കൊച്ചി: തന്റെ പേരില്‍ ഫേസ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ആരോ ആരംഭിച്ചിട്ടുണ്ടെന്ന് നടന്‍ ബാബുരാജ്. വ്യാജ അക്കൗണ്ടിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാന്‍ നോക്കുന്നുണ്ട് ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ അകൗണ്ട് അല്ല ..നോക്കാം’, ഇങ്ങനെയാണ് ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതിനോടൊപ്പം വ്യാജ അക്കൗണ്ടിന്റെ ചിത്രവും ബാബുരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. ബാബുരാജിന്റെ യഥാര്‍ത്ഥ ചിത്രവും ജോജി സിനിമയുടെ പോസ്റ്റര്‍ കവര്‍ ഫോട്ടോയും ആക്കിയിട്ടുള്ള ഒരു അക്കൗണ്ടാണിത്.
നേരത്തെ ക്ലബ്ഹൗസ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകം തന്നെ നടന്‍മാരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് പല യുവകതാരങ്ങളും തങ്ങള്‍ ക്ലബ് ഹൗസിലിലെന്ന് അറിയിച്ചിരുന്നു.