ആദിവാസി-ദളിത് വിദ്യാഭ്യാസ മെമ്മോറിയലുമായി ആദിശക്തി; ‘ആദിവാസികളുടെ ചരിത്രത്തില്‍ ഇതാദ്യം’

കൊച്ചി: നവംബറില്‍ സര്‍ക്കാരിന് വിദ്യാഭ്യാസ മെമ്മോറിയല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ച് ആദിശക്തി കൂട്ടായ്മ. ആദിവാസി-ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയാണ് സമഗ്ര വിദ്യാഭ്യാസ മെമ്മോറിയലെന്ന് കൂട്ടായ്മ പറഞ്ഞു.

2015ല്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആറളത്ത് രൂപീകരിച്ച എസ്.സി-എസ്.ടി വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ആദിശക്തി.

1896ല്‍ തിരുവിതാംകൂറില്‍ ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഈഴവ മെമ്മോറിയലിനെ അനുസ്മരിപ്പിക്കും വിധമാണ് ആദിശക്തിയുടെ മെമ്മോറിയലെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദന്‍ പറഞ്ഞു. ആദിവാസികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, സംവരണ സീറ്റുകളുടെ അപര്യാപ്തത, പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണം. വയനാട് ജില്ലയില്‍ പ്ലസ് വണ്ണിമന് അപേക്ഷിച്ച 2287 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് അനുവദിക്കണം. ഇപ്പോള്‍ 794 സീറ്റ് മാത്രമേ വകയിരുത്തിയിട്ടുള്ളൂ. കൊച്ചിയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. കൊച്ചിയിലെ കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നും എം. ഗീതാനന്ദന്‍ പറഞ്ഞു.