ടെലിവിഷന്‍ റിയാലിറ്റോ ഷോയിലൂടെ സിനിമയിലെത്തിയ നടി വിന്‍സി അലോഷ്യസ്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. മലയാളിയായ ഷെയ്സണ്‍ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം.
ചിത്രത്തില്‍ താന്‍ ഒരു മലയാളിയായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വിന്‍സി അലോഷ്യസ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭൂരിഭാഗം സംഭാഷണങ്ങളും ഹിന്ദിയില്‍ തന്നെയാണെന്നും വിന്‍സി പറയുന്നു.
“സംവിധായകൻ ഷെയ്സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് സിനിമകൾ ചെയ്യുന്നത്. 30–35 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. മുംബൈ, പുനെ തുടങ്ങിയിടങ്ങളിലായിരുന്നു ഷൂട്ട്. ആ ദിവസങ്ങളിലായിരുന്നു ‘സോളമന്റെ തേനീച്ചകളു’ടെ ഓഡിയോ ലോഞ്ച്. അതുകൊണ്ടാണ് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.”
മലയാളി എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമാണ് ചിത്രത്തിന്റെ പ്രോജക്ട് ഹെഡ്. അദ്ദേഹം വഴിയാണ് താന്‍ ഈ സിനിമയിലെത്തിയതെന്നും വിന്‍സി വ്യക്തമാക്കി. ദേശീയ പുരസ്കാര ജേതാവ് മഹേഷ് റാണെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആദിവാസി പ്രശ്നങ്ങല്‍ കൂടി ചര്‍ച്ചയാകുന്ന സിനിമയാണിത്.