നടി കോഴിക്കോട് ശാരദ അന്തരിച്ചു

ചലച്ചിത്ര നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസം രൂക്ഷമായതിനേത്തുടര്‍ന്ന് നടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മൃതദേഹം കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.

മലയാള ചലച്ചിത്ര, നാടക, ടെലിവിഷന്‍ മേഖലകളില്‍ സജീവമായിരുന്ന നടി കോഴിക്കോടാണ് ജനിച്ചത്. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറി. 1985-87 കാലങ്ങളില്‍ ഐ വി ശശി സംവിധാനം ചെയ്ത ‘അനുബന്ധം’, ‘നാല്‍ക്കവല’, ‘അന്യരുടെ ഭൂമി’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

‘ഉത്സവപ്പിറ്റേന്ന്’, ‘സദയം’, ‘സല്ലാപം’, ‘കിളിച്ചുണ്ടന്‍ മാമ്പഴം’, ‘അമ്മക്കിളിക്കൂട്’, ‘യുഗപുരുഷന്‍’, ‘കുട്ടിസ്രാങ്ക്’ എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളാണ് ചെയ്തത്. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.