‘പഴയ നേതാവിനെ പുതിയ നേതാവ് കാണുക, കെട്ടിപ്പിടിക്കുക’; കോണ്‍ഗ്രസിനെ പരിഹസിച്ച് എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരിഹാസവുമായി സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ വമ്പിച്ച ഗൃഹസന്ദര്‍ശന ചടങ്ങ് നടക്കുകയാണ്. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു, പരസ്പരം കെട്ടിപ്പിടിക്കുന്നു എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും കോണ്‍ഗ്രസിന് വലിയ കാര്യമല്ല. ഗ്രൂപ്പ് തര്‍ക്കം നടത്തുക, പരസ്പരം തര്‍ക്കിക്കുക, ഗൃഹസന്ദര്‍ശനം നടത്തുകയൊക്കെയാണ് ചെയ്യുന്നത്. വമ്പിച്ച ഗൃഹസന്ദര്‍ശനമാണ്. നേതാക്കന്മാരുടെ വീട്ടിലേക്ക് നേതാവ് പോവുക, പഴയ നേതാവിനെ പുതിയ നേതാവ് കാണുക, കെട്ടിപ്പിടിക്കുക, തിരിച്ച് പോരുക. പിണങ്ങുക, ഇണങ്ങുക എന്ന നിലയിലുള്ള കലാപരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ നിശബ്ദരായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണ്’, വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ഡി.സി.സി പട്ടികയെച്ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന പോര് തീര്‍ക്കാന്‍ ‘ഹോം അനുനയ’വുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചര്‍ച്ചയ്ക്കില്ലെന്ന് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായമെന്നും വിജയരാഘവന്‍ പറഞ്ഞു

ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും വീടുകളിലെത്തി ചര്‍ച്ച നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ പരിഹാസം.