സായോനി ഷോഷ് ഇനി തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിനെ നയിക്കും; അഭിഷേക് ബാനെര്‍ജി പാര്‍ട്ടി ജനറല്‍ സെക്രട്ടറി

കൊല്‍ക്കത്ത: തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് അഭിഷേക് ബാനെര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായതോടെയാണ് യുവജന സംഘടനയുടെ ഭാരവാഹിത്വം ഒഴിഞ്ഞത്.

നടിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോനി ഘോഷാണ് പുതിയ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അസന്‍സോള്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് യുവപ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്.

മമത ബാനര്‍ജി പങ്കെടുത്ത യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

യോഗത്തില്‍ മമത ബാനര്‍ജിയെ കൂടാതെ സുബ്രത ബക്ഷി, സൗഗത റോയ്, മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.