‘പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാവാന്‍ പറ്റാത്തതുകൊണ്ട് സത്യപ്രതിജ്ഞ ഒഴിവാക്കാന്‍ പറ്റില്ല’; പരിസഹിച്ച് വിജയരാഘവന്‍

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാവാന്‍ പറ്റിയില്ല എന്നുകൊണ്ട് സത്യപ്രതിജ്ഞ ഒഴിവാക്കാന്‍ പറ്റില്ല. ആ സത്യപ്രതിജ്ഞയാണ് നാളെ നടക്കുന്നതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് നല്‍കിയ മറുപടി.

‘ഭരണഘടനാപരമായി ഒരു സര്‍ക്കാരിന് അധികാരത്തില്‍ വരാതിരിക്കാന്‍ പറ്റില്ലല്ലോ. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാവാന്‍ പറ്റിയില്ല എന്നുകൊണ്ട് സത്യപ്രതിജ്ഞ ഒഴിവാക്കാന്‍ പറ്റില്ല. ആ സത്യപ്രതിജ്ഞയാണ് നാളെ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂര്‍ണമായി പാലിച്ചാവും ചടങ്ങ് നടത്തുക’, വിജയരാഘവന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇന്നെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണം. സത്യപ്രതിജ്ഞാ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ തോതില്‍ ആഘോഷം നടക്കേണ്ടതാണ്. പുതിയ മന്ത്രിമാര്‍ക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇന്നത്തെ നിര്‍ഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇത് ഉള്‍ക്കൊണ്ട് ഗൃഹാങ്കണങ്ങളില്‍ ആഹ്ലാദം അലയടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിലാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. 500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇത്തരം ചടങ്ങുകള്‍ക്ക് 500 വലിയ സംഖ്യയല്ലെന്നും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.