തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പരാതിക്കാരിയായ അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടിതല നടപടിയെടുത്ത് സിപിഐഎം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പി.എസ് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ആറുമാസമായിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടി അമ്മയ്ക്കൊപ്പമാണെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞിരുന്നെങ്കിലും സംഭവത്തില്‍ പാര്‍ട്ടിതല നടപടികള്‍ സ്വീകരിച്ചിരുന്നില്ല. വിഷയം നിയമസഭയിലടക്കമെത്തുകയും രൂക്ഷ വിമര്‍ശനങ്ങളുയരുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രന്. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍നിന്നു മാറി, കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചു മൂന്നുമണിക്കൂറോളം നീണ്ട യോഗത്തിലാണ് സിപിഐഎം പുറത്താക്കല്‍ തീരുമാനമെടുത്തത്. താന്‍ തെറ്റുചെയ്തിട്ടില്ല എന്നതടക്കമുള്ള വാദങ്ങള്‍ ജയചന്ദ്രന് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. അനുപമയുടെ അറിവോടുകൂടിയാണ് കുഞ്ഞിനെ കൈമാറിയതെന്നും അജിത്തിന്റെ സ്വഭാവത്തില്‍ തനിക്ക് സംശയം തോന്നിയിരുന്നെന്നും ജയചന്ദ്രന് വാദിച്ചു.
എന്നാല്‍, പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലേക്ക് സംഭവം മാറിയത് ചൂണ്ടിക്കാട്ടി കമ്മിറ്റി അംഗങ്ങള്‍ വലിയ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് വിവരം. വിഷയം ശരിയായ രീതിയില്‍ ജയചന്ദ്രന് കൈകാര്യം ചെയ്യാമായിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സംഭവങ്ങളെത്തിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ജയചന്ദ്രനെ നീക്കണമെന്ന ആവശ്യമാണ് മുഴുവന്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഉന്നയിച്ചത്. തുടര്‍ന്നാണ് ജയചന്ദ്രനെ എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.
ഇന്ന് ചേരുന്ന ഏരിയാ കമ്മിറ്റി ഈ തീരുമാനം അംഗീകരിക്കുമെന്നാണ് സൂചന. കൂടുതല്‍ നടപടികള്‍ വേണോ എന്ന കാര്യം ഏരിയാ കമ്മിറ്റിയാവും തീരുമാനിക്കുക.