ആലപ്പുഴ പുന്നപ്രയില്‍ ശ്വാസം കിട്ടാതെ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസ്ഥാന സെക്രട്ടറി എ എ റഹീം. രേഖയും അശ്വിന് കുഞ്ഞുമോനും അഭിമാനവും മാതൃകയുമാണെന്ന് റഹീം പറഞ്ഞു. ഇരുവരേയും വീഡിയോ കോള്‍ ചെയ്ത ശേഷമാണ് ഡിവൈഎഫ്ഐ നേതാവിന്റെ പ്രതികരണം.
നന്മകള്‍ക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവര്‍ രണ്ടുപേര്‍. അപരനോടുള്ള സ്നേഹം, കരുതല്‍ മറ്റെന്തിനേക്കാളും മഹത്തരമാണ്.
എ എ റഹീം
അനേകം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും അരവിന്ദും രേഖയും കൂടുതല്‍ ആവേശം പകരുകയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

പുന്നപ്ര വടക്കു പഞ്ചായത്ത് പോളിടെക്നിക് വനിതാ ഹോസ്റ്റല്‍ ഡൊമിസിലറി കെയര്‍ സെന്ററില്‍ നിന്ന് കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം വാര്‍ത്തയായിരുന്നു. ഡിസിസിയില്‍ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ‘സന്നദ്ധം’ പ്രവര്‍ത്തകരായ രേഖയും അശ്വിനും. കൊവിഡ് രോഗികളില്‍ ഒരാള്‍ ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞതോടെ ആംബുലന്‍സിന് വേണ്ടി വിളിച്ചു. എത്താന്‍ 10-15 മിനുട്ട് സമയമെടുക്കുമെന്ന് അറിഞ്ഞതോടെ രേഖയും അശ്വിനും പിപിഇ കിറ്റ് ധരിച്ച് രോഗിയെ ബൈക്കിന്റെ നടുവില്‍ ഇരുത്തി സമീപത്തുള്ള സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എ എ റഹീമിന്റെ പ്രതികരണം
അശ്വിന് കുഞ്ഞുമോന്, രേഖാ നിങ്ങള്‍ അഭിമാനമാണ്, മാതൃകയാണ്. ഇന്ന് രാവിലെമുതല്‍ വൈറലായ ചിത്രത്തിലെ രണ്ടുപേര്‍.ഇരുവരും ഡിവൈഎഫ്ഐ സഖാക്കള്‍. അല്പം മുന്‍പ് അവരോട് വീഡിയോ കോളില്‍ സംസാരിച്ചു, അഭിവാദ്യങ്ങള്‍ നേര്‍ന്നു.
സിഎഫ്എല്‍ടിസിയില്‍ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും. അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അല്പം ഗുരുതരമാണ് എന്ന് അറിയുന്നത്. ആംബുലന്‍സ് എത്താന്‍ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു. അതുവരെ കാത്തുനില്‍ക്കാതെ ബൈക്കില്‍ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.
റോഡപകടത്തില്‍പെട്ട് പിടയുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മടികാണിക്കുന്ന ആളുകളെ നമ്മള് കാണാറുണ്ട്.യഥാസമയം ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങള്‍ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്.നന്മയുടെ ഒരു കൈ നീണ്ടാല്‍ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങള്‍.
നന്മകള്‍ക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവര്‍ രണ്ടുപേര്‍. അപരനോടുള്ള സ്നേഹം,കരുതല്‍ മറ്റെന്തിനേക്കാളും മഹത്തരമാണ്. അനേകം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും അരവിന്ദും രേഖയും കൂടുതല്‍ ആവേശം പകരുന്നു. അശ്വിന് കുഞ്ഞുമോന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും, രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധം വോളന്റിയര്‍ സേനയില്‍ അംഗങ്ങളാണ്. ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍