‘സുപ്രീം കോടതി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണം സജീവ പരിഗണനയില്‍’; ചീഫ് ജസ്റ്റിസ് എന്‍ വി രമണ

സുപ്രീം കോടതിയിലെ വ്യവഹാര നടപടിക്രമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത് സജീവ പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഇക്കാര്യത്തില്‍ ഉറച്ച ചുവടുകള്‍ വെക്കുന്നതിന് മുന്‍പ് സഹജഡ്ജിമാരുടെ പൊതു അഭിപ്രായം തേടുമെന്ന് എന്‍വി രമണ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിര്‍ച്വല്‍ നടപടിക്രമങ്ങളേക്കുറിച്ച് വിവരം നല്‍കുന്ന ആപ്പിന്റെ ലോഞ്ചിനിടെയാണ് സിജെഐയുടെ പ്രതികരണം.

ഞാന്‍ കുറച്ചുകാലം ജേണലിസ്റ്റായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങിനിടെ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കോടതി നടപടിക്രമങ്ങളേക്കുറിച്ച് അറിയാന്‍ അഭിഭാഷകരെ ആശ്രയിക്കേണ്ടി വരുന്നതിനേക്കുറിച്ച് അറിഞ്ഞിരുന്നു.

ജസ്റ്റിസ് എന്‍ വി രമണ

ആപ്ലിക്കേഷന്‍ പോലുള്ള സ്രോതസുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. തുടക്കത്തില്‍ ആപ്പിന് പ്രശ്‌നങ്ങളുണ്ടായേക്കാം. അത് വലുതായി കാണിക്കേണ്ടതില്ല. എല്ലാവരും ക്ഷമ കാണിക്കണമെന്നും സാങ്കേതിക വിഭാഗത്തിലെ സംഘത്തെ പിന്തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പുതിയ ഒരു സവിശേഷത കൂടി ആപ്പിലും വെബ്‌സൈറ്റിലുമുണ്ട്. ചരിത്രപ്രധാനമായ വിധികള്‍ എളുപ്പത്തില്‍ വായിക്കാവുന്ന തരത്തില്‍ ചുരുക്കിയെഴുതിയ ‘ഇന്‍ഡിക്കേറ്റീവ് നോട്‌സ്’. ഇത് കോടതിവിധികളേപ്പറ്റി കൂടുതല്‍ മനസിലാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനത്തിനും ഉപകാരപ്രദമാകുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.