358 സമര ദിനങ്ങള്‍, 700 രക്തസാക്ഷികള്‍; കര്‍ഷക വീര്യത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞ് മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തോട് ക്ഷമചോദിച്ചുകൊണ്ട് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഒരുവര്‍ഷത്തോളമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് മുമ്പില്‍ അടിയറവുപറഞ്ഞാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ മാസം അവസാനം നടക്കാനിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘രാജ്യത്തോട് മാപ്പുപറയുന്നതിനോടൊപ്പം സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ ഹൃദയത്തോടെ ഞാന്‍ പറയട്ടെ, ഈ ആത്മാര്‍പ്പണത്തില്‍ സത്യം വിശദീകരിക്കാനാവാത്ത ചിലതുണ്ട്. നമ്മുടെ കര്‍ഷക സഹോദരന്മാര്‍ക്ക് മുമ്പില്‍ ദീപത്തിന്റെ വെളിച്ചം പോലെ വിശദീകരിച്ചുകൊടുക്കാന്‍ കഴിയാത്ത ചിലത്. ഇന്ന് പ്രകാശ് പര്‍വ് ദിവസമാണ്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്നാണ് ഇന്ന് എനിക്ക് രാജ്യത്തോട് പറയാനുള്ളത്’, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി പറഞ്ഞതിങ്ങനെ.

‘സമരം ചെയ്യുന്ന എന്റെ എല്ലാ കര്‍ഷക സുഹൃത്തുക്കളോടും അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയി പുതിയ തുടക്കം കുറിക്കണമെന്ന ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പുതുമയോടെ മുന്നോട്ട് പോകാം’, മോഡി ആഹ്വാനം ചെയ്തു.

എന്നാല്‍, പ്രധാനമന്ത്രിയുടെ അഭിസംബോധന കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. താങ്ങുവില ഉറപ്പുവരുത്താന്‍ രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരത്തില്‍നിന്ന് പിന്മാറൂ എന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന തീരുമാനമറിയിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭം അവസാനിക്കാതെ തുടരുന്നത് യു.പി തെരഞ്ഞെടുപ്പിലും 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടികളുണ്ടാക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും അത് പ്രതിഫലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളില്‍നിന്നും പിന്മാറുന്നതെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.

ഒരു വര്‍ഷത്തോളം നീണ്ട സമരത്തിനിടെ 700ല്‍ അധികം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രക്ഷോഭത്തിനിടയിലെ സംഘര്‍ഷങ്ങളിലും ഡല്‍ഹിയിലെ അതിശൈത്യത്തിലും പ്രായാധിക്യത്തിലും നിരവധിപ്പേര്‍ മരിച്ചു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണവും ചെറുതല്ല.

കര്‍ഷക പ്രക്ഷോഭത്തിന്റെ നാള്‍വഴി

2020 സെപ്തംബര്‍ 14-നാണ് പുതിയ കാര്‍ഷിക നിയമങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ 17ന് ലോക്‌സഭ ബില്ലിന് അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമാണെന്ന് നിലപാടറിയിച്ച് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജിവെച്ചു. ശിരോമണി അകാലിദള്‍ നേതാവായിരുന്നു ഇവര്‍.

പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പുകള്‍ക്കിടെ സെപ്തംബര്‍ 20ന് രാജ്യസഭ ഓര്‍ഡിനന്‍സ് പാസാക്കി.

അന്നുതന്നെ റെയില്‍വേ ട്രാക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ കര്‍ഷകര്‍ ആദ്യ പ്രക്ഷോഭമാരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഉപരോധം.

ഓള്‍ ഇന്ത്യാ കിസാന്‍ സംഘ് കോഡിനേഷന്‍ കമ്മിറ്റിയുടെ പിന്തുണയോടെ കര്‍ഷകര്‍ തെരുവുകളിലേക്കിറങ്ങി. സെപ്തംബര്‍ 24-ന് ഗോതമ്പും അരിയും ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, റെയില്‍വേയും ഹൈവേയും ഉപരോധിച്ച് രാജ്യതലസ്ഥാനത്തേക്ക് ട്രാക്ടര്‍ റാലിയുമായി നീങ്ങി.

ഈ പ്രതിഷേധങ്ങളെ വകവെക്കാതെ സെപ്തംബര്‍ 27-ന് പുതുക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. വിജ്ഞാപനത്തിലൂടെ ബില്ലുകള്‍ നിയമമായി.

ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. നവംബര്‍ മൂന്ന് രാജ്യവ്യാപക കാര്‍ഷിക പ്രതിരോധം സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്ന് നവംബര്‍ 25-നാണ് സംയുക്ത കിസാന്‍ യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചത്. തൊട്ടുപിറ്റേന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ലാത്തിയുമുപയോഗിച്ച് നേരിട്ടു. ഡല്‍ഹി അതിര്‍ത്തികളില്‍ സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് സമാധാനപരമായി പ്രതിഷേധിക്കണമെന്ന നിബന്ധനയോടെ ഡല്‍ഹിയിലേക്ക് പ്രവേശനമനുവദിച്ചു. നിരങ്കാരി മൈതാനത്ത് കര്‍ഷക പ്രക്ഷോഭമിരമ്പി.

ഡിസംബര്‍ ഒന്നിന് കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ചര്‍ച്ച അലസിപ്പിരിഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. നിയമവിരുദ്ധമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നെന്ന് ആരോപിച്ച് വിദേശകാര്യമന്ത്രാലയം വിദേശ പിന്തുണയുടെ മുനയൊടിച്ചു.

ഡിസംബര്‍ അഞ്ചിന് നടത്തിയ രണ്ടാം ചര്‍ച്ചയിലും പരിഹാരമായില്ല. ഇതോടെ ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീംകോടതി വിഷയത്തിലിടപെട്ടു. കാര്‍ഷിക നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 21ന് സമരനേതാക്കള്‍ 24 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. ഡിസംബര്‍ 30ന് നടത്തിയ ആറാംവട്ട ചര്‍ച്ചയും ജനുവരി നാലിലെ ഏഴാംവട്ട പരാജയപ്പെട്ടു. ഇതിനിടെ മുപ്പതിലധികം പ്രക്ഷോഭകര്‍ക്ക് ഡല്‍ഹിയിലെ കൊടുംശൈത്യംമൂലം ജീവന്‍ വെടിയേണ്ടി വന്നു.

ജനുവരി 12ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ രണ്ടാം ഇടപെടല്‍.

ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ സമരം കൂടുതല്‍ സങ്കീര്‍ണമായി. ചെങ്കോട്ടയിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞു. പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. സമരത്തിന്റെ ഭാവം അടിമുടി മാറി. പ്രക്ഷോഭം അക്രമാസക്തമായി. എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അനുകൂലികളായിരുന്നെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ പങ്കെടുത്ത ബിജെപി അനുഭാവിയായ നടന്‍ ദീപ് സിദ്ദുവിന്റെ ഇടപെടലുകളും പിന്നീട് വെളിപ്പെട്ടു.

തുടര്‍ന്ന് ഗാസിപ്പൂരിലും ഗാസിയാബാദിലും തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ സമരവേദിയൊഴിയണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് വകവെക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഫെബ്രുവരിയോടെ സമരത്തിന് രാജ്യത്തിന് പുറത്തുനിന്നും പിന്തുണയേറി. വിദേശ മാധ്യമങ്ങള്‍ സമരത്തിന് വലിയ പ്രാധാന്യം നല്‍കി. ലോകപ്രശസ്ത ഗായിക റിഹാന കര്‍ഷകരെ പിന്തുണച്ച് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിനിങിന് തുടക്കം കുറിച്ചു. ഗ്രേറ്റ തന്‍ബെര്‍ഗ്, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് തുടങ്ങിയവര്‍ ഇതിനെ പിന്തുണച്ചെത്തി. എന്നാല്‍, വിദേശകാര്യമന്ത്രാലയം ഈ ഇടപെടലുകളെയും തള്ളിപ്പറഞ്ഞു.

സമരക്കാര്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടര്‍ന്നു. മാര്‍ച്ച് ആറിന് സമരം നൂറാം ദിനം പിന്നിട്ടു. മാര്‍ച്ച് എട്ടിന് സിംഗു അതിര്‍ത്തിയില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തു.

പ്രക്ഷോഭത്തിന്റെ അറാം മാസം മെയ് 27ന് കര്‍ഷകര്‍ കരിദിനമാചരിച്ചു.

ജൂലൈയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് സമാന്തരമായി കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റും മഹാപഞ്ചായത്തും നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂലൈ 26ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലും പ്രതിപക്ഷ കക്ഷികള്‍ കാര്‍ഷിക നിയമം ചര്‍ച്ചയാക്കി.

സെപ്തംബര്‍ അഞ്ചിന് അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍ യു.പിയിലെ മുസാഫര്‍നഗറില്‍ ഒന്നിച്ചുകൂടി മഹാപഞ്ചായത്ത് നടത്തി.

ഒക്ടോബര്‍ അഞ്ചിന് യു.പിയിലെ ലംഖിപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വണ്ടിയോടിച്ച് കയറ്റി. അപകടത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേര്‍ മരിക്കുകയും ചെയ്തു.

ഒക്ടോബര്‍ 22ന് പ്രതിഷേധക്കാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന് കാണിച്ച് നല്‍കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി, പ്രതിഷേധിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്ന് നിരീക്ഷിക്കുകയും അനിശ്ചിതമായി സമരക്കാര്‍ പൊതുവഴി തടയരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒടുവില്‍ നവംബര്‍ 19ന് നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് ഇങ്ങനെ

നിയമം പാസാക്കുന്നതിന് സമാനമായ നടപടിക്രമങ്ങളാണ് നിയമം റദ്ദാക്കുന്നതിനുമുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരം പാര്‍ലമെന്റിനാണ് നിയമം റദ്ദാക്കാനുള്ള അധികാരം. റദ്ദാക്കാനുള്ള ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കണം. തുടര്‍ന്ന് നിയമം പിന്‍വലിക്കാനുള്ള ശുപാര്‍ശ കേന്ദ്ര നിയമവകുപ്പിലേക്ക് അയക്കും. നിയമവകുപ്പ് സൂക്ഷ്മപരിശോധന നടത്തിയ ശേഷം വകുപ്പുമന്ത്രി ഇതിനായുള്ള ബില്ല് പാര്‍ലമെന്റില്‍ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചാല്‍ നിയമം റദ്ദാവും.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍

  1. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020
  2. വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020
  3. അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവയാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍.

ഉല്‍പന്നങ്ങളുടെ താങ്ങുവില, കാര്‍ഷിക-ഭക്ഷ്യ സബ്‌സിഡി, പൊതുവിതരണ സമ്പ്രദായം തുടങ്ങിയവ റദ്ദുചെയ്യുന്നതാണ് ഈ മൂന്ന് നിയമങ്ങളും.