പാര്‍ട്ടി ഓഫീസിന് മുന്നില്‍ പട്ടിണിസമരം; 300 ബിജെപി പ്രവര്‍ത്തകരെ ഗംഗാജലം തളിച്ച് തൃണമൂലില്‍ തിരികെയെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട് പോയി ബിജെപിയില്‍ ചേര്‍ന്ന 300 ബിജെപി പ്രവര്‍ത്തകരെ ഗംഗാജലം തളിച്ച് ‘ശുദ്ധീകരിച്ച’ ശേഷം തിരികെയെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമബംഗാളിലെ ബിര്‍ഭമിലാണ് സംഭവം. തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയതിനൊടുവിലാണ് നാടകീയ സംഭവങ്ങള്‍. ബിജെപിയില്‍ പോയത് വലിയ അബദ്ധമായെന്ന് ധര്‍ണയിരുന്ന പ്രവര്‍ത്തകരിലൊരാളായ അശോക് മണ്ഡല്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് തൃണമൂലില്‍ തിരികെ പോകണം. ബിജെപിയില്‍ ചേര്‍ന്നത് ഞങ്ങളുടെ ഗ്രാമത്തിന്റെ വികസനത്തിന് തിരിച്ചടിയായി. ഒരു ഗുണവുണ്ടായില്ലെന്ന് മാത്രമല്ല ഒരുപാട് നഷ്ടങ്ങളും ഞങ്ങള്‍ക്കുണ്ടായി.

അശോക് മണ്ഡല്‍

ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. അവര്‍ ഞങ്ങളുടെ മനസില്‍ വിഷം കലര്‍ത്തിയെന്നും അശോക് മണ്ഡല്‍ കുറ്റപ്പെടുത്തി. രാവിലെ എട്ട് മണിക്ക് തുടങ്ങിയ ‘ഘര്‍ വാപസി’ ശുദ്ധീകരണ പരിപാടി 11 മണി വരെ നീണ്ടു. പ്രവര്‍ത്തകരിലെല്ലാവരുടേയും ദേഹത്ത് ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടിയിലേക്ക് തിരികെയെടുത്തത്.

സംഭവത്തോട് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. തങ്ങളുടെ പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ തിരിച്ചുകൊണ്ടുപോകാന്‍ തൃണമൂല്‍ നടത്തുന്ന നാടകമാണിതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ അക്രമങ്ങള്‍ ഉണ്ടായില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമാണ് തൃണമൂല്‍ നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ തൃണമൂലിലേക്ക് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കുണ്ടായിരുന്നു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ പോയ മുകുള്‍ റോയ് മമതയുടെ പാളയത്തില്‍ തിരിച്ചെത്തിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ജൂണ്‍ 11ന് മകന്‍ ശുഭ്രാന്‍ഷുവിനൊപ്പമായിരുന്നു മുകുള്‍ റോയിയുടെ മടങ്ങി വരവ്. ഊഷ്മളമായ വരവേല്‍പാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂലും മുകുള്‍ റോയിക്ക് നല്‍കിയത്.