ഓര്‍ത്തഡോക്സ് ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിനെതിരെ വിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. ‘ആദിവാസി കുടുംബങ്ങള്‍ക്കു വീടുകള്‍ മേയാന്‍ ടാര്പ്പോളിന് ഷീറ്റുകള്‍ എത്തിച്ചു നല്കി’ എന്ന മലയാള മനോരമ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ജയശങ്കറിന്റെ വിമര്‍ശനം. ശബരിമല വനത്തില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ കൂരകള്‍ മേയാനുള്ള ടാര്‍പോളിന്‍ ഷീറ്റുകള്‍ ഓര്‍ത്തഡോക്സ് സഭ മിഷന് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദിവാസി കുടിലിലെ കുട്ടികള്‍ക്കൊപ്പം പടുത കൈ കൊണ്ട് പൊക്കിപ്പിടിച്ച് ബിഷപ്പും പുരോഹിതരും നില്ക്കുന്ന ചിത്രവും മലയാള മനോരമയില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
ശബരിമല കാടുകളില്‍ കഴിയുന്ന പാവം ആദിവാസികള്‍ക്കു കൂര മേയാന്‍ ടര്‍പ്പായ കൊടുക്കുന്ന മഹത്തായ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി പരമ രഹസ്യമായി നിര്‍വഹിച്ചു. ഇടതു കൈ ചെയ്തത് വലതു കൈ അറിഞ്ഞില്ല, വലതു കൈ ചെയ്തത് ഇടതു കൈയും അറിഞ്ഞില്ല.
അഡ്വ. ജയശങ്കര്‍
യേശുക്രിസ്തുവിന്റെ ബൈബിള്‍ വചനവും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഉദ്ധരിച്ചു. ‘ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ പ്രശംസിക്കപ്പെടേണ്ടതിന് പളളികളിലും വീഥികളിലും കപട ഭക്തിക്കാര്‍ ചെയ്യുന്നതു പോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്. ദാനം ചെയ്യുമ്പോള്‍ നിന്റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിനു വലതു കൈ ചെയ്യുന്നതെന്ന് ഇടതു കൈ അറിയാതിരിക്കട്ടെ’
(മത്തായി 6: 2-3)

കാഹളം ഊതിക്കുന്നതില്‍ തരിമ്പും താല്പര്യമില്ലാത്ത മെത്രാപ്പോലീത്ത പടമെടുത്ത് മലയാള മനോരമയില്‍ കൊടുപ്പിച്ചു. അവര്‍ അത് 16 എഡിഷനിലും അച്ചടിച്ചു വായനക്കാരെ ധന്യരാക്കി. സ്തോത്രം, കര്‍ത്താവേ സ്തോത്രം!
നിതാന്ത വന്ദ്യ ദിവ്യ ശ്രീ ഡോ യൂഹാനോന്‍ മോര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കപട ഭക്തനോ പരീശനോ അല്ല. ദൈവശാസ്ത്ര പാരംഗതനാണ്. സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം, ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് മാസ്റ്റേഴ്സ്. സാന്‍ഫ്രാന്‍സിസ്കോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ആളാണെന്നും അഡ്വ ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.