‘ശേഷി നശിച്ച് എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജനത’; ഇന്ധനവിലവര്‍ധന സാമൂഹ്യ ദുരന്തമെന്ന് നടന്‍ പ്രേംകുമാര്‍; ‘അവസരമൊരുക്കിയത് രണ്ടാം യുപിഎ സര്‍ക്കാര്‍’

ഇന്ധന വില കുതിക്കവെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രേം കുമാര്‍. ഒരു ന്യായീകരണവും നീതികരണവുമില്ലാത്ത സാമൂഹ്യദുരന്തമാവുകയാണ് നാള്‍ തോറുമുള്ള ഇന്ധനവില വര്‍ധനയെന്ന് നടന്‍ പറഞ്ഞു. ഇന്ധനവില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത രണ്ടാം യുപിഎ സര്‍ക്കാരാണ്. എണ്ണക്കമ്പനികള്‍ ഓരോ ദിവസവും വില കൂട്ടി കടുംവെട്ട് നടത്തി ജനജീവിതം താറുമാറാക്കുമ്പോള്‍ അവരെ നിലയ്ക്ക് നിര്‍ത്താനും നിയന്ത്രിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സര്‍ക്കാര്‍. അല്ലെങ്കില്‍ തങ്ങള്‍ക്കവരെ നിയന്ത്രിക്കാന്‍ കഴിവില്ലെന്ന് തുറന്നുപറഞ്ഞ് പരാജയം സമ്മതിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും പ്രേംകുമാര്‍ കുറിച്ചു.

പെട്രോള്‍, ഡീസല്‍ വില അനുദിനം കുതിക്കുമ്പോള്‍ അതിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനതയുടെ ദൈന്യം ഭരണാധികാരികള്‍ക്ക് ഊര്‍ജദായകമാകുന്നുവെന്ന സത്യം നമ്മെ അമ്പരപ്പിക്കുന്നു. എല്ലാ ഭാരവും ജനങ്ങള്‍ക്കു നല്കുന്ന ഭരണനൈപുണ്യത്തെ ആസ്ഥാനഗായകര്‍ പാടിപ്പുകഴ്ത്തുമ്പോള്‍, ജനങ്ങള്‍ വല്ലാതെ വീര്‍പ്പുമുട്ടുകയാണ്.

പ്രേം കുമാര്‍

കോവിഡ് മഹാമാരിയും വാക്‌സിനും ഓക്‌സിജനും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അസാധാരണമായ അനിശ്ചിത്വത്തിന് മധ്യേയാണ് ഇപ്പോള്‍ പെട്രോള്‍ വിലയിലെ കൊള്ളയും അരങ്ങേറുന്നത്. ആ മഹാവ്യാധിയില്‍ ശ്വാസം കിട്ടാതെ നിസ്സഹായരായ മനുഷ്യര്‍ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുമ്പോള്‍, ബാക്കിയാവുന്ന മനുഷ്യരെ വരിഞ്ഞു മുറുക്കി ഇന്ധനവിലവര്‍ധന പിന്നെയും ശ്വാസം മുട്ടിക്കുകയാണ്. ”രാജ്യത്തെ സംബന്ധിച്ച ഏതു തീരുമാനമെടുക്കുമ്പോഴും എന്തു തീരുമാനമെടുക്കുമ്പോഴും സാധാരണക്കാരെയും ദരിദ്രരെയും ഓര്‍ത്തുകൊണ്ടാകണം. അവരെ പരിഗണിച്ചും കരുതിയും കൊണ്ടാകണം” എന്നുപറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. ഇവിടെ അവരെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല തീര്‍ത്തും അവഗണിച്ചുകൊണ്ടും അപഹസിച്ചുകൊണ്ടും വന്‍കുത്തകകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന തീരുമാനങ്ങളും നിയമനിര്‍മ്മാണങ്ങളുമാണ് ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്. സാധാരണക്കാരുടെയും ദരിദ്രരുടെയുമൊന്നും തീരാദുരിതങ്ങള്‍ ഭരണാധികാരികളെ ഒട്ടും അസ്വസ്ഥമാക്കുന്നില്ല എന്നുമാത്രമല്ല ആ ദുരിതജീവിതങ്ങളൊന്നും ഭരണകൂടക്കാഴ്ചയില്‍ വരുന്നതുപോലുമില്ല. ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷയും ഈ രാജ്യത്തെ ജൂഡീഷ്യറിയിലാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജുഡീഷ്യറിയും ഈ വിഷയത്തില്‍ കാര്യമായി ഇടപെടാതെ മൗനം പാലിക്കുകയാണെന്നും പ്രേം കുമാര്‍ പ്രതികരിച്ചു.

പ്രേംകുമാറിന്റെ വാക്കുകള്‍

“അതിരുകള്‍ ഭേദിച്ച് ഭീമാകാരരൂപം പൂണ്ട് വളരുന്ന പെട്രോള്‍-ഡീസല്‍ വിലയെന്ന സത്വം സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുകയാണ്. ഒന്ന് കുതറാന്‍ പോലുമാകാതെ ശേഷി നശിച്ച് എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായി ഒരു ജനത. ജനങ്ങളുടെ മനസ്സില്‍ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയില്‍ കിതയ്ക്കുകയാണ് ഇന്ത്യ. ഒരു ന്യായീകരണവും നീതികരണവുമില്ലാത്ത സാമൂഹ്യദുരന്തമാവുകയാണ് നാള്‍ തോറുമുള്ള ഇന്ധനവില വര്‍ധന.

സാധാരണക്കാരന്റെ നെഞ്ചില്‍ തീ ആളികത്തിക്കുന്ന ഈ പ്രതിഭാസത്തിന് അവസരമൊരുങ്ങിയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. അതുവരെ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരുന്ന ഇന്ധനവില നിര്‍ണയാധികാരം ഗവണ്‍മെന്റില്‍ നിന്ന് നീക്കം ചെയ്ത് എണ്ണക്കമ്പനികള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യത്തോടും വിട്ടുനല്‍കിയതിന്റെ പാപഭാരം അന്നത്തെ ആ സര്‍ക്കാരിനവകാശപ്പെട്ടതാണ്. വില നിയന്ത്രണാധികാരം കിട്ടിയവര്‍ ആദ്യമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ക്രമേണ വിലവര്‍ധന നടപ്പാക്കി. അന്ന് അതിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും പ്രതിഷേധിക്കുകയും പ്രക്ഷോഭം നയിക്കുകയുമൊക്കെ ചെയ്തവര്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തി കാര്യങ്ങള്‍ പഴയനിലയിലാക്കുമെന്ന് ആണയിട്ട് പറഞ്ഞു. അവര്‍ പിന്നീട് അധികാരത്തില്‍ വന്നു.

പക്ഷേ അവരാകട്ടെ ജനങ്ങളുടെ സര്‍വപ്രതീക്ഷകളും തകര്‍ത്തുകൊണ്ട് എണ്ണക്കമ്പനികളുടെ കൊടുംകൊള്ളയ്ക്ക് കുടപിടിക്കുന്നവരായി മാറി. അവര്‍ ഇന്ധനവില ഒട്ടും കുറച്ചില്ല എന്നുമാത്രമല്ല, ഓരോ ദിവസവും വില കൂട്ടിക്കൂട്ടി സര്‍വകാലറിക്കോഡില്‍ എത്തിക്കാന്‍ കമ്പനികള്‍ കാട്ടുന്ന ക്രൂരവിനോദത്തിന് സര്‍വാത്മനാ കൂട്ടുനില്‍ക്കുന്നവരായിരിക്കുന്നു. ഇന്ത്യന്‍ യാത്രികന്റെ പ്രയാണവഴികളിലുടനീളം ഇരുളിന്റെ അഗാധതമാത്രം.

ജനങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സംരക്ഷണം നല്‍കുകയും അവരുടെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്ന രാജ്യദ്രോഹ ശക്തികളെ അടിച്ചമര്‍ത്തിയും നിയന്ത്രിച്ചും രാജ്യത്തെ ജനങ്ങള്‍ക്കു മുഴുവന്‍ സന്തുഷ്ടവും സംതൃപ്തവും സാമ്പത്തിക സുരക്ഷിതത്വവുമുള്ള ജീവിതം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് ഗവണ്‍മെന്റുകള്‍ നിര്‍വഹിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ് ഗവണ്‍മെന്റിന്റെ കടമ.

എന്നാല്‍ രോഗവും പട്ടിണിയും കൊണ്ടു വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ മേല്‍ അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ച് അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുമ്പോഴും ഞങ്ങള്‍ ജനപക്ഷമാണെന്ന വീമ്പുപറച്ചിലിന് കുറവൊന്നുമില്ല. വാചകക്കസര്‍ത്തുകളല്ല നിലപാടുകളും നടപടികളുമാണ് ഭരണാധികാരികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുക. ഒരു ജനതയെ എല്ലാക്കാലവും ഇരുട്ടില്‍ നിര്‍ത്താന്‍ കഴിയില്ലെന്ന വിവേകം ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. ഇവിടെ എണ്ണക്കമ്പനികള്‍ ഓരോ ദിവസവും വില കൂട്ടി കടുംവെട്ട് വെട്ടി ജനജീവിതം താറുമാറാക്കുമ്പോള്‍ ആ കറുത്തശക്തികളെ നിലയ്ക്ക് നിര്‍ത്താനും നിയന്ത്രിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു ഗവണ്‍മെന്റ്. അല്ലെങ്കില്‍ തങ്ങള്‍ക്കവരെ നിയന്ത്രിക്കാന്‍ കഴിവില്ലെന്ന് തുറന്നുപറഞ്ഞ് പരാജയം സമ്മതിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം.

പെട്രോള്‍, ഡീസല്‍ വില അനുദിനം കുതിക്കുമ്പോള്‍ അതിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനതയുടെ ദൈന്യം ഭരണാധികാരികള്‍ക്ക് ഊര്‍ജദായകമാകുന്നുവെന്ന സത്യം നമ്മെ അമ്പരപ്പിക്കുന്നു. എല്ലാ ഭാരവും ജനങ്ങള്‍ക്കു നല്കുന്ന ഭരണനൈപുണ്യത്തെ ആസ്ഥാനഗായകര്‍ പാടിപ്പുകഴ്ത്തുമ്പോള്‍, ജനങ്ങള്‍ വല്ലാതെ വീര്‍പ്പുമുട്ടുകയാണ്. കോവിഡ് മഹാമാരിയും വാക്‌സിനും ഓക്‌സിജനും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അസാധാരണമായ അനിശ്ചിത്വത്തിന് മധ്യേയാണ് ഇപ്പോള്‍ പെട്രോള്‍ വിലയിലെ കൊള്ളയും അരങ്ങേറുന്നത്. ആ മഹാവ്യാധിയില്‍ ശ്വാസം കിട്ടാതെ നിസ്സഹായരായ മനുഷ്യര്‍ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുമ്പോള്‍, ബാക്കിയാവുന്ന മനുഷ്യരെ വരിഞ്ഞു മുറുക്കി ഇന്ധനവിലവര്‍ധന പിന്നെയും ശ്വാസം മുട്ടിക്കുകയാണ്.

തിരഞ്ഞെടുപ്പുപോലെ അവര്‍ക്കാവശ്യമുള്ള പ്രത്യേക സാഹചര്യങ്ങളല്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍പോലെ അല്‍പ ദിവസങ്ങള്‍ വിലവര്‍ദ്ധന നിറുത്തുകയും ചില്ലറ പൈസ കുറയ്ക്കുകയും, വോട്ട് പെട്ടിയിലായി കഴിഞ്ഞ് പിറ്റേന്നു മുതല്‍ അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ. ഭരണകൂടം സമ്പന്നര്‍ക്കുവേണ്ട ിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാന്‍ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിര്‍ബന്ധിക്കുന്നുണ്ട ്. അടങ്ങാത്ത അമര്‍ഷത്തില്‍ നീറിപ്പുകയുകയാണ് ജനമനസ്സുകള്‍. ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവര്‍. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വര്‍ധന എന്ന കൊടുംക്രൂരതയില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാന്‍ അനുവദിക്കണം.

ആരും കണ്ടിട്ടില്ലാത്ത ആര്‍ക്കും കാണാനാവാത്ത അദൃശ്യമായ അന്താരാഷ്ട്ര വിപണി എന്ന ആഗോളവല്‍ക്കരണത്തിന്റെ അടയാളമായ പുത്തന്‍ സങ്കല്‍പ്പത്തില്‍ ചാരിയാണ് എണ്ണവില നിശ്ചയിക്കപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. അതങ്ങനെയാണെങ്കില്‍ ആ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ അതിനാനുപാതികമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഈ രാജ്യത്തും കുറയേണ്ട തല്ലേ. മറ്റു വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെ കുറയുന്നുമുണ്ട്. പക്ഷേ നമ്മുടെ രാജ്യത്ത് അത് കുറയുന്നില്ല എന്നു മാത്രമല്ല നേരെ വിപരീതമായി ഓരോ ദിവസവും കുത്തനെ വര്‍ദ്ധിക്കുകയാണ്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 115 ഡോളറായിരുന്നപ്പോള്‍ ഇവിടെ പ്രെട്രോളിന് ലിറ്ററിന് ഏകദേശം 50 രൂപയായിരുന്നത് ക്രൂഡോയില്‍ ബാരലിന് 50 ഡോളറായി കുറഞ്ഞപ്പോള്‍ ഇവിടെ പെട്രോളിന് 90 രൂപയിലധികമായി കൂടുകയാണുണ്ടായത്.

രാജ്യാന്തര വിപണിയില്‍ വിലകുറയുമ്പോള്‍ ഇവിടെ കൂടുകയും രാജ്യാന്തര വില കൂടുമ്പോള്‍ ഇവിടെ പിന്നെയും കൂട്ടുകയും ചെയ്യുന്ന വിരോധാഭാസമാണ് നാളുകളായി നടമാടുന്നത്. അങ്ങനെ അവിടെ കുറയുമ്പോള്‍ ഇവിടെ കൂടുകയും അവിടെ കൂടുമ്പോള്‍ ഇവിടെ പിന്നെയും കൂടുകയും ചെയ്യുന്നതിന്റെ ഗണിതശാസ്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പെട്രോള്‍, ഡീസല്‍ വില ഇവിടെ കൂടികൂടി കുതിച്ചുകയറുമ്പോള്‍ അത് കൂടുകയല്ല യഥാര്‍ത്ഥത്തില്‍ കുറയുകയാണ് എന്ന അപഹാസ്യമായ വൈരുദ്ധ്യാത്മക വാദങ്ങളും നമ്മള്‍ കേള്‍ക്കേണ്ട ിവരുന്നു.

സാധാരണമനുഷ്യര്‍ക്കുവേണ്ടിയുള്ള നിലപാടുകളില്ലാതെ ആ ദരിദ്ര ജനതയുടെ പക്ഷത്തു നില്‍ക്കാതെ കുത്തകകളെ പിന്തുണക്കുന്നതാണ് അത്യുത്തമം എന്ന ചിന്തയാണ് ഭരണകൂടങ്ങളെ ഭരിക്കുന്നത്. വന്‍കോര്‍പ്പറേറ്റുകളും ഭരണകൂടവും ഒത്തുചേര്‍ന്ന് സംഘടിതമായി ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണത്തിന്റെയും അധിനിവേശത്തിന്റെയും ഫാസിസത്തിന്റെ ചിത്രമാണ് തെളിയുന്നത്.

പെട്രോളിയം ഉള്‍പ്പനങ്ങളുടെ വില വര്‍ധിക്കുന്നത് വാഹനം ഓടിക്കുന്നവരുടെയും പാചകവാതകവും മണ്ണെണ്ണയുമൊക്കെ ഉപയോഗിക്കുന്നവരുടെയും മാത്രം പ്രശ്‌നമായി വളരെ നിസ്സാരമായാണ് പലരും കാണുന്നത്. പക്ഷേ ഇന്ധന വില വര്‍ദ്ധന രാജ്യത്തെ ചരക്കുഗതാഗതത്തെയും പൊതുഗതാഗതസംവിധാനങ്ങളെയും മറ്റു നിര്‍മാണമേഖലകളെയും കാര്‍ഷികമേഖലെയും ചുരുക്കത്തില്‍ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന, വന്‍ പ്രതിസന്ധിയിലാക്കുന്ന അതി രൂക്ഷമായ പ്രശ്‌നമാണെന്ന് പലരും തിരിച്ചറിയുന്നില്ല. സാധാരണക്കാരുടെ ജീവിതം ഏറ്റവും ദുസ്സഹമാക്കുന്ന നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടേതുള്‍പ്പെടെ സര്‍വരംഗത്തുമുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റവും ഇന്ധന വില വര്‍ദ്ധനവിന്റെ ഉല്‍പ്പന്നമാണെന്ന് അധികമാരും ചിന്തിക്കാറില്ല. ജനങ്ങളുടെ ദാരിദ്രത്തിനുപോലും ഒരു പരിധിവരെ ഇന്ധനമാകുന്നത്. ഇന്ധന വില വര്‍ദ്ധനവാണ്. അങ്ങനെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന അതീവഗുരുതരമായ പ്രശ്‌നമാണിതെന്നു മനസ്സിലാക്കാത്തവരാണ് ഏറെപ്പേരും.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നത് ഗവണ്‍മെന്റിന് യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. വില കൂടിയാലും പ്രതിദിന വിപണിവിലയുടെ അടിസ്ഥാനത്തില്‍ ആ ഭാരം ജനങ്ങള്‍ക്കുമേല്‍ ചുമത്താം. വില കുറഞ്ഞാല്‍ കൂടുതല്‍ നികുതി ഈടാക്കി സര്‍ക്കാരിന് സമ്പത്ത് വര്‍ദ്ധിപ്പിക്കാം. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞാല്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്കു നല്കാതെ നികുതി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ലാഭം കൊയ്യുകയാണ്.

പ്രജകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അമിതഭാരവും അതുമൂലം ദുസ്സഹമാകുന്ന അവരുടെ ജീവിതത്തിന്റെ ദയനീയാവസ്ഥയുമൊന്നും ഭരണകൂടങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും യാതൊരുല്‍ക്കണ്ഠയുമുണ്ട ാക്കുന്നില്ല. എണ്ണക്കമ്പനികള്‍ ചോദിക്കാനാരുമില്ലെന്ന ധൈര്യത്തില്‍ ഒരറപ്പുമില്ലാതെ നിര്‍ദ്ദയം നിരന്തരം തോന്നുമ്പോഴൊക്കെ തോന്നുംപോലെ വിലകൂട്ടുന്നു. സാമാന്യബുദ്ധിയുള്ള ജനതയ്ക്ക് നിശബ്ദരാകാനല്ലാതെ മറ്റെന്താണ് കഴിയുക. ഈ നിശബ്ദത കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത മാത്രമാണെന്ന് തിരിച്ചറിയാന്‍ ഭരണവര്‍ഗത്തിന് കഴിയുന്ന നാളുകള്‍ വന്നുചേരാന്‍ ഇനി വലിയ താമസം ഉണ്ടാകില്ല.

”രാജ്യത്തെ സംബന്ധിച്ച ഏതു തീരുമാനമെടുക്കുമ്പോഴും എന്തു തീരുമാനമെടുക്കുമ്പോഴും സാധാരണക്കാരെയും ദരിദ്രരെയും ഓര്‍ത്തുകൊണ്ടാകണം. അവരെ പരിഗണിച്ചും കരുതിയും കൊണ്ടാകണം” എന്നുപറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. ഇവിടെ അവരെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല തീര്‍ത്തും അവഗണിച്ചുകൊണ്ടും അപഹസിച്ചുകൊണ്ടും വന്‍കുത്തകകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന തീരുമാനങ്ങളും നിയമനിര്‍മ്മാണങ്ങളുമാണ് ഭരണാധികാരികള്‍ കൈക്കൊള്ളേണ്ടത്. സാധാരണക്കാരുടെയും ദരിദ്രരുടെയുമൊന്നും തീരാദുരിതങ്ങള്‍ ഭരണാധികാരികളെ ഒട്ടും അസ്വസ്ഥമാക്കുന്നില്ല എന്നുമാത്രമല്ല ആ ദുരിതജീവിതങ്ങളൊന്നും ഭരണകൂടക്കാഴ്ചയില്‍ വരുന്നതുപോലുമില്ല.

എന്തുതന്നെയായാലും ഇന്ധനവില കുത്തനേ കൂട്ടുന്ന കുത്തകകളുടെ ക്രൂരമായ നീരാളിപ്പിടിത്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം ഉണ്ട ായേതീരു. അതിനു തയ്യാറാകാന്‍ മനസ്സുകാട്ടാത്തവരെ അനുകൂലമായ നിലപാടിലേയ്ക്ക് കൊണ്ട ുവരാനുള്ള അതിശക്തമായ പ്രതിഷേധ സമ്മര്‍ദ്ദങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നു വരേണ്ട ിയിരിക്കുന്നു. ഒപ്പം തന്നെ എണ്ണക്കമ്പനികളുടെ ധാര്‍ഷ്ട്യത്തിനും ജനദ്രോഹത്തിനും കൊള്ളലാഭക്കൊതിയ്ക്കും തടയിടുന്ന ബദല്‍ സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ട ിയിരിക്കുന്നു. യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. ഹ്രസ്വദൂരസഞ്ചാരങ്ങള്‍ക്ക് സൈക്കിള്‍ പോലുള്ള ഇന്ധനരഹിത വാഹനങ്ങള്‍ പ്രായോഗികമാക്കുക. കഴിയുന്നത്ര കാല്‍നടയാത്രകള്‍ നടത്തുക.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സഞ്ചാരങ്ങള്‍ ഒഴിവാക്കാന്‍ പറ്റുന്നത്ര ഒഴിവാക്കുക. പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ ഉപയോഗവും ഉപഭോഗവും അങ്ങേയറ്റം കുറച്ചുകൊണ്ടു മാത്രമേ പെട്രോളിയം കമ്പനികളുടെ അഹന്തക്കും അതിക്രമത്തിനും അപ്രമാദിത്തത്തിനും പ്രഹരമേല്‍പ്പിക്കാനാവൂ. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്ര ബഹിഷ്‌കരിച്ചുകൊണ്ട് കമ്പനികളോടുള്ള നിസ്സഹകരണം ശക്തമാക്കണം. തികച്ചും സമാധാനപരമായ പുതിയൊരു സമരമാര്‍ഗ്ഗം തന്നെ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. എപ്പോള്‍ വേണമെങ്കിലും തീര്‍ന്നുപോകാവുന്ന പെട്രോളിയം ഇന്ധനങ്ങള്‍ക്കുപകരം മറ്റു പാരമ്പര്യ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകള്‍ പ്രയോജനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യകളുണ്ട ാവണം.

സൂര്യപ്രകാശം, വായു, തിരമാലകള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ഊര്‍ജ്ജം സംഭരിക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയുമൊക്കെ വേണ്ടിയിരിക്കുന്നു. അതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ഊര്‍ജ്ജനയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനുള്ള ആര്‍ജ്ജവമുണ്ട ാവണം. അതിനായുള്ള ശക്തമായ തീരുമാനങ്ങളുണ്ട ാവണം. ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടൊപ്പം ദീര്‍ഘവീഷണത്തോടും ഇച്ഛാശക്തിയോടും പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ പിന്തുണയോടും കൂടിയേ ഇതൊക്കെ പ്രാവര്‍ത്തികമാകൂ.

ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷയും ഈ രാജ്യത്തെ ജൂഡീഷ്യറിയിലാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജുഡീഷ്യറിയും ഈ വിഷയത്തില്‍ കാര്യമായി ഇടപ്പെടാതെ മൗനം പാലിക്കുകയാണ്. താങ്ങാനാവാത്ത ഇന്ധന വിലവര്‍ദ്ധന ഒരു ജനതയുടെ പരമപ്രധാന പ്രശ്‌നമായി പരിഗണിച്ച് അടിയന്തിരമായി തന്നെ പരമോന്നത നീതിപീഠവും നിയമസംവിധാനങ്ങളും സ്വമേധയാ ഈ വിഷയത്തില്‍ ഇടപ്പെട്ട് എണ്ണക്കമ്പനികളുടെ താന്തോന്നിത്തത്തിന് കടിഞ്ഞാണിടാന്‍ കരുണകാട്ടണമെന്ന അപേക്ഷയാണുള്ളത്. എണ്ണക്കമ്പിനികളുടെ ധിക്കാരവും അഹന്തയും അവസാനിപ്പിച്ച് അവരെ അടിയറവ് പറയിപ്പിച്ച് മുട്ടുകുത്തിക്കാന്‍ ഭരണകൂടവും നിയമവ്യവസ്ഥയും പൊതുസമൂഹവും സംയുക്തമായുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളുണ്ടാവണം.”