‘അതെ സൂപ്പര്‍ ചരക്ക് തന്നെയാണ് ഞാനും’; അവഹേളന കമന്റിന് നടി അഞ്ജു അരവിന്ദിന്റെ മറുപടി

സമൂഹമാധ്യമങ്ങളില്‍ സെലിബ്രിറ്റികളിടുന്ന പോസ്റ്റുകളില്‍ അധിക്ഷേപ കമന്റുകള്‍ വ്യാപകമാണ്. ലൈംഗീകച്ചുവയുള്ളവ, ജാതീയ അധിക്ഷേപം, ബോഡി ഷെയിമിങ്ങ്, ഫാന്‍ ഫൈറ്റിന്റെ ഭാഗമായുള്ള വ്യക്തിഹത്യാ മീമുകള്‍ തുടങ്ങിയവ കമന്റ് ബോക്‌സിലെത്താറുണ്ട്. മോശമായി പ്രതികരിക്കുന്നവരെ കമന്റ് ബോക്‌സിലെ മറ്റുള്ളവര്‍ തന്നെ തിരുത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ല. അധിക്ഷേപങ്ങള്‍ക്കും അതിരുകടന്ന വിമര്‍ശനങ്ങള്‍ക്കുമെതിരെ മൗനം വെടിഞ്ഞ് സെലിബ്രിറ്റികള്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തി തുടങ്ങി. വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അഭിനേതാക്കള്‍ കമന്റ് ബോക്‌സില്‍ തന്നെ മറുപടി പറയുന്നത് വാര്‍ത്തയാകുന്നുണ്ടെങ്കിലും ഈ പ്രവണതയില്‍ വലിയ കുറവില്ല.

ഒരു യു ട്യൂബ് പ്രേക്ഷകനില്‍ നിന്നുണ്ടായ മോശം കമന്റും താന്‍ നല്‍കിയ മറുപടിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി അഞ്ജു അരവിന്ദ്. പാചക വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ അഞ്ജു തുടങ്ങിയ ഫുഡി ബഡി എന്ന യു ട്യൂബ് ചാനലില്‍ വന്ന കമന്റ് ഇങ്ങനെ: ‘സൂപ്പര്‍ ചരക്ക് കാഷ് മുടക്കിയാലും നഷ്ടം വരാനില്ല’. ലയണ്‍ ഓഫ് ജൂദാ എന്ന അക്കൗണ്ടിന്റെ ലൈംഗീകച്ചുവയുള്ള കമന്റിന് നാല് പേരുടെ ലൈക്കും കിട്ടിയിട്ടുണ്ട്.

‘അതെ സുഹുത്തേ നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്ക് തന്നെയാണ് ഞാനും’ എന്ന് അഞ്ജു അരവിന്ദ് മറുപടി നല്‍കി. ‘കഷ്ടം..ഓരോരുത്തരുടേയും കാഴ്ച്ചപ്പാട്. എന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചു’; നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.