‘റേഷന്‍ കാര്‍ഡില്ലാത്ത, ബസില്‍ പോലും പ്രവേശനമില്ലാത്ത വലിയൊരു സമൂഹമുണ്ട് ഇപ്പോഴും’; ‘ജയ് ഭീം’ ഒരു ചോദ്യമാണെന്ന് സൂര്യ

‘ജയ് ഭീമി’ലൂടെ തുറന്നുകാട്ടപ്പെടുന്ന ജാതിയുടെ രാഷ്ട്രീയവും വിവേചനവും ഒരു ചോദ്യമായി അവശേഷിക്കുകയാണെന്ന് നടന്‍ സൂര്യ. ‘കാക്ക കാക്ക’, ‘സിംഗം’ ഫ്രാഞ്ചൈസ് സിനിമകളില്‍ പൊലീസ് വേഷമണിഞ്ഞ താന്‍ പൊലീസിനേയും ഭരണകൂടത്തേയും ശക്തമായി വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ കൂടി ചെയ്യാന്‍ തീരുമാനിച്ചത് ചില തിരിച്ചറിവുകളുടെ പുറത്താണെന്ന് സൂര്യ പറഞ്ഞു. ഫിലിംകംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സൂര്യയുടെ പ്രതികരണം.

നമ്മുടെ ചുറ്റും പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂര്യ ചൂണ്ടിക്കാട്ടി. ചുറ്റുമുള്ള പലതിനേക്കുറിച്ചും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ നമ്മളില്‍ കനത്ത പ്രഹരമേല്‍പിക്കും, ‘നിങ്ങളതില്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?’ എന്ന്. ജയ് ഭീം അത്തരത്തിലൊരു ചോദ്യമാണ്. തങ്ങള്‍ അതിന് മറുപടി നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സൂര്യ പറഞ്ഞു.

എന്റെ വീട്ടില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ഗ്രാമം. റേഷന്‍ കാര്‍ഡ് ഇല്ലാതെ, വൈദ്യുതിയില്ലാതെ, ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വലിയൊരു സമുദായം ഇപ്പോഴും ജീവിക്കുന്നു.

സൂര്യ

ചില സമയത്ത് ബസില്‍ പ്രവേശിക്കാന്‍ പോലും അവരെ അനുവദിക്കുന്നില്ലെന്ന് സൂര്യ ചൂണ്ടിക്കാട്ടി. അവരുടെ ഗ്രാമത്തില്‍ ചിലപ്പോള്‍ അവരെ കയറ്റില്ല. ചെരുപ്പിടാന്‍ അവരെ അനുവദിക്കുന്നില്ല. 80 വയസുള്ള ആളുകളെ പോലും ‘വാടാ’ ‘പോടീ’ എന്നാണ് വിളിക്കുന്നത്. തന്നേയും ചിത്രത്തിന്റെ സഹനിര്‍മ്മാതാവും ഭാര്യയുമായ ജ്യോതികയേയും യഥാര്‍ത്ഥ കഥകളും സംഭവങ്ങളുമാണ് ഇപ്പോള്‍ പ്രചോദിപ്പിക്കുന്നതെന്നും സൂര്യ പ്രതികരിച്ചു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വ്യത്യസ്ത തരം കൊണ്ടന്റുകള്‍ നിര്‍മ്മിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവസരമൊരുക്കിയെന്ന് സൂര്യ പറഞ്ഞു. ഞാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന അടുത്ത ചിത്രങ്ങള്‍ വമ്പന്‍ തിയേറ്റര്‍ റിലീസുകളാണ്. 800ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചാലേ ചെലവഴിച്ച സമയത്തിനും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം തിരിച്ചുകിട്ടൂ. പക്ഷെ, എല്ലാ ചിത്രങ്ങളും 1,000 അല്ലെങ്കില്‍ 1,500 തിയേറ്ററുകളില്‍ ഓടണമെന്നില്ല. പ്രത്യേക തരം ആസ്വാദകരെ മാത്രം ലക്ഷ്യമിട്ടുള്ള ഒരുപാട് കൊണ്ടന്റുകളുണ്ട്. വളരെ പ്രത്യേകതയുള്ള, മനസിനോട് അടുത്തുനില്‍ക്കുന്നവ. 200ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോള്‍ നമുക്ക് ഒന്നിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല. സ്ഥിരം ചേരുവകളായ പാട്ട്, ഡാന്‍സ് പോലുള്ള സംഗതികള്‍ അതിന് വേണമെന്നില്ല. ഒരു കഥ പറയാന്‍ അതിന്റെ കാതലായ ഇമോഷനിലേക്ക് പോകാനാകും. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉള്ളതുകൊണ്ടാണ് ജയ് ഭീം പോലുള്ള ചിത്രങ്ങള്‍ ചെയ്യാനായതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന ജയ് ഭീം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 1993ല്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലുണ്ടായ കസ്റ്റഡി മര്‍ദ്ദനത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേലാണ് ചിത്രം ഒരുക്കിയത്. കഴിഞ്ഞ ദിവസം സൂര്യയുടേയും ജ്യോതികയുടേയും നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ‘അഗരം ഫൗണ്ടേഷന്‍’ ഇരുള വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തത് വാര്‍ത്തയായിരുന്നു. സൂര്യ, ജ്യോതിക, ജസ്റ്റിസ് കെ ചന്ദ്രു, പഴന്‍ഗുഡി ഇരുളര്‍ ട്രസ്റ്റ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ചെക്ക് കൈമാറിയത്.

Also Read: ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നിറക്കിവിട്ട അശ്വിനിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍; നരിക്കുറവ, ഇരുള വിഭാഗക്കാര്‍ക്ക് പട്ടയവും സ്‌കൂളും ഉള്‍പ്പെടെ 4.53 കോടിയുടെ പദ്ധതി