ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇരുപാര്ട്ടികളിലായി കേന്ദ്രീകരിച്ചിരുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമെഴുതാനെന്നവണ്ണം ആംആദ്മി പാര്‍ട്ടിയും ഇത്തവണ ഒരു കൈനോക്കാനിറങ്ങുന്നുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചരണത്തിന്റെ ചൂട് അനുഭവിച്ചു തുടങ്ങിയെന്നാണ് ആംആദ്മി നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. പക്ഷെ ഒരു പ്രശ്നവുമില്ലെന്ന് ഇരുപാര്‍ട്ടികളും നടിക്കുകയാണെന്നും അവര്‍ പറയുന്നു.സംസ്ഥാനത്തെ ആകെയുള്ള 70 സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്ന് പറയുന്നതിനോടൊപ്പം തന്നെ അതിന്റെ പകുതി സീറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് ആംആദ്മി നേതാക്കള്‍ പറയുന്നു.

വൈദ്യുതി, ജല നിരക്കുകളിലും വലിയ കുറവ് അതാണ് ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യ രംഗത്തും മികച്ച സേവനം ഉറപ്പുവരുത്തുമെന്നും വാഗ്ദാനം ചെയ്യുന്നു.
കേണല്‍ അജയ് കോത്തിലാല് ആണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാനത്തെ ശക്തമായ മൂന്നാം ബദല്‍ ആവാനാണ് തങ്ങളുടെ ശ്രമമെന്ന് അജയ് കോത്തിലാല് പറഞ്ഞു. സംസ്ഥാനത്തെ ഓരോ വീടുകളിലും നേരിട്ടും വിര്‍ച്വലായും തങ്ങളെത്തും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് 16-17 ശതമാനം വോട്ട് ലഭിക്കും. അത് 25 ശതമാനം കടത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 70 മണ്ഡലങ്ങളില്‍ 35 എണ്ണത്തില്‍ പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് തലത്തില്‍ വീടുകള്‍ കയറിയുള്ളതോ റാലികള്‍ നടത്തിയുള്ളതോ ആയ പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളല്ല ആംആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. 50 ലക്ഷത്തിനടുത്തുള്ള വൈദ്യുതി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. വൈദ്യുതി ഉപഭോക്താക്കളെ ബന്ധപ്പെടുകയും അവരുടെ പേരുകള്‍ പ്രത്യേക പോര്‍ട്ടലില്‍ ചേര്‍ത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെന്ന ഗ്യാരണ്ടി കാര്‍ഡ് നല്കുന്ന സംവിധാനമാണ്ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്.
അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. സമാനരീതിയില്‍ വിദ്യാഭ്യാസം, ജലം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളില്‍ ഗ്യാരണ്ടി കാര്‍ഡുകള്‍ അവതരിപ്പിക്കാനാണ് ആംആദ്മി പാര്‍ട്ടി തീരുമാനം.
15 ലക്ഷത്തോളം കുടുംബനാഥന്മാര് വൈദ്യുതി ഗ്യാരണ്ടി കാര്‍ഡ് സ്വീകരിച്ച് പോര്‍ട്ടലില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി. വരും ദിവസങ്ങളില്‍ മറ്റ് കാര്‍ഡുകളും അവതരിപ്പിക്കുമെന്ന് സംസ്ഥാനത്തെ ആംആദ്മി പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ദിവ്യാശിഷ് പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെയും അജയ് കോത്തിലാലിന്റെയും ചിത്രങ്ങളുള്ള 200 പ്രചരണ വാഹനങ്ങളും രംഗത്തിറക്കും.

ഭരണകക്ഷിയായ ബിജെപി വലിയ ഭരണവിരുദ്ധ വികാരമാണ് ഇപ്പോള്‍ നേരിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തൊഴിലില്ലായ്മ, കരാര്‍ തൊഴിലാളികളുടെ സ്ഥിരപ്പെടുത്തല്‍ ആവശ്യം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ച, പുറത്തുനിന്ന് വരുന്നവര്‍ക്ക് ഭൂമി വില്ക്കാന് കഴിയാത്തവണ്ണമുള്ള നിയമം വേണമെന്ന ആവശ്യം എന്നീ വിഷയങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈയൊരു ഘട്ടത്തിലുള്ള ആംആദ്മി പാര്‍ട്ടിയുടെ വരവ് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കുകയും അതോടൊപ്പം തന്നെ കോണ്‍ഗ്രസിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകളും വിഭജിക്കുമെന്ന് അവര്‍ പറയുന്നു. അതോടൊപ്പം തന്നെ ഉത്തരാഖണ്ഡ് ജനതക്ക് ദേശീയ കാഴ്ചപ്പാടുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പേ ആംആദ്മി പാര്‍ട്ടി പരാജയപ്പെടുമെന്നും അവര്‍ കരുതുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ആംആദ്മിക്ക് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട ഒരു ശക്തിയായി മാറാന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു.
”സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട ഒരു ശക്തിയായി മാറാന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ല. അവര്‍ക്ക് മലനിരകളില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. ബിജെപിയുടെ ബി ടീം ആയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അത് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ആംആദ്മിക്ക് കഴിയില്ല”
പ്രിത്മ സിങ്- പ്രതിപക്ഷ നേതാവ്, മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുമെന്നും ഒപ്പം ബിജെപിയെയും ബാധിച്ചേക്കാമെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ആദ്യമേ തന്നെ, ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസോ ബിജെപിയോ അല്ലാത്ത 10-11 ശതമാനം വോട്ടുകളുടെ വിടവ് നികത്തും. കോണ്‍ഗ്രസിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഒരു വിഭാഗം വോട്ടുകള്‍ കവരും. കോണ്‍ഗ്രസല്ലാത്ത ബദല്‍ നോക്കുന്നവരുടെ വോട്ടുകള്‍ ആംആദ്മിക്ക് ലഭിക്കുന്നത് ബിജെപിയെ ബാധിക്കും.
ജയ് സിങ് റാവത്ത്- രാഷ്ട്രീയ നിരീക്ഷകന്
2000 മുതല്‍ ബിജെപിയും കോണ്‍ഗ്രസുമാണ് മാറി മാറി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ആംആദ്മികള്‍ക്ക് കഴിയുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.