‘സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷ’; കുറച്ചുദിവസമായി ഈ വികടഭാഷണം കേള്‍ക്കുന്നെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സംസാരിക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയിലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. രാഷ്ട്രീയക്കാര്‍ ഇങ്ങനെ സംസാരിക്കില്ല. കോണ്‍ഗ്രസ് ഒരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാഗത്ത് നിന്ന് വരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

‘കെപിസിസി അധ്യക്ഷന്റെ വികട ഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ ആ സ്ഥാനത്തേക്ക് വരുമ്പോള്‍ത്തന്നെ കോണ്‍ഗ്രസ് ഒരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറും എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ആ ക്രിമിനല്‍ സ്വഭാവത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്’, വിജരാഘവന്‍ പറഞ്ഞു.

‘തെരുവുഗുണ്ടകളുടെ ഭാഷയില്‍ കെപിസിസി അധ്യക്ഷന്‍ സംസാരിക്കുന്നത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്ന് അവരാണ് പരിശോധിക്കേണ്ടത്. അദ്ദേഹത്തെ കെപിസിസി അധ്യക്ഷനായി നിയമിച്ചവരും ഇതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടതാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത്’; വാര്‍ത്താ സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് രമേശ് ചെന്നിത്തല

അതേസമയം, വാര്‍ത്ത സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നിലവാരത്തിന് ചേരാത്തതാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഇത് മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

Also Read: ‘എന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടു; മുന്നറിയിപ്പ് തന്നത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നാണ് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന്‍ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുള്‍പ്പെടെ മറുപടി നല്‍കും. എറണാകുളത്താവും. വാര്‍ത്താ സമ്മേളനം. അമ്പത് വര്‍ഷം മുമ്പ് തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്താണ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാക്‌പോരിലേര്‍പ്പെട്ടിരിക്കുന്നത്.