കെകെ ശൈലജക്ക് വേണ്ടിയുള്ള ക്യാമ്പയിനെക്കുറിച്ച് അറിയില്ലെന്ന് എ വിജയരാഘവന്‍; ‘പാര്‍ട്ടിയെടുത്ത ഗുണപരമായ തീരുമാനത്തില്‍ മാറ്റമില്ല’

തിരുവനന്തപുരം: കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട എന്ന തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവില്ല. അത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കെകെ ശൈലജയെ മന്ത്രിസഭയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിനുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി. ‘അതൊക്കെ നിങ്ങള്‍ പറയുന്നതല്ലാതെ എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എനിക്ക് പാര്‍ട്ടി എടുത്ത തീരുമാനങ്ങളെക്കുറിച്ചേ പറയാന്‍ കഴിയൂ. ബാക്കിയുള്ളതിനെക്കുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല’, വിജയരാഘവന്റെ വാക്കുകള്‍ ഇങ്ങനെ.

തീരുമാനങ്ങള്‍ അന്തിമമാണോ എന്ന ചോദ്യത്തിന്, അതിന് സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ താല്‍പര്യ ങ്ങള്‍ക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ആ നിലയില്‍ ഗൗരവപൂര്‍വം ആലോചിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെകെ ശൈലജയെ മന്ത്രിസഭയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം. സിപിഐഎം അനുകൂല പേജുകളിലടക്കം ശെലലജ ടീച്ചറെ തിരിച്ചെത്തിക്കണമെന്ന ക്യാമ്പയിന്‍ ശക്തമാവുകയാണ്. സിനിമാമേഖലയില്‍നിന്നുള്ളവരും ഹാഷ്ടാഗ് ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്.