ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ എ വിജയരാഘവന്‍; ‘നോം ചോംസ്‌കി നിരീക്ഷിച്ചതുപോലെ’

കൊച്ചി: തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. യുഡിഎഫിനും ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്. തിരകേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയില്‍ വലിയ ഇടിവുണ്ടായെന്നും വിജയരാഘവന്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപി ബഹിഷ്‌കരണാഹ്വാനം നടത്തിയതിന് പിന്നാലെയാണ് വിജയരാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പില്‍ എ വിജയരാഘവന്‍ പറയുന്നതിങ്ങനെ,

നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരിശോധിക്കുമെന്ന് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പറയുന്നതുപോലെ നടക്കുമോ എന്നതു മറ്റൊരു കാര്യം. തെരഞ്ഞെടുപ്പില്‍ വിജയം നേടിയവരും ഫലം വിലയിരുത്തും. പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തും. കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.

എന്നാല്‍, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. വാസ്തവത്തില്‍, നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വേഷ രാഷ്ട്രീയം തീവ്രമായി ഉയര്‍ത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയില്‍ വലിയ ഇടിവുണ്ടായി. ഇടതുപക്ഷ സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ അവര്‍ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തത്? ഞങ്ങള്‍ ഈ നാട്ടുകാരേ അല്ല എന്ന മട്ടില്‍ ഇരിക്കാന്‍ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവര്‍ക്ക് കഴിയുമോ?

Read More: ‘പേടിയുള്ളവരാണ് സ്ത്രീകള്‍ക്ക് ഇടം നിഷേധിക്കുന്നത്, സ്ത്രീകളെ അംഗീകരിക്കുന്നതാണ് ആണത്തം’; കുഞ്ചാക്കോ ബോബന്‍ അഭിമുഖം

ശരിയാണ്, കേരളത്തില്‍ ഇടതുപക്ഷഭരണം ഇല്ലാതാക്കാന്‍ വലതുപക്ഷ-പിന്തിരിപ്പന്‍ ശക്തികളോടൊപ്പം മാധ്യമങ്ങള്‍ അണിനിരക്കുന്നത് പുതിയ കാര്യമല്ല. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലതുപക്ഷവും ജാതി-മത ശക്തികളും ഒന്നിച്ചപ്പോള്‍ അതിനുമുമ്പില്‍ മുഖ്യധാരാ മാധ്യമങ്ങളും ഉണ്ടായിരുന്നു. 1970-1980 കാലത്തെ സിപിഐ എം വിരുദ്ധ മുന്നണിക്ക് ഊര്‍ജം നല്‍കിയതും വലതുപക്ഷ മാധ്യമങ്ങളാണ്. എന്നാല്‍, ഇതിനെയെല്ലാം അതിജീവിച്ച് കേരളത്തില്‍ ഇടതുപക്ഷ വിജയങ്ങളുണ്ടായി. ഓരോ ഇടതുപക്ഷ സര്‍ക്കാര്‍ വരുമ്പോഴും തുടര്‍ഭരണം അസാധ്യമാക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.

എന്നാല്‍, ഇത്തവണ അവര്‍ പരാജയപ്പെട്ടു, ദയനീയമായി തന്നെ.
കഴിഞ്ഞ നാലഞ്ചുവര്‍ഷമായി വലതുപക്ഷ മാധ്യമങ്ങള്‍ എന്തൊക്കെയാണ് ഇവിടെ ചെയ്തുകൂട്ടിയത്. സര്‍ക്കാര്‍ വിരുദ്ധ അന്തരീക്ഷം രൂപപ്പെടുത്താന്‍ അവര്‍ നിരന്തരമായും സംഘടിതമായും ശ്രമിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും യുഡിഎഫിന്റെ രാഷ്ട്രീയ അജന്‍ഡ നിര്‍ണയിച്ചുകൊടുത്തത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുമായി ആലോചിക്കാതെ താന്‍ ഒരു തീരുമാനവും എടുക്കാറില്ലെന്ന് ഒരു ഘട്ടത്തില്‍ ടിവി ക്യാമറകള്‍ക്കു മുമ്പില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞുപോയത് ആരും മറന്നിട്ടില്ല. സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും നടത്തിയ ഗൂഢാലോചനകളില്‍ എല്ലാ നിയന്ത്രണവും വിട്ട് വലതുപക്ഷ മാധ്യമങ്ങള്‍ പങ്കാളികളാകുന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ കണ്ടത്.

സമാനതകളില്ലാത്ത വികസനമാണ് പശ്ചാത്തല സൗകര്യ മേഖലയിലും വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലുമടക്കം അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായത്. രണ്ടേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയ ‘ലൈഫ്’ പദ്ധതി രാജ്യത്തിനാകെ മാതൃകയായി. വര്‍ഗീയ ലഹളകളോ സംഘര്‍ഷങ്ങളോ ഇല്ലാതെ ജനങ്ങള്‍ക്ക് സമാധാനവും സൈ്വര ജീവിതവും ഉറപ്പാക്കി. ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെയെല്ലാം ചങ്കുറപ്പോടെ നേരിട്ടു. ദുരന്തകാലത്ത് ജനങ്ങളുടെ സംരക്ഷകനായി സര്‍ക്കാര്‍ നിലകൊണ്ടു. ഇതിനെയെല്ലാം ഇകഴ്ത്തിക്കാണിക്കാനോ താറടിക്കാനോ ആണ് വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിച്ചത്. ജനാധിപത്യത്തിന്റെയും പൊതുജനതാല്‍പ്പര്യത്തിന്റെയും കാവല്‍ക്കാരാകേണ്ട മാധ്യമങ്ങള്‍, ജനങ്ങള്‍ക്കൊപ്പംനിന്ന സര്‍ക്കാരിനെതിരെ അപവാദത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു.

Read More: ‘ഞാന്‍ കൂറ് മാറാത്തവനാണ്’; എന്ത് തടസമുണ്ടായാലും മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍

സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചപ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ മാധ്യമങ്ങള്‍ സര്‍വശക്തിയും ഉപയോഗിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നെറികെട്ട വ്യക്തിഹത്യയിലേക്ക് മാധ്യമപ്രചാരണം തിരിഞ്ഞു. കേന്ദ്ര ഏജന്‍സികളെ ബിജെപി രംഗത്തിറക്കിയപ്പോള്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കി. കേന്ദ്ര ഏജന്‍സികളും യുഡിഎഫ്-ബിജെപി നേതൃത്വവും മാധ്യമങ്ങളും അതിശയിപ്പിക്കുന്ന പരസ്പര ധാരണയോടെയാണ് പ്രവര്‍ത്തിച്ചത്. കേരളത്തിലെ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കാനും സര്‍ക്കാരിനെ വരിഞ്ഞുമുറുക്കാനും കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിച്ചപ്പോള്‍ അതിനെ ശക്തമായി ചെറുക്കുകയായിരുന്നു ജനാധിപത്യത്തോട് കൂറുണ്ടായിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെ നാം കണ്ടത് മറുചേരിയിലാണ്.

വിദേശത്തുനിന്ന് സ്വര്‍ണം ഇവിടേക്ക് അയച്ചവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കാത്തതിനെപ്പറ്റി മാധ്യമങ്ങള്‍ക്ക് ഒരു ചോദ്യവും ഉണ്ടായിരുന്നില്ല. നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്ത് അങ്ങനെയല്ല എന്ന് വരുത്താന്‍ ഒരു കേന്ദ്ര സഹമന്ത്രി നിരന്തരം ശ്രമിച്ചപ്പോള്‍ അതിന് പിന്നിലെ ഗൂഢതാല്‍പ്പര്യം പുറത്തുകൊണ്ടുവരാന്‍ ഈ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. പ്രതികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഭരണാധികാരികള്‍ക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചപ്പോള്‍ അതിനും മാധ്യമങ്ങള്‍ കൂട്ടുനിന്നു. ഇതിന്റെയൊക്കെ പിറകിലെ നിക്ഷിപ്തതാല്‍പ്പര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നത് ജനാധിപത്യത്തിന്റെ വിജയമാണ്.

ഈ ഘട്ടത്തില്‍ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. സര്‍ക്കാരിനെതിരെ ഗൗരവമായ വിമര്‍ശനങ്ങള്‍ വന്നപ്പോഴെല്ലാം തുറന്ന മനസ്സോടെ അതു പരിശോധിക്കാനും വീഴ്ചകള്‍ ഉണ്ടെങ്കില്‍ തിരുത്താനും ഭരണനേതൃത്വം സന്നദ്ധമായിരുന്നു. തെറ്റുചെയ്ത ഒരാളെയും സംരക്ഷിക്കാനോ ന്യായീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍, വിമര്‍ശനവും അപവാദപ്രചാരണവും രണ്ടാണ്.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലെ രഹസ്യബാന്ധവം വോട്ടെണ്ണിയപ്പോള്‍ കൂടുതല്‍ തെളിഞ്ഞു. എന്നാല്‍, അതെല്ലാം മൂടിവയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ജമാഅത്തെ ഇസ്ലാമിയെന്ന തീവ്ര വര്‍ഗീയ പ്രസ്ഥാനവുമായി പരസ്യമായും ബിജെപിയുമായി രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കിയ മുസ്ലിംലീഗിനെ സിപിഐ എം വിമര്‍ശിച്ചപ്പോള്‍, അതു മുസ്ലിങ്ങള്‍ക്കെതിരാണെന്ന് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ വല്ലാതെ പാടുപെട്ടു. ഇതിനൊരു ലക്ഷ്യമുണ്ടായിരുന്നു. യുഡിഎഫിന് അനുകൂലമായി മുസ്ലിങ്ങളുടെ ഏകീകരണമുണ്ടാക്കുക. അത്തരം കെണിയിലൊന്നും ജനങ്ങള്‍ വീഴില്ലെന്ന് മാധ്യമങ്ങള്‍ കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.

ശബരിമല വിഷയം കുത്തിപ്പൊക്കി ചര്‍ച്ചയാക്കാന്‍ യുഡിഎഫിനെക്കാളും ബിജെപിയെക്കാളും ആവേശം കാണിച്ചത് മാധ്യമങ്ങളായിരുന്നു. വോട്ടുപിടിക്കാന്‍ മതവിശ്വാസം ആയുധമാക്കുന്നത് ഭരണഘടനാതത്വങ്ങള്‍ക്കും ജനപ്രാതിനിധ്യനിയമത്തിനും എതിരാണ്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമ്പോഴാണ് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാകുന്നത്. ഇവിടെ സംഭവിച്ചത് നേര്‍വിപരീതം.
തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളുടെ വാര്‍ത്തകളും വിശകലനങ്ങളും സര്‍വേകളും ശ്രദ്ധിച്ചവര്‍ക്ക് ഒരു കാര്യം ബോധ്യമാണ്. ജനകീയ പ്രശ്‌നങ്ങളെ പിറകോട്ട് തള്ളിമാറ്റി എല്ലാം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ അവര്‍ പരിശ്രമിച്ചു. ജാതി-മത സമവാക്യങ്ങള്‍ വരച്ചുണ്ടാക്കി അതിനകത്ത് വോട്ടര്‍മാരെ പിടിച്ചിട്ടിട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അവര്‍ പ്രചരിപ്പിച്ചത്. വോട്ടര്‍മാരെ മനുഷ്യരായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

കേരളത്തില്‍, ബിജെപിയുടെ സ്വാധീനം എന്താണെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കുപോലും അറിയാം. വോട്ടെണ്ണിയപ്പോള്‍ അതു കൂടുതല്‍ വ്യക്തമായി. 12.4 ശതമാനം വോട്ട്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിക്കാവുന്ന മൂന്നാംശക്തിയായി ബിജെപി ഇവിടെ വളര്‍ന്നിരിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇവരുടെ പ്രചാരണത്തില്‍ സത്യസന്ധതയ്ക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.
ബിജെപിക്ക് പത്രങ്ങള്‍ നല്‍കിയ സ്ഥലവും ടിവിചാനലുകള്‍ അനുവദിച്ച സമയവും പരിശോധിക്കുന്നതു മാധ്യമങ്ങളുടെ തനിനിറം ശരിക്ക് മനസ്സിലാക്കാന്‍ സഹായിക്കും. എല്‍ഡിഎഫിന് നല്‍കിയതിന് തുല്യമോ അതില്‍ കൂടുതലോ സമയവും സ്ഥലവും ബിജെപിക്ക് നല്‍കി. മുപ്പത് സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് കേന്ദ്ര ഭരണകക്ഷി അവകാശപ്പെട്ടപ്പോള്‍ അതിന്റെ യുക്തി ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. ബിജെപിയോട് അവര്‍ക്കുള്ള കരുതല്‍ അത്രയ്ക്കുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വിനാശകരമായ വര്‍ഗീയ അജന്‍ഡകളെയോ ഫാസിസ്റ്റ് പ്രവണതകളെയോ കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളെയോ എതിര്‍ക്കാന്‍ ഇവര്‍ക്ക് നാവുപൊങ്ങുന്നില്ല. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഇതാണ് സ്ഥിതി.
നുണയും അപവാദവും പ്രചരിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ ഒരളവുവരെ വിജയിക്കാറുള്ള വലതുപക്ഷ മാധ്യമങ്ങള്‍ ഇത്തവണ അതില്‍ അമ്പേ പരാജയപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോള്‍ പ്രാഥമികമായി കണ്ടെത്താന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

ഒന്ന്: ജീവിതാനുഭവങ്ങളിലൂടെ ജനങ്ങള്‍ സ്വയം രൂപീകരിക്കുന്ന അവബോധത്തെ മാധ്യമങ്ങളുടെ നുണപ്രചാരണംകൊണ്ട് മാറ്റിമറിക്കാന്‍ കഴിയില്ല.

രണ്ട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ തീര്‍ത്തപ്രതിരോധം. ഓരോ നുണയും പൊളിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപ്പപ്പോള്‍ സത്യം ഉയര്‍ന്നുവന്നു.

മൂന്ന്: ഇടതുപക്ഷമാധ്യമങ്ങള്‍, വിശേഷിച്ച് ദേശാഭിമാനിയും കൈരളിയും വലതുപക്ഷ മാധ്യമ ആക്രമണം ചെറുക്കുന്നതില്‍ വഹിച്ച പ്രശംസനീയമായ പങ്ക്, വലതുപക്ഷ മാധ്യമങ്ങളേക്കാള്‍ നൂറിരട്ടി സത്യസന്ധതയും ജനാധിപത്യ മര്യാദകളും ഇടതുപക്ഷ മാധ്യമങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

നാല്: കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും കേരളത്തിന്റെ താല്‍പ്പര്യത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും വേണ്ടി രംഗത്തുവന്നു. ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ജനവിരുദ്ധ മാധ്യമ അജന്‍ഡയ്ക്കെതിരായ ബദല്‍ രൂപപ്പെട്ടു.

മാധ്യമങ്ങള്‍ നിഷ്പക്ഷമായി നിലകൊള്ളുമെന്ന വ്യാമോഹം ഇടതുപക്ഷത്തുള്ള ഒരാള്‍ക്കുമില്ല. വിഖ്യാത ചിന്തകന്‍ നോം ചോംസ്‌കി പറഞ്ഞത്, ”സമഗ്രാധിപത്യ രാജ്യത്ത് എന്താണോ മര്‍ദനായുധം, അതാണ് ജനാധിപത്യരാജ്യത്ത് പ്രചാരണം” എന്നാണ്. എഡ്വാര്‍ഡ് എസ് ഹെര്‍മനുമായി ചേര്‍ന്ന് ചോംസ്‌കി എഴുതിയ ‘പൊതുസമ്മതിയുടെ നിര്‍മിതി’ എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ മാധ്യമങ്ങളുടെ നിലപാടും സ്വഭാവവും നിര്‍ണയിക്കുന്ന ഘടകങ്ങള്‍ വിവരിക്കുന്നുണ്ട്. ഉടമസ്ഥതയുടെ സ്വഭാവവും വരുമാന മാര്‍ഗങ്ങളും അധികാരിവര്‍ഗത്തിന്റെ സമ്മര്‍ദവും കമ്യൂണിസ്റ്റ് വിരോധവുമെല്ലാം ചേര്‍ന്നാണ് മാധ്യമങ്ങളുടെ നിലപാട് നിര്‍ണയിക്കുന്നത്. എന്നാല്‍, ചോംസ്‌കി നിരീക്ഷിച്ചതുപോലെ മാധ്യമങ്ങളുടെ സമൂഹവിരുദ്ധനിലപാടുകള്‍ എതിര്‍ത്തു തോല്‍പ്പിച്ചേ പറ്റൂ. മാധ്യമങ്ങളുടെ പ്രതിലോമ അജന്‍ഡയ്ക്കെതിരായ ബദല്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.