കൊവിഡ്കാല ജീവിതം: അന്ത്യം പ്രവചിക്കാനാവാത്ത ഒരു ദീർഘ തിരക്കഥ

പകര്‍ച്ചവ്യാധിയുടെ കാലത്തെ ജീവിതം അനുദിനം എഴുതപ്പെടുന്ന തിരക്കഥയായി മാറിയിരിക്കുന്നു. പരിസമാപ്തി എഴുതപ്പെട്ടിട്ടില്ലാത്ത, ക്ലൈമാക്‌സ് ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരു തിരക്കഥ. ഈ സിനിമയിലെ ദൃശ്യശേഖരം അപ്രതീക്ഷിതവും ഭയാനകവും വേദനാജനകവും ആയ നിമിഷങ്ങളുടെ മൊണ്ടാഷുകളാല്‍ കൊരുത്തതാണ്. സിനിമ എന്ന മാധ്യമത്തിന്റെ ഉള്ളടക്കം എന്നും പ്രവചനാതീതമായിരുന്നു. സാഹിത്യകൃതികളോളം പ്രവചനീയമല്ല സിനിമയുടെ പ്രതിപാദ്യം. ഈ കൊവിഡ്കാല ജീവിതം അത്തരത്തില്‍ പ്രവചനീയമല്ലാത്ത ഒരു ദീര്‍ഘസിനിമയാണ്.

എല്ലാ സിനിമയിലും മനുഷ്യന്‍ തോല്‍പ്പിക്കാന്‍ കഴിയാത്തവന്‍ ആയിരുന്നു. സ്വന്തം ബുദ്ധിമണ്ഡലത്തെ അനുകരിച്ച് സൃഷ്ടിച്ച കമ്പ്യൂട്ടറുകള്‍ കറപ്റ്റും ക്രാഷും (corrupted files and crashed systems) ആവുന്ന പോലെ ഒരിക്കലെങ്കിലും തകര്‍ന്നടിയുന്ന ഒരു പ്രതിപാദ്യം മനുഷ്യന്‍ ഇന്നുവരെ വിഭാവനം ചെയ്യാന്‍ തുനിഞ്ഞില്ല. പക്ഷെ അങ്ങനെ ഒന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം അഥവാ മരണപ്രായം കുറയുകയാണ് ഇനിയുള്ള ഘട്ടം.

മനുഷ്യന്‍ പരിക്ഷീണനായി കാണപ്പെടുന്ന തിരക്കഥകള്‍ സമൂഹം സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നോര്‍ക്കണം. നെബ്രസ്‌ക സര്‍വകലാശാലയിലെ ചലച്ചിത്രപഠനങ്ങളുടെ എമിരിറ്റസ് പ്രൊഫസർ വീലര്‍ വിന്‍സ്റ്റണ്‍ ഡിക്‌സന്‍ ‘Twenty First Century: Cinema in The Age of Covid 19’ എന്ന പ്രബന്ധത്തില്‍ അത്തരം മുന്തിയ തിരക്കഥകളെക്കുറിച്ച് നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. അദ്ദേഹം എഴുതുന്നു, ‘പെട്ടെന്ന് എവിടുന്നെന്നില്ലാതെ ചികില്‍സയില്ലാത്ത നിഗൂഢമായ ഒരു പ്‌ളേഗ് പ്രത്യക്ഷപ്പെട്ട് ഭൂമിയെ പൊളിച്ചടുക്കുന്നു’. (കൊള്ളാം, ഇവിടെ ഉപയോഗിക്കാന്‍ പറ്റിയ നല്ല വാക്ക്). നമ്മളില്‍ പലരും കണ്ട ചിത്രങ്ങള്‍ തന്നെ. അവയില്‍ പ്രസിദ്ധമായ ഒന്ന് 1300 ലെ കറുത്ത പ്‌ളേഗിന്റെ സംഹാരത്തെ വിഷയമാക്കിയ, ഇംഗ്മര്‍ ബെര്‍ഗ്മാന്റെ 1957 ല്‍ പുറത്തുവന്ന ‘ദ സെവന്‍ത് സീല്‍’ ആണ്. മരണവുമായി ചതുരംഗം കളിക്കുന്ന പോരാളി ആ സമയം ദൈവം, വിശ്വാസം, ജീവിതം, മരണം എന്നിവയെ പറ്റി പരിചിന്തനങ്ങള്‍ നടത്തുന്നു.

ദ സെവന്‍ത് സീല്‍ എന്ന സിനിമയിൽ നിന്നും.

അത്തരം ക്ലാസിക് സ്വഭാവം പുലര്‍ത്താത്ത സ്റ്റെവന്‍ സൊദെര്‍ബെര്‍ഗിന്റെ ‘Contagion’ (2011) പലരാജ്യങ്ങളിലും വ്യാപകമായുണ്ടായ 2002 ലെ സാര്‍സ്, 2009 ലെ പന്നിജ്വരം എന്നിവയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത, സാങ്കേതികമായി സങ്കീര്‍ണ്ണമായ ഹൈപ്പര്‍ ലിങ്ക് സിനിമയായിരുന്നു. (ഒരേ സമയം പല ഇടങ്ങളിലായി നടക്കുന്ന പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്ന് തോന്നാത്ത വിഭിന്ന സംഭവങ്ങള്‍ ദ്രുതഗതിയില്‍ കോര്‍ത്തുവെച്ച ശാഖോപശാഖകളായി പന്തലിക്കുന്ന വന്‍വൃക്ഷം പോലെ പരന്നു നിവരുന്ന മള്‍ട്ടി ലീനിയര്‍ സങ്കേതം). ഉദാഹരണത്തിന് കുറച്ചു ഷോട്ടുകള്‍ പറയാം.

 1. ഹോങ്കോങ്ങില്‍ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തുന്ന ബെഥ് എംഹോഫ് സിഗററ്റ് വലിച്ച് കൊണ്ട് ചിക്കാഗോയിലെ റെസ്റ്റോറന്റില്‍ ഇരിക്കുന്നു. ബെഥ് ചുമയ്ക്കുന്നു. നമ്മള്‍ വിചാരിക്കുന്നു പുക വലിച്ച് ശ്വാസം മുട്ടിയാണ് ചുമ എന്ന്.
 2. സ്റ്റേഷന്‍ അടുക്കുമ്പോള്‍ മെട്രോയിലെ കൈപ്പിടികളില്‍ കാമറ ക്ലോസ് അപ്പ് ചെയ്യുന്നു, ഒരു കൈ അതില്‍ തൊട്ടു നീങ്ങുന്നു.
 3. ബെഥ് അടുത്ത ദിവസം പൊടുന്നനെ മരിക്കുന്നു.
 4. വീട്ടില്‍ വളര്‍ത്തുമകന് അതേ അന്ത്യം.
 5. അറ്റ്‌ലാന്റയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പില്‍ നടക്കുന്ന യോഗത്തില്‍ ബെഥ് ആ യാത്രക്കിടയില്‍ നിരവധിപേരെ കണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
 6. മിനിയപോളിസില്‍ എപിഡെമിക് ഇന്റലിജെന്‍സ് സര്‍വീസ് ഓഫീസര്‍ ഡോ. എറിന്‍ മെയെര്‍സിന്റെ മരണം.
 7. രോഗപ്രതിരോധ ഗവേഷണകേന്ദ്രത്തില്‍ പന്നി, വവ്വാല്‍ എന്നിവകളില്‍ കാണുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നു.
 8. നിരവധി നഗരങ്ങള്‍ കൂട്ടക്വാറന്റൈനില്‍… ഇവ ചലച്ചിത്രത്തില്‍ നിരത്തുന്ന രീതി കാണാവൈറസിന്റെ വ്യാപനം അനുഭവപ്പെടുത്തുന്നു.
 9. അതേ സമയം സോഷ്യല്‍ മീഡിയ അതിന്റെ കുല്‍സിത പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ബ്ലോഗ് എഴുത്തുകാരന്‍ അലന്‍ ക്രുംവീഡ് തന്നെ ബാധിച്ച വൈറസ് ഹോമിയോപതി മരുന്നു കൊണ്ട് മാറ്റി എന്നും സ്റ്റേറ്റ് ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിക്കുന്നു.
 10. ജന്മദിനത്തില്‍ നല്‍കുന്ന സമ്മാനം പോലെ നറുക്കെടുത്ത് ആണ് വാക്‌സിനേഷന്‍! ഈ ഘട്ടത്തില്‍ ചിത്രത്തില്‍ മരണം രണ്ടരകോടി! ലോകമാകെ 260 കോടിയും.
കണ്ടെജിയൺ സിനിമയില്‍ മൃതദേഹം കൂട്ടിയിട്ട് സംസ്‌കരിക്കുന്ന ദൃശ്യം

പാശ്ചാത്യരാജ്യങ്ങളിലെ ഒരു സവിശേഷത ഗവര്‍മെന്റിന്റെ എല്ലാ വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഒരേ സമയം പെട്ടെന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നതാണ്. സാമാന്യമായി പറഞ്ഞാല്‍ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും താരതമ്യേന സൂക്ഷ്മമായി വാര്‍ത്തകള്‍ തയ്യാറാക്കുന്നു. (തൊട്ടിലില്‍ കിടക്കുന്ന പ്രായക്കാരായ കുട്ടികള്‍ എഴുന്നേറ്റുവന്ന് വാര്‍ത്ത തയ്യാറാക്കുകയും വായിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് അവിടെങ്ങുമില്ല! ബിബിസിയിലെ വാര്‍ത്താവതാരകന്റെ ശരാശരി പ്രായം 40 ആയിരിക്കും, ചെറുപ്രായക്കാര്‍ വര്‍ഷങ്ങള്‍ പണിയെടുത്തു തെളിയിച്ചുവേണം ന്യൂസ് റൂമില്‍ എത്താന്‍).

ഇനി പറയാന്‍ ഉദ്ദേശിക്കുന്നത് വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ എഴുത്തുകാരെ കുറിച്ചാണ്. അവര്‍ ഭൂരിഭാഗവും സര്‍വകലാശാല അധ്യാപകര്‍ തന്നെ ആണ്. ബ്യൂറോക്രാറ്റുകളും നയരൂപീകരണ വിദഗ്ധരും ഒട്ടും കുറവല്ല. പത്ര എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തകപരിശീലകര്‍ വേറെയും. അവര്‍ ഈ കൊവിഡ് കാലത്ത് എഴുതിയ ആധികാരിക പ്രബന്ധങ്ങളും പുസ്തകങ്ങളും തള്ളികളായാവുന്നവയല്ല. പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍. കുറച്ചൊക്കെ വായിച്ചുവെങ്കിലും വായിക്കാന്‍ കഴിയാത്ത വിധം ബാഹുല്യമേറിയതാണ് അവ. നമ്മുടെ രാജ്യത്ത് പഠനാര്‍ഹമായ പുസ്തകങ്ങള്‍ എത്ര പുറത്തിറങ്ങി എന്ന് ഞാന്‍ അന്വേഷിക്കുകയുണ്ടായി. പത്രങ്ങളിലും സമകാലിക പ്രസിദ്ധീകരണങ്ങളിലും നമ്മുടെ പരിമിതികള്‍ വെച്ചുകൊണ്ടു നോക്കിയാല്‍ സാമാന്യം തരക്കേടില്ലാത്ത നിലവാരമുള്ള ലേഖനങ്ങള്‍ വന്നു എന്നത് ശരിതന്നെ. എന്നാല്‍ ഗവേഷണമൂല്യമുള്ളവ കണ്ടുകിട്ടാന്‍ പ്രയാസമാണ്. നുണുങ്ങുകള്‍ക്കും (ടിപ്‌സ്) കമ്പൈലേഷനുകള്‍ക്കും അപ്പുറം ഒന്നുമില്ല. ചില ഇന്ത്യന്‍ എഴുത്തുകാരുടെ ഇംഗ്‌ളീഷിലുള്ള പുസ്തകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അഭിമാനിക്കാന്‍ നമുക്കൊന്നുമില്ല. മലയാളത്തിൽ ഒരു പുസ്തകം (മഹാമാരികൾ: ശാസ്ത്രം, ചരിത്രം, അതിജീവനം) ഡോ. ബി. ഇക്ബാല്‍ തയ്യാറാക്കി വരുന്നുണ്ട് എന്ന് വായിച്ചു.

വാസ്തവത്തില്‍ പുസ്തകപ്രസിദ്ധീകരണം നിലച്ചുപോകുകയാണ് ഉണ്ടായത്. വിദേശരാജ്യങ്ങളില്‍ പുസ്തകങ്ങള്‍ നിലച്ചില്ല. അമസോണ്‍ വഴി ഇന്ത്യയിലെത്തിയ പുസ്തകങ്ങള്‍ ചിലതു നോക്കുക:

 1. Post Corona by Scott Galloway.
 2. CoviD 19.
 3. The Truth About Covid 19.
 4. Covid 19 – The Great Resist.
 5. The Pandemic Never Should Have Happened by Debora Mackenzie.
 6. Unreported Truths about Covid and Lockdowns – Alex Berenson.
 7. The Covid 19 Catastrophe – Richad Hurton.
 8. Covid – 19 The Greatest Cover Up in History by Dylan Howard and Dominc Utton
 9. The Pandemic Century by Chinmay Tumbe
 10. The Rules of Contagion by Aam Kucharsk

തിരക്കഥാകൃത്തുക്കളുടെ സൃഷ്ടികള്‍ സമാന രീതിയില്‍ വിപുലമാണ്. ലോകാരോഗ്യസംഘടന മാനവസമൂഹത്തിന്റെ അരോഗ്യം സംബന്ധിച്ച പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങളുടെ മേളയിലേക്ക് ചിത്രങ്ങള്‍ ക്ഷണിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 110 രാജ്യങ്ങളില്‍ നിന്ന് 1175 എണ്ണമാണ് ലഭിച്ചത്. ഇവയില്‍ 40 ശതമാനം ചിത്രങ്ങള്‍ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു. മെയ് മാസത്തില്‍ പ്രഖ്യാപിക്കുന്ന മൂന്നു ഗ്രാന്‍ഡ് പ്രീ അവാര്‍ഡുകള്‍ ഇവയെ കാത്തിരിക്കുന്നു.

പുസ്തകങ്ങളും സിനിമകളും വഴികാട്ടികളാണ്. അവ നമുക്കു വേണ്ടി ചിന്തിക്കുന്നു. പ്രശസ്ത നാച്വറലിസ്റ്റും പബ്ലിക് ബ്രോഡ്കാസ്റ്ററുമായ ഡേവിഡ് ആറ്റന്‍ ബറോയുടെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ബിബിസി ഡോക്യുമെറ്ററിയെ (Extinction: The Facts) കുറിച്ചുള്ള കുറിപ്പ് എഴുതി ഇത് അവസാനിപ്പിക്കാം. ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയെ കുറിച്ചും മനുഷ്യകുലത്തിന്റെ ഭാവിയെ കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ ചിത്രം. ആ ചിത്രത്തിന്റെ ചുരുക്കരൂപത്തിന്റെ ലിങ്ക് ഇവിടെ നല്കുന്നു.

അദ്ദേഹം ഇതിലൂടെ നല്കുന്ന ഒരു മുന്നറിയിപ്പുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അതിങ്ങനെ ആണ്. ‘ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നത് മനുഷ്യന്റെ നശീകരണപ്രവണതയില്‍ അധിഷ്ഠിതമായ പ്രകൃതിയുമായുള്ള ബന്ധം ഇനിയും വിനാശകരമായ മഹാമാരികളുടെ ദുരിതങ്ങളിലേക്ക് നമ്മളെ തള്ളിയിടുന്നതാണ്. വര്‍ഷത്തില്‍ ചുരുങ്ങിയത് അഞ്ചുതരം പകര്‍ച്ച വ്യാധികള്‍ ആവിര്‍ഭവിക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ട്, കാരണക്കാരന്‍ മനുഷ്യന്‍ തന്നെ.

ഡേവിഡ് ആറ്റന്‍ ബറോ

നമ്മള്‍ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറിക്കഴിഞ്ഞു. നമ്മുടെ ശരീരത്തിലെന്ന പോലെ ജീവികളുടെ ഉള്ളിലും നിരവധി വൈറസുകള്‍ ഉണ്ട്. അവ മനുഷ്യനിലേക്കു ചാടിക്കടന്നുകഴിഞ്ഞു. ജീവജാലങ്ങളെ നമ്മള്‍ നാഗരിക ചുറ്റുപാടുകളിലേക്ക് കൊണ്ടുവന്നു. ചൈനയിലെ യുനാന്‍ പോലെ ലക്ഷക്കണക്കിന് ജീവികളുടെ ആവാസസ്ഥാനങ്ങളിലേക്ക് മനുഷ്യന്‍ വികാസത്തിലേക്കെന്നു കരുതി നിര്‍മ്മിച്ച പാതകള്‍ നാശത്തിലേക്ക് വഴിമാറിയിരിക്കുന്നു. വൈറസുകളുടെ പാലങ്ങളാണ് വാസ്തവത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. ലോകസമ്പദ് വ്യവസ്ഥയെ ഇനി പഴയ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മനുഷ്യന് ആവില്ല. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിക്കുന്നതില്‍ തെറ്റുപറ്റിയവനായി.