‘കൊടകര കുഴല്‍പ്പണക്കേസില്‍ എ വിജയരാഘവനെ ചോദ്യം ചെയ്യണം’; ആവശ്യവുമായി ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. വിജയരാഘവന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റെയും പ്രതികളുടെയും കൂടുതല്‍ വിവരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം സിപിഐഎം തിരക്കഥ അനുസരിച്ചാണ് നടക്കുന്നത്. ബിജെപിയുടെ 10 കോടി കുഴല്‍പ്പണമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്തതെന്ന് ആദ്യം പറഞ്ഞത് വിജയരാഘവനാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേസിലെ പ്രതികളും വിജയരാഘവനും തമ്മില്‍ ബന്ധമുണ്ട്. മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊടകര ദേശീയ പാതയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാലപ്പണം ആണിതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നേതാക്കള്‍ പറഞ്ഞ പ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നത്. ഇലക്ഷന് മുന്‍പുള്ള ഒരു മാസത്തിനിടെ ധര്‍മരാജന്‍ കര്‍ണാടകയില്‍ നിന്ന് ഹവാലപ്പണം കൊണ്ടുവന്നത് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം രണ്ട് ലക്ഷം രൂപ മാത്രം കൈവശം വെയ്ക്കാനാണ് അനുമതിയുള്ളത്. എന്നാല്‍ ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ കൈയില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും ധര്‍മ്മരാജന്‍ ഹാജരാക്കിയിട്ടില്ല. ഉറവിടം സമര്‍പ്പിച്ചാല്‍ തന്നെ അത് പുനപരിശോധിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.