സിപിഐഎമ്മിന്റെ ആസ്‌തി 569 കോടി, കോൺഗ്രസിന് 588 കോടി; ഒന്നാമൻ ബിജെപി

വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിക കണക്ക് വിവരിക്കുന്ന എഡിആർ റിപ്പോർട്ടിൽ ബിജെപി ഒന്നാമത്. 4847.78 കോടിയാണ് ബിജെപിയുടെ 2019-20 കാലയളവിലെ ആസ്‌തി. ദേശീയ പാർട്ടികളിൽ രണ്ടാം സ്ഥാനം മായാവതിയുടെ ബിഎസ്‌പിയാണ്. 698.33 കോടിയാണ് ബിഎസ്‌പിയുടെ സാമ്പത്തിക വലിപ്പം. 588.16 കോൺഗ്രസ്സ് മൂന്നാം സ്ഥാനത്ത് മാത്രമാണ്. കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്നു കോൺഗ്രസ്. തൊട്ടു പിന്നാലെ സിപിഐഎമ്മുണ്ട്. Rs 569.5 കോടിയാണ് നാലാംസ്ഥാനത്തുള്ള സിപിഎമ്മിന്റെ ആസ്‌തി. 510.7 കോടിയായിരുന്നു സിപിഎമ്മിന്റെ തൊട്ടുമുൻപുള്ള വർഷത്തെ സമ്പത്ത്.

ഏഴ് ദേശീയ പാർട്ടികളുടെ 2020 മാർച്ചുവരെയുള്ള ആസ്തിയുടെ കണക്കുകളാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന പഠനസ്ഥാപനം വെള്ളിയാഴ്ച പുറത്തുവിട്ടത്. തൃണമൂൽ കോൺഗ്രസിന് 247.78 കോടിയാണ് ആസ്‌തി. സിപിഐക്ക് 29.7 കോടിയും എൻസിപിക്ക് 8.2 കൊടിയുമാണ് സാമ്പത്തിക ബലം. ദേശീയ പാർട്ടികളുടെ ആകെ സമ്പത്തിന്റെ 70 ശതമാനവും ബിജെപിയുടെ പക്കലാണ്.

പ്രാദേശിക കക്ഷികളിൽ സമാജ്‌വാദി പാർട്ടിയാണ് ഒന്നാമത്.  563.47 കോടിയാണ് എസ്‌പിയുടെ ആസ്‌തി. പ്രാദേശിക പാർട്ടികളുടെ ആകെ സമ്പത്തായ 2,129.38 കോടിയുടെ 27 ശതമാനത്തിനടുത്താണ് എസ്‌പിയുടെ സമ്പത്ത്. ടിആർഎസ് 301 കോടി, എഐഎഡിഎംകെ 267.6 കോടി, ടിഡിപി 188.1 കോടി, ശിവസേന185.9, ഡിഎംകെ 184.2 കോടി എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ കണക്കുകൾ.

44 പ്രാദേശിക പാർട്ടികളുടെ 95 ശതമാനം സമ്പത്തും ആദ്യ പത്ത് കക്ഷികളുടെ പക്കലാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ആധാരമാക്കി എഡിആർ സ്വതന്ത്രമായി നടത്തിയ പഠനമാണ് ഈ റിപ്പോർട്ട്.

ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ബാധ്യത കോൺഗ്രസിനാണ്. 49.5 കോടിയാണ് കോൺഗ്രസിന്റെ ബാധ്യത. തൃണമൂൽ കോൺഗ്രസാണ് രണ്ടാമത്. 11.32 കോടിയാണ് അവരുടെ ബാധ്യത. കടം വാങ്ങിയതാണ് സാമ്പത്തിക ബാധ്യതകളിൽ കൂടുതൽ.