‘ഒരു നല്ല മനസിന്റെ ഉടമ’; കണ്ണിറുക്കി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പന്‍ വിനോദ് ജോസ്

ബോളിവുഡ് നടി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പന്‍ വിനോദ് ജോസ്. ‘ഒരു നല്ല മനസിന്റെ ഉടമ’ എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ സണ്ണി ലിയോണിയെ ടാഗ് ചെയ്തുകൊണ്ട് ഷെയര്‍ ചെയ്ത ചിത്രത്തില്‍ മൂന്ന് കണ്ണിറുക്ക് സ്‌മൈലികളുമുണ്ട്. ‘മുഖത്തെ ആ ചിരി’ എന്ന റിമ കല്ലിങ്കലിന്റെ കമന്റിന് മൂന്ന് സ്‌മൈലികളാണ് ചെമ്പന്‍ വിനോദിന്റെ മറുപടി. ‘മച്ചാനേ, ഇത് പോരേ അളിയാ’ എന്ന് വിനയ് ഫോര്‍ട്ടും ‘മാഷ അള്ളാ ഹബീബി’ എന്ന് സംവിധായകന്‍ മുഹ്‌സിന്‍ പരാരിയും കമന്റ് ചെയ്തു. ‘ഓഹോ’ എന്നാണ് നടന്‍ ജിനു ജോസഫിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴില്‍ അധിക്ഷേപ കമന്റുകളെത്തിയിരുന്നു. ചെമ്പന്‍ വിനോദ് ഒരു പുഴക്ക് അഭിമുഖമായി പുറകില്‍ കൈ കെട്ടി നില്‍ക്കുന്നതായിരുന്നു ചിത്രം. നടന്റെ ഫിറ്റ്‌നസിനെ പ്രശംസിച്ച് ഏറെപ്പേര്‍ കമന്റ് ചെയ്‌തെങ്കിലും നടന്റെ ശരീരപ്രകൃതിയേയും നിറത്തേയും പരാമര്‍ശിച്ച് ബോഡിഷെയ്മിങ്ങ് പ്രതികരണങ്ങള്‍ വന്നുതുടങ്ങി. കമന്റ് ബോക്‌സില്‍ ഇതിനേച്ചൊല്ലി തര്‍ക്കങ്ങളും ആരംഭിച്ചു. പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം ചെമ്പന്‍ വിനോദ് ചിത്രം ഡിലീറ്റ് ചെയ്തു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴിയാണ് ചെമ്പന്‍ വിനോദിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമൊപ്പം ഭീമന്റെ വഴിയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് ചെമ്പന്‍ വിനോദ്. കുഞ്ചാക്കോ ബോബന്‍, ചിന്നു ചാന്ദ്‌നി, ജിനു ജോസഫ്, നിര്‍മല്‍ പാലാഴി എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.

ചെമ്പന്‍ വിനോദ് പ്രധാന കഥാപാത്രമായ ചുരുളി, അജഗജാന്തരം എന്നീ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ റോളിലാണ് നടന്‍ എത്തുന്നത്.