടയില്‍ നിന്ന്, യുപിയില്‍ നിന്ന് തന്നെ തങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നാണ് ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

2020-ല്‍ നാല് ദളിത് കുടുംബങ്ങള്‍ താമസിച്ചിരുന്ന ഹാത്രസില്‍ ഇന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേത് അടക്കം രണ്ട് കുടുംബങ്ങളാണ് അവശേഷിക്കുന്നത്. മറ്റുള്ളവര്‍ ഗ്രാമം ഉപേക്ഷിച്ചുപോയി. ശേഷിക്കുന്നവരുടെ ജീവിതം ഭീതിയിലാണ്.

സിആര്‍പിഎഫിന്റെ സുരക്ഷാവലയത്തിലാണ് ഹാത്രസ് പെണ്‍കുട്ടിയുടെ വീട് ഇന്നുള്ളത്. വീട്ടില്‍ ആരെല്ലാം വരുന്നു, കുടുംബാംഗങ്ങളോട് സംസാരിക്കുന്നു എന്നെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ അവരുടെ ഇന്റര്‍വ്യൂ സാധ്യമാകൂ എന്നാണ് അഭിമുഖത്തിന് സമീപിച്ച ക്വിന്റിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച മറുപടി. വീടിനകത്ത് പ്രവേശിക്കാന്‍ എന്‍ട്രി ബുക്കില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തണം.

എന്നാല്‍ സിആര്‍പിഎഫിന്റെ സുരക്ഷയില്ലാതെ ഗ്രാമത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. സുരക്ഷ പിന്‍വലിച്ചാല്‍ തങ്ങളുടെ ജീവന് പോലും അപകടം സംഭവിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. 2020-ല്‍ പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ ഹാത്രസ് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ രാജീവ് ദിലെറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അനുകൂലിച്ച് ജാഥ നടത്തിയത്. ആര്‍എസ്എസ്, ബജ്‌റംഗ് ദള്‍, കര്‍ണി സേന പ്രവര്‍ത്തകരായിരുന്നു ജാഥക്കാര്‍. ഈ സംഭവമാണ് കുടുംബം ഉദാഹരണമായി കാണിക്കുന്നത്. ശക്തരായ രാഷ്ട്രീയ നേതൃത്വം തന്നെ പരസ്യമായി തന്നെ പ്രതികളെ അനുകൂലിക്കുമ്പോള്‍ തങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു ഉറപ്പും അവര്‍ കാണുന്നില്ല.

ഗ്രാമത്തിലുള്ളവരും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത് എന്നും ക്വിന്റ് ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയുടെ മരണശേഷവും നാട്ടുകാര്‍ ആരും തന്നെ തങ്ങളെ സന്ദര്‍ശിക്കുകയോ അനുശോചനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം പറയുന്നു. ആരോപണവിധേയര്‍ നിരപരാധികളാണെന്നും കേസില്‍ പരാമര്‍ശിക്കുന്ന ബലാത്സംഗം തന്നെ നടന്നിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. തൊട്ടുകൂടായ്മ അടക്കം നിലനില്‍ക്കുന്ന ഗ്രാമത്തിലെ ജാതീയതയാണ് നാട്ടുകാരെ പ്രതികള്‍ക്ക് ഒപ്പം നിര്‍ത്തുന്നത് എന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ആള്‍ക്കൂട്ടങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ വീടിന് പുറത്തേക്ക് സഞ്ചരിക്കാനോ ജോലിക്ക് പോകാനോ പോലും പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാര്‍ക്കും കഴിയുന്നില്ല. 25 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്നിങ്ങനെ ഒരു പിടി വാഗ്ദാനങ്ങള്‍ യുപി സര്‍ക്കാര്‍ നല്‍കിയിരുന്നു. അതില്‍ നഷ്ടപരിഹാരം മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. ആ പണമാണ് വീട്ടുചിലവിനും കേസ് നടത്തിപ്പിനുമായി ചിലവഴിച്ചുപോരുന്നത്. ഈ തുക അവസാനിച്ചാല്‍ ഉപജീവനത്തിന് എന്തുചെയ്യുമെന്ന് അവര്‍ക്ക് അറിയില്ല.

2022 ജൂലൈ 26 ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം അനുസരിച്ച് കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കണമെന്ന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു. ഒപ്പം ഹാത്രസിന് പുറത്തേക്ക് അവരെ മാറ്റിതാമസിപ്പിക്കണമെന്നും അറിയിച്ചു. എന്നാല്‍ ഹാത്രസില്‍ എന്നല്ല, യുപിയില്‍ നിന്ന് തന്നെ തങ്ങള്‍ സുരക്ഷിതരായിരിക്കില്ല എന്നാണ് പെണ്‍കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നത്. യുപിയില്‍ എല്ലായിടത്തും ഇതേ വിവേചനം നേരിടേണ്ടിവരും, ഇതേ സര്‍ക്കാരിന് കീഴില്‍, പ്രതികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനത്ത് നില്‍ക്കാന്‍ കഴിയില്ല എന്നവര്‍ പറയുന്നു. യുപിക്ക് പുറത്ത് മറ്റെവിടേക്ക് എങ്കിലും മാറ്റി താമസിപ്പിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

അതേസമയം, കേസിന്റെ വാദം ഇഴഞ്ഞുനീങ്ങുന്നതിലും കുടുംബത്തിന് ആശങ്കയുണ്ട്. കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റും എന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയ്ക്ക് നടന്നിരുന്ന വിചാരണ കൊവിഡ് കാലത്തോടെ മന്ദഗതിയിലായി. ഇപ്പോള്‍ 15 ദിവസം കൂടുമ്പോഴാണ് വിചാരണ നടക്കുന്നത് എന്നും അഭിഭാഷക സീമ കുശ്വാഹ ചൂണ്ടിക്കാട്ടി.

2020 സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹാസ്ത്രസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. 15 ദിവസങ്ങള്‍ക്ക് അപ്പുറം സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പോലും സമ്മതമില്ലാതെ അന്ന് രാത്രി തന്നെ യുപി പൊലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് മൃതദേഹം ദഹിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം സവര്‍ണ്ണ സമുദായമായ ടാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട നാലുപേരായിരുന്നു കേസിലെ പ്രതികള്‍. സംഭവം നടന്ന് രണ്ട് ആഴ്ചയോളം കഴിഞ്ഞാണ് പ്രതികള്‍ അറസ്റ്റുചെയ്യപ്പെട്ടത്. ഇതിനിടെ സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജെപിയുടെ നേതാക്കള്‍ പ്രതികളെ പരസ്യമായി പിന്തുണച്ച് എത്തി. രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ച കേസില്‍ എന്നാല്‍ രണ്ട് വര്‍ഷത്തിന് ഇപ്പുറവും അന്തിമവിധിയുണ്ടായിട്ടില്ല.