ദിലീപിന്റെ മൊബൈലും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു; റെയ്‌ഡ്‌ നീണ്ടത് ഏഴ് മണിക്കൂർ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വീട്ടിലെയും ഓഫീസിലെയും പൊലീസ് പരിശോധന പൂർത്തിയായി. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ ഏഴ് മണിക്കൂറാണ് നീണ്ടത്. ദിലീപിന്റെ മൂന്ന് മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും മെമ്മറി കാർഡുകളും പൊലീസ് കസ്‌റ്റഡിയിലെടുത്തു. അവ ഫോറൻസിക് പരിശോധനക്കായി കൈമാറും. റെയ്‌ഡ്‌ വിവരങ്ങൾ അടുത്ത ദിവസം പോലീസ് കോടതിയെ ധരിപ്പിക്കും.

ദിലീപിന്റെ നിർമ്മാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ പരിശോധന അഞ്ചുമണിക്കൂറോളമാണ്‌ നീണ്ടത്. ചില രേഖകളും സിഡികളും ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു.

നടനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ തെളിവുകൾ തേടിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വ്യാഴാഴ്‌ച രാവിലെ ദിലീപിന്റെ ആലുവയിലെ വീട്ടിൽ എത്തിയത്. കോടതി അനുമതിയോടെയായിരുന്നു പരിശോധന. നടിയെ ആക്രമിച്ച ദൃശ്യങ്ങളും ദിലീപിൻറെ കൈവശമുണ്ടെന്ന് പറയുന്ന തോക്കും ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുക്കുന്നതിനായിരുന്നു റെയ്‌ഡ്‌. തോക്ക് കണ്ടെടുക്കാനായിട്ടില്ല.

പൊലീസ് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഗേറ്റ് ചാടിക്കടന്ന് ഉദ്യോഗസ്ഥർ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ചു. പൊലീസെത്തുമ്പോൾ നടനും കുടുംബവും സ്ഥലത്തില്ലായിരുന്നു. ദിലീപിൻ്റെ സഹോദരിയാണ് ഉദ്യോഗസ്ഥ‍ര്‍ക്ക് വീട് തുറന്നു കൊടുത്തത്. എന്നാൽ റെയ്‌ഡ്‌ രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ നടൻ വീട്ടിലെത്തി.

പൊലീസ് സംഘം ദിലീപിന്റെ വീടിന് മുന്നിൽ. കടപ്പാട്: ഏഷ്യാനെറ്റ്

അടഞ്ഞുകിടന്ന ദിലീപിന്റെ ഓഫീസ് ജീവനക്കാരെ വിളിച്ചുവരുത്തി തുറപ്പിച്ചാണ് പരിശോധിച്ചത്. ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ഓഫീസിൽ പരിശോധന നടന്നത്. നടന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും റെയ്‌ഡ്‌ നടന്നു.

കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയ തെളിവുകളുടെയും മൊഴിയുടേയും അടിസഥാനത്തിലാണ് പരിശോധന. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ബൈജു പൗലോസ് ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.

തുടർന്ന് പുതിയ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കോടതി നിർദേശിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലിൽ കഴിഞ്ഞ ദിവസം ദിലീപിനെതിരെ ജാമ്യമില്ലാ കേസ് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്‌തിരുന്നു.

ALSO READ: ‘തനിച്ചല്ല ഞാനെന്ന് തിരിച്ചറിയുന്നു, ഈ പോരാട്ടം തുടരും’, അക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം