കുപ്പിവെള്ളം വിറ്റ് അദാനിയെ തോല്‍പിച്ച് ഴോങ് ഷാന്‍ഷാന്‍; അദാനിയുടെ ആസ്തിയില്‍ ഒരു ലക്ഷം കോടിയുടെ ഇടിവ്, ഏഷ്യന്‍ ധനികരിലെ രണ്ടാം സ്ഥാനം നഷ്ടമായി

ഏഷ്യയിലെ ശതകോടീശ്വരന്‍മാരിലെ രണ്ടാം സ്ഥാനം പ്രമുഖ വ്യവസായി ഗൗതം അദാനിക്ക് നഷ്ടമായി. ബോട്ടില്‍ഡ് വാട്ടര്‍ വ്യാപാരത്തിലൂടെ വിപണി പിടിച്ച ചൈനീസ് ശതകോടീശ്വരന്‍ ഴോങ് ഷാന്‍ഷാനാണ് രണ്ടാം സ്ഥാനത്ത്. റിലയന്‍സ് ഉടമ മുകേഷ് അംബാനിയാണ് ഒന്നാമത്. ഇക്കഴിഞ്ഞ മെയ് മൂന്നാം വാരം രണ്ടാം സ്ഥാനത്തായിരുന്ന ഷാന്‍ഷാനിനെ മറികടന്ന് അദാനിയെത്തിയത് വാര്‍ത്തയായിരുന്നു.

കഴിഞ്ഞ മെയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം 63.6 ശതകോടി ഡോളറാണ് ഷാന്‍ഷാനിന്റെ ആസ്തി. ലോകത്തെ 14-ാമത്തെ സമ്പന്നനാണ് ഇദ്ദേഹം. സിനിമാക്കഥയെ വെല്ലുന്നതാണ് 66കാരനായ ഴോങ് ഷാന്‍ഷാന്റെ വളര്‍ച്ച. ബോട്ടില്‍ഡ് വാട്ടര്‍ കമ്പനിയായ നോങ്ഫുവിന്റെ ചെയര്‍മാനാകുന്നതിനും ബെയ്ജിങ് വാന്ദായ് ബയോളജിക്കല്‍ ഫാര്‍മസിയുടെ നിയന്ത്രണമേറ്റെടുക്കുന്നതിനും മുന്‍പ് ബ്ലൂ കോളര്‍ തൊഴിലാളിയായിരുന്നു ഷാന്‍ഷാന്‍. ആദ്യ കാലങ്ങളില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായും ആശാരിയായും പണിയെടുത്താണ് ഴോങ് ജീവിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. വെള്ളക്കുപ്പി വില്‍പന ക്ലിക്കായതോടെയാണ് ഴോങ്ങിന്റെ ബിസിനസ് സാമ്രാജ്യം വിപുലമാകുന്നതും ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനാകുന്നതും.

ഴോങ് ഷാന്‍ഷാന്‍

അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഗുജറാത്തി വ്യവസായിക്ക് കഷ്ടകാലം തുടങ്ങിയത്. വാര്‍ത്ത വന്ന് ആദ്യ മണിക്കൂറില്‍ മാത്രം കമ്പനികളുടെ ഓഹരിവിലയില്‍ 73,000 കോടി രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ നാല് ദിവസത്തിനിടെ അദാനിയുടെ ആസ്തിയില്‍ 1400 കോടി ഡോളറിന്റെ, അതായത് ഒരുലക്ഷം കോടിയോളം രൂപയുടെ കുറവുണ്ടായെന്ന് ബ്ലൂംബെര്‍ഗ് ബില്യനേയഴ്‌സ് ഇന്‍ഡ്ക്‌സ് ചൂണ്ടിക്കാണിക്കുന്നു.

നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡാണ് മൂന്ന് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ വരവിപ്പിച്ചത്. കള്ളപ്പണം നിരോധന നിയമ പ്രകാരം നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ആല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രസ്റ്റ് ഫണ്ട്, എപിഎംസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മൗറീഷ്യസിലെ പോര്‍ട്ട് ലൂയീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കമ്പനികള്‍ക്ക് വെബ്സൈറ്റുകളില്ല. മൂന്നിനും ഒരേ അഡ്രസാണുള്ളത്. ഇതിനേത്തുടര്‍ന്ന് 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു.

ഗൗതം അദാനി

കഴിഞ്ഞ മാസങ്ങളില്‍ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വലിയനേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ആറ് ലക്ഷത്തോളം കോടിയുടെ മൂല്യവര്‍ധനവ് അദാനിഗ്രൂപ്പ് നേടി. എന്നാല്‍, മൂന്ന് കമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിഫ്റ്റിയിലും സെന്‍സെക്സിലും അദാനി ഗ്രൂപ്പ് കൂപ്പുകുത്തി. വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ അദാനി എന്റര്‍പ്രൈസസ് 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി എന്റര്‍പ്രൈസസില്‍ 6.88 ശതമാനം, അദാനി ട്രാന്‍സ്മിഷനില്‍ 8.03 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92 ശതമാനം അദാനി ഗ്രീനില്‍ 3.58 ശതമാനം എന്നിങ്ങനെയാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികള്‍.

കമ്പനി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നാണ് ആദാനിയുടെ കമ്പനികളുടേയും എന്‍എസ്എല്‍ഡിയുടേയും പ്രതികരണം. അദാനി ഓഹരികള്‍ വലിയ രീതിയില്‍ സ്‌റ്റോക് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതാണ് ചാഞ്ചാട്ടത്തിന് കാരണമെന്ന് വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് അദാനിയുടെ ബിസിനസ് ശൃംഖല സാമ്രാജ്യമായി വളര്‍ന്നത്. 2020ല്‍ അദാനിയുടെ കമ്പനികളുടെ ഓഹരിവിലയില്‍ 500 ശതമാനം വര്‍ധനവുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്ന് അദാനിയുടെ ആസ്തി 8,000 കോടി ഡോളറില്‍ എത്തിയിരുന്നു.