മേരി റോയിയുടെ ജീവിതസമരം; സുറിയാനി ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ വീശിയ കൊടുങ്കാറ്റ്

‘പൊതുഇടങ്ങളില്‍വച്ച് ഇടയ്ക്കുകയറി സംസാരിക്കും മുന്‍പ് എക്സ്‌ക്യൂസ് മീ പറയാന്‍ എന്നെ പഠിപ്പിച്ച, വിട്ടുപോകാന്‍ അനുവദിക്കാനും തക്കവണ്ണം വിശാലാര്‍ത്ഥത്തില്‍ എന്നെ സ്നേഹിച്ച, എന്നെ വളര്‍ത്തി വലുതാക്കിയ മേരി റോയിക്ക്’,

1997-ലെ ബുക്കർ പ്രെെസ് നേടിയ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് എന്ന നോവലില്‍ അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അരുന്ധതി റോയ് കുറിച്ച വാക്കുകള്‍. കോട്ടയത്തെയും അയ്മനത്തെയും ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ തന്റെ ആദ്യ നോവലിലെ അമ്മു എന്ന കഥാപാത്രത്തില്‍ അമ്മയായ മേരി റോയിയെ ആണ് അരുന്ധതി റോയ് കാണുന്നതെന്ന് പറയപ്പെടുന്നു. ആ അമ്മയ്ക്കാണ് തന്നെ ലോകപ്രശസ്തയാക്കിയ നോവല്‍ മകള്‍ സമര്‍പ്പിച്ചത്.

അരുന്ധതിക്ക് മാത്രമല്ല, കേരളത്തിലെ ഒരു വിഭാഗം ജനതയ്ക്കുകൂടി വളർച്ചയുടെ വഴി കാണിച്ചുകൊടുത്ത സാമൂഹിക പ്രവര്‍ത്തകയാണ് മേരി റോയ്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലും സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിന്റെ സാമൂഹിക ചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ട പേരാണത്.

1933 ല്‍ കോട്ടയം അയ്മനത്താണ് മേരി റോയി ജനിച്ചത്. ചെന്നൈ ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി കല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യവേയാണ് പിന്നീട് പങ്കാളിയായ രാജീബ് റോയിയെ പരിചയപ്പെട്ടു. തുടര്‍ന്ന് വിവാഹിതരായ ഇവര്‍ പിന്നീട് പലകാരണങ്ങളാല്‍ പിരിഞ്ഞു. തുടര്‍ന്ന് കുട്ടികളുമായി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിലെത്തി താമസമാക്കി.

ഈ വീടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് മേരി റോയിയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ച നിയമപോരാട്ടത്തിലേക്ക് നയിച്ചത്. 1916-ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാ അവകാശ നിയമ പ്രകാരം, ആണ്‍മക്കള്‍ക്ക് ലഭിക്കുന്ന പരമ്പരാഗത സ്വത്തിന്റെ നാലിലൊന്ന്, അല്ലെങ്കില്‍ 5000 രൂപയോ അതിലേതാണ് കുറവ് എന്ന നിലയ്ക്കായിരുന്നു അവകാശമുണ്ടായിരുന്നത്. ഇത് കാണിച്ച് സ്വത്തവകാശം നിഷേധിച്ച കുടുംബത്തോടായിരുന്നു ആദ്യ സമരം.

ഊട്ടിയിലെ വീട് തമിഴ്നാടിന്റെ പരിധിയിലായിരുന്നതിനാല്‍ മദ്രാസ് ഹെെക്കോടതിയിലായിരുന്നു ആദ്യ വാദം. ഇന്ത്യന്‍ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം 1925 പ്രകാരം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശം സ്വത്തിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ഊട്ടിയിലെ വീട് മേരി റോയിക്ക് ലഭിച്ചു. എന്നാല്‍ ജന്മനാടായ കോട്ടയത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ്, സ്ത്രീ എന്ന നിലയില്‍ തനിക്ക് എത്തിച്ചേരാനാവാത്ത അവകാശങ്ങള്‍ ഇനിയുമുണ്ടെന്ന് മേരി റോയ് തിരിച്ചറിയുന്നത്. തുടർന്നാണ് സുപ്രിംകോടതിയിലെത്തിയ പ്രസിദ്ധമായ ആ നിയമപോരാട്ടം ആരംഭിക്കുന്നത്.

കോട്ടയത്തെ സമ്പന്ന സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സ്ത്രീധനം എന്ന പേരിലെ വിഹിതത്തിന് പകരം ശരിയായ രീതിയില്‍ സ്വത്തില്‍ അവകാശം ലഭിക്കുകയാണെങ്കില്‍ അവർ ആ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലയില്‍ കെെവരിച്ചേക്കാവുന്ന വളർച്ചയായിരുന്നു മേരി റോയുടെ ലക്ഷ്യം.

ഒടുവില്‍ 1986-ല്‍ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാ അവകാശ നിയമം പരമോന്നത കോടതി അസാധുവാക്കി. വില്‍പത്രമെഴുതാതെ പിതാവ് മരണപ്പെടുന്ന പക്ഷം സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചു. തര്‍ക്കത്തിലുണ്ടായിരുന്ന വീട് പിന്നീട് സഹോദരന് തന്നെ മേരി റോയ് തിരിച്ചു നല്‍കി. സഹോദരനോടല്ല, പെണ്‍മക്കളെ രണ്ടാംതരക്കാരായി കാണുന്ന സമീപനത്തോടായിരുന്നു തന്റെ പോരാട്ടമെന്ന് മേരി റോയ് പിന്നീട് പറഞ്ഞു.

സ്വത്തവകാശ വിഷയത്തില്‍ മാത്രമല്ല, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ത്രീധന വിഷയത്തിലും ഗാർഹിക പീഢനങ്ങള്‍ക്കും എതിരെ ശബ്ദമുയർത്തിയിട്ടുണ്ട് മേരി റോയ്. തന്റെ മാതാവിനെപ്പോലെ, തന്നെപ്പോലെ, ടോക്സിക് ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകാനും സ്വന്തം കാലില്‍ നിന്ന് അതിജീവിക്കാനുമാണ് മേരി റോയ് സ്ത്രീകളോട് പറഞ്ഞത്. ആചാരങ്ങളിലും സമ്പ്രദായങ്ങളിലും പാലിച്ചുപോരുന്ന പിതൃമേധാവിത്വത്തെ ചോദ്യം ചെയ്ത സ്ത്രീപക്ഷ വാദിയായിരുന്നു അവർ.

കോട്ടയത്തെ ആദ്യ സ്‌കൂളായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടി കൂടിയായിരുന്നു മേരി റോയ്. 1967-ല്‍ പരമ്പരാഗത സങ്കല്പ്പങ്ങള്‍ക്ക് അപ്പുറം വിദ്യാഭ്യാസത്തെ വിശാലമായി കണ്ട ഒരു സ്കൂള്‍ അവർ ആരംഭിച്ചു. കോട്ടയത്ത് കോര്‍പസ് ക്രിസ്റ്റി എന്ന പേരിലുള്ള ഈ സ്കൂള്‍ പിന്നീട് പള്ളിക്കൂടം എന്ന പേരില്‍ പ്രസിദ്ധമായി. പ്രശ്‌സത വാസ്തുശില്‍പി ലാറി ബേക്കർ രൂപകല്‍പ്പന ചെയ്ത ഈ സ്കൂളിന്റെ സ്ഥാപക എന്ന നിലയില്‍ കോട്ടയത്തുകാർക്ക് പരിചിതയായിരുന്നു മേരി റോയ്.