നീതി കിട്ടുമെന്ന് അധഃസ്ഥിതര്‍ക്ക് പ്രതീക്ഷയുണ്ടാകണമെന്ന് ‘ജയ് ഭീമി’ലെ യഥാര്‍ത്ഥ ചന്ദ്രു; അദ്ദേഹത്തിന്റെ ജീവിതം സിനിമയെ വെല്ലുന്നതെന്ന് സൂര്യ

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജയ് ഭീം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 1993ല്‍ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുണ്ടായ കസ്റ്റഡി മര്‍ദ്ദനത്തെ ആസ്പദമാക്കി ടി.ജെ ജ്ഞാനവേലാണ് ചിത്രം ഒരുക്കിയത്. ജയ് ഭീമില്‍ ചന്ദ്രു എന്ന കഥാപാത്രത്തിലൂടെ സൂര്യ അവതരിപ്പിക്കുന്നത് മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ചെറുപ്പകാലമാണ്. സംവിധായകന്‍ ജ്ഞാനവേല്‍ സൂര്യക്ക് ജസ്റ്റിസ് ചന്ദ്രുവിന്റെ പുസ്തകം നല്‍കിയതാണ് സിനിമയുടെ നിര്‍മ്മാണത്തില്‍ വഴിത്തിരിവായത്. ജസ്റ്റിസ് ചന്ദ്രുവാകാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് സൂര്യ പറയുന്നു.

അദ്ദേഹം ഒരു ഹീറോയാണെന്ന് ഞാന്‍ വളരെ കഷ്ടപ്പെട്ട് ശ്രമിച്ച് സ്ഥാപിച്ചെടുക്കേണ്ടതില്ല. ഞാന്‍ എന്റെ ജീവിതം കൊണ്ട് എന്താണ് ചെയ്തതെന്നും അദ്ദേഹം എന്താണ് ചെയ്തതെന്നും നോക്കുക. അദ്ദേഹമാണ് വലിയ മനുഷ്യന്‍.

സൂര്യ

ചന്ദ്രു സാറിന്റെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അതിശയിപ്പിക്കുന്നതാണ്. പ്രതിഷേധ യോഗങ്ങളില്‍ അദ്ദേഹം പതിവായി എത്തുമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാവായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ചന്ദ്രു കൂടുതല്‍ തീഷ്ണതയുള്ള പ്രവര്‍ത്തകനായിരുന്നു. സിനിമയാക്കിയപ്പോള്‍ അത് വലിയ രീതിയില്‍ കുറച്ചുകാണിക്കുകയാണ് ചെയ്തത്. അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്തതിന്റെ പകുതി സ്‌ക്രീനില്‍ കാണിച്ചാല്‍ പോലും ഞാനത് ഒരു എഫ്ക്ടിന് വേണ്ടി ചെയ്തതാണെന്നേ എല്ലാവരും പറയൂ. വലിയ മാറ്റമുണ്ടാക്കിയ, മനോഹരമായി ചെറുത്ത് നില്‍പ് നടത്തിയ ഒരു മനുഷ്യനേക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ ഒരുപാട് പേരുടെ ജീവിതം മെച്ചപ്പെട്ടതാക്കി. ആരുടെയെങ്കിലും നല്ല പ്രവൃത്തികളേക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രചോദനമുണ്ടാക്കും. ഒരാളിലെങ്കിലും മാറ്റമുണ്ടാക്കാനായാല്‍ അതിന് വലിയ മൂല്യമുണ്ടെന്നും സൂര്യ ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകര്‍ ആയിരക്കണക്കിന് കേസുകള്‍ വാദിക്കുന്നുണ്ടെന്നും അവ നിയമപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുകയാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. എന്റെ ജീവിതത്തേക്കുറിച്ച് ഒരു സിനിമയെടുത്ത് എന്നേക്കുറിച്ച് സ്തുതിപാടുന്നതിന് പകരം ഇരുള സമൂഹത്തേക്കുറിച്ച് സിനിമ ചെയ്ത് അവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. കോടതിയില്‍ നിന്ന് ഒരു വിധി ലഭിക്കല്‍ എത്ര ശ്രമകരമാണെന്ന് മനസിലാക്കാന്‍ ജയ് ഭീം സഹായിക്കും. ഇന്ന് ഷാരൂഖ് ഖാന്റെ മകന് ജാമ്യം കിട്ടിയതാണ് പ്രമാദമായ ഒരു വിഷയം. ആ കേസ് വാദിച്ചതിന് എത്ര വലിയ തുകയാണ് അഭിഭാഷകര്‍ വാങ്ങിയിരിക്കുകയെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഒരു ഫീസ് പോലും കൊടുക്കാന്‍ പാങ്ങില്ലാത്തവര്‍ക്ക് വേണ്ടി എങ്ങനെയാണ് അഭിഭാഷകര്‍ പൊരുതുന്നതെന്ന് ഈ ചിത്രം കാണിച്ചുതരും. നീതി ന്യായ വ്യവസ്ഥയില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാകണം. തങ്ങള്‍ വിശ്വസിക്കുന്ന ഒരു ആശയത്തിന് വേണ്ടി പൊരുതാന്‍ യുവ അഭിഭാഷകര്‍ക്ക് ജയ് ഭീം പ്രതീക്ഷ നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കിയ ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഈ രാജ്യത്ത് ഭരണം നടത്തലായിരുന്നു. നമ്മള്‍ ഭരണമെന്ന് പറയുമ്പോള്‍ അവര്‍ ഉദ്ദേശിച്ചത് എതിര്‍പ്പുകളെ അടിച്ചമര്‍ത്തലാണ്. അവര്‍ അതിന് പൊലീസിനെ ഉപയോഗിച്ചു. ഇന്നും നമ്മള്‍ പിന്തുടരുന്നത് 1888ലെ നിയമമാണ്. ക്രമസമാധാന പാലനമാണ് അതിന്റെ ഒന്നാമത്തെ ലക്ഷ്യം. ബ്രിട്ടീഷുകാര്‍ അവരുടെ ആവശ്യത്തിന് വേണ്ടി നിയമങ്ങളെ ഉപയോഗിച്ചു. ഭരണഘടന നിലവില്‍ വന്നിട്ടുപോലും, അതേ പൊലീസിങ്ങ് സമ്പ്രദായമാണ് നമ്മള്‍ ഇപ്പോഴും പിന്തുടരുന്നത്. പൊലീസ് സേന നവീകരിക്കപ്പെടണം. അതാത് കാലങ്ങളില്‍ രാഷ്ട്രീയമായി അവര്‍ ഉപയോഗിക്കപ്പെടുന്നു. വലിയ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെ താങ്ങാന്‍ ശേഷിയില്ലാത്ത ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന ഒരു പ്രതീക്ഷയാണ് ഈ സിനിമ നല്‍കുന്നതെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.

സംവിധായകന്‍ ജ്ഞാനവേല്‍, സൂര്യ, ജസ്റ്റിസ് ചന്ദ്രു

സിനിമയില്‍ ചന്ദ്രുവിന്റെ കഥാപാത്രം കോടതി വരാന്തയില്‍ ജഡ്ജിമാര്‍ക്കെതിരെ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന രംഗത്തേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബന്ധപ്പെട്ട ഒരു കേസ് കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ തുടരുമ്പോള്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിഷേധിക്കാനാകുമെന്നാണ് സുപ്രീം കോടതി ചോദിക്കുന്നത്. കോടതിയില്‍ ഒരു കേസ് തീര്‍പ്പാകാതെ നില്‍ക്കുന്നുണ്ടെന്ന പേരില്‍ മാത്രം അതുമായി ബന്ധപ്പെട്ട സംഗതികളെല്ലാം നിശ്ചലമാകണമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. കോടതി വരാന്തയില്‍ നിന്ന് ജഡ്ജിമാര്‍ക്ക് ലഘുലേഖകള്‍ നല്‍കുന്നതും പ്ലക്കാര്‍ഡ് കാണിക്കുന്നതും തെറ്റല്ല. കോടതി ഹാളില്‍ കുറച്ച് അഭിഭാഷകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്ന പേരില്‍ മദ്രാസ് ഹൈക്കോടതി സിഐഎസ്എഫിനെ വെച്ച് കോട്ട പോലെയാക്കി. അത് ശരിയല്ല. ആരെങ്കിലും എന്റെ കോടതി മുറിയില്‍ ശബ്ദമുയര്‍ത്തിയാല്‍ കോടതിയലക്ഷ്യം നടപടി സ്വീകരിക്കുകയോ അയാളെ ജയിലിലേക്ക് വിടുകയോ ചെയ്യാന്‍ പാടില്ല. കോടതിയുടെ മഹത്വം പ്രകടിപ്പിക്കേണ്ടത് ഉഗ്രമായ വിധികളിലൂടെയാണ്, ഇത്തരം നിസ്സാരതകളിലൂടെയല്ല. നീതിക്ക് വേണ്ടിയുള്ള രണ്ട് പോരാട്ട മാര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാതെ, ഒരു അഭിഭാഷകന് ഒരേ സമയം തെരുവില്‍ പ്രതിഷേധിക്കാനും കോടതിയില്‍ പൊരുതാനും കഴിയുന്നതെങ്ങനെയെന്ന് സംവിധായകന്‍ ജ്ഞാനവേല്‍ ഭംഗിയായി അവതരിപ്പിച്ചെന്നും ജസ്റ്റിസ് ചന്ദ്രു കൂട്ടിച്ചേര്‍ത്തു.