‘ഇവിടുള്ളത് സ്റ്റിക്കര്‍ ഗവണ്‍മെന്റ്’; കേന്ദ്രം നല്‍കിയ ആറ് ലക്ഷം കിലോ കടല പുഴുവരിച്ചെന്ന വാര്‍ത്ത ചൂണ്ടി കൃഷ്ണകുമാര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായി കൃഷ്ണ കുമാര്‍. ‘കേന്ദ്രം നല്‍കിയ 596 ടണ്‍ കടല പുഴുവരിച്ചു; നശിപ്പിക്കുന്നു’ എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ലെന്ന് നടന്‍ പറഞ്ഞു. എല്ലാം ധാരാളമാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുകയാണെന്നും നടന്‍ ആരോപിച്ചു.

കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു ‘സ്റ്റിക്കര്‍ ഗവണ്മെന്റ്’ മാത്രമാണിവിടെ ഉള്ളത്.

കൃഷ്ണ കുമാര്‍

കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ച ഈ ആറ് ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിയിരുന്നെങ്കില്‍ ഇത്രയും വിഷമം തോന്നില്ലായിരുന്നു. ഈ മഹാമാരിയുടെ കാലത്ത്, ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്ക് കടലും പയറും അനുവദിച്ചിരുന്നു. 2020 ജൂണ്‍ മുതല്‍ നവംബര്‍ വരെ ആറ് മാസത്തേക്ക് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരു കിലോ വീതം കടലയോ പയറോ സൗജന്യമായി നല്‍കുന്ന സ്‌കീമായിരുന്നു ഇത്. ഇതില്‍ കേരളത്തില്‍ ബാക്കി വന്ന 596.65 ടണ്‍ കടല ഉപയോഗശൂന്യമായിരുന്നു. 10 മാസം പഴക്കമുള്ള ഈ കടലയാണ് സര്‍ക്കാര്‍ നശിപ്പിക്കാന്‍ പോകുന്നത്. ഭക്ഷ്യയോഗ്യമായവ അവശേഷിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.