‘ഭര്‍ത്താവ് തെറ്റ് ചെയ്തതിന് ജഡ്ജിയെ മാറ്റുന്നതെന്തിന്?’; അതിജീവിതയുടെ ഹരജി തള്ളി സുപ്രീംകോടതി, വിചാരണക്കോടതി മാറ്റില്ല

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി തള്ളി സുപ്രീംകോടതി. കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭര്‍ത്താവിനെതിരെ ആരോപണമുണ്ട് എന്നത് ജഡ്ജിയെ സംശയത്തിലാക്കാന്‍ ഉതകുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

ജഡ്ജി പ്രതിയുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന് തെളിവുകളില്ല. ഹൈക്കോടതി തീരുമാനം സുപ്രീംകോടതി ഇടപെട്ട് മാറ്റുന്നത് നല്ല കീഴ് വഴക്കമല്ല. ഇത്തരം ഹരജികള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാഹചര്യമൊരുക്കില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അതിജീവിതയുടെ ഹരജി തള്ളിയത്. വിചാരണക്കോടതി പക്ഷപാതപരമായി ഇടപെടുന്നു എന്നാരോപിച്ചായിരുന്നു അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്.

വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നതിന് തെളിവുകള്‍ നിരത്താന്‍ ബെഞ്ച് പരാതിക്കാരിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്തിനോട് ആവശ്യപ്പെട്ടു. വിചാരണ വേളയില്‍ പരാതിക്കാരിയോട് ജഡ്ജി അനുചിതമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിചാരണയ്ക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസൊഴിഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാര്‍ഷ് വാല്യൂ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ജഡ്ജി ഫൊറന്‍സിക് പരിശോധനയ്ക്ക് വിടുന്നത് വിസമ്മതിച്ചതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നീതിയുക്തമായ വിചാരണ ഉറപ്പാക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാല്‍, ഇവയൊന്നും പക്ഷപാതപരമായി പെരുമാറിയെന്നതിന് തെളിവുകളല്ലെന്നാണ് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചത്. ഇത്തരം ഹരജികള്‍ കീഴ്‌ക്കോടതികളുടെ മനോവീര്യം തകര്‍ക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ജഡ്ജി കൃത്യവിലോപം കാണിച്ചതിന് ഉദാഹരണമുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇതിന് മറുപടിയായി കുറ്റാരോപിതനായ നടന്‍ ഒരു അഭിഭാഷകനുമായി സംസാരിക്കുന്നതിന്റെ രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ജഡ്ജിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും അറിയിച്ചു. എന്നാല്‍, ഇത് എങ്ങനയാണ് ജഡ്ജിക്കെതിരായ തെളിവാകുകയെന്നും ജഡ്ജി നേരിട്ടോ പരോക്ഷമായോ പ്രതികളുമായി ബന്ധപ്പെട്ടതിന് തെളിവുകളുണ്ടോ എന്നും കോടതി ചോദിച്ചു. വിചാരണക്കോടതിക്കോ ജഡ്ജിക്കോ തെറ്റുപറ്റിയിട്ടുണ്ടോ എന്നറിയാന്‍ കഴിയുന്നത് ഹൈക്കോടതിക്കാണ്. എല്ലാം പരിശോധിച്ച് ഹൈക്കോടതി നടത്തിയ വിധിയില്‍ പിന്നീട് സുപ്രീംകോടതി ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ക്കുമെന്നും കോടതി വിലയിരുത്തി.

വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ അതിജീവിത ശ്രമിക്കുന്നെന്നാണ് പ്രതി ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചത്. പരാതിക്കാരിയില്‍നിന്നും പിഴ ഈടാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സമയപരിധിക്കകം വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ പ്രത്യേക ഹരജി നല്‍കിയിട്ടുണ്ട്. 2023 ജനുവരി 30-നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.