കരിയറിലെ മോശം കാലത്തിലൂടെയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കടന്നുപോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ മൂന്നാമത്തെ കളിക്കാരന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു ശതകം പോലും നേടിയിട്ടില്ല. ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തില്‍ കളിച്ച അഞ്ച് ഇന്നിങ്സുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വ്യക്തിഗത സ്കോര്‍ 50 കടത്താനായത്. കോഹ്ലിയുടെ ഫോം ഔട്ടിനേക്കുറിച്ച് വിദ്ഗധര്‍ പല നിരീക്ഷണങ്ങള്‍ നടത്തുന്നതിനിടെ വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് ഇര്ഫാന് പഠാന്. ആവശ്യത്തിലധികം ആക്രമണോത്സുകനാകുന്നതാണ് കോഹ്ലിയുടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഇന്ത്യന്‍ മുന്‍ ബോളിങ് ഓള് റൗണ്ടര്‍ പറഞ്ഞു.
തയ്യാറെടുപ്പുകളേക്കാള്‍ ഉപരിയായി, ബോളര്‍മാരില്‍ ആധിപത്യം ശ്രമിക്കാനുള്ള കോഹ്ലിയുടെ നിര്‍ബന്ധബുദ്ധിയാണ് ഞാന്‍ കാണുന്ന കാരണം. ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകള്‍ കളിക്കാന്‍ ഈ ആക്രമണോത്സുക സമീപനം കോഹ്ലിയെ നിര്‍ബന്ധിതനാക്കുന്നു.
ഇര്ഫാന് പഠാന്
സാങ്കേതികമായ വശങ്ങളില് കുഴപ്പങ്ങളില്ലെന്നും ഈ ചെറിയ പ്രശ്നമാണ് എല്ലാറ്റിനും കാരണമെന്നും ഇര്ഫാന് പഠാന് ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഔട്ട്സൈഡ്-ഓഫ് ഡെലിവറികള്‍ക്ക് ബാറ്റുവെച്ചാണ് കോഹ്ലി അഞ്ച് തവണയും പുറത്തായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറുടെയോ സ്ലിപ്പിലെ ഫീല്‍ഡറുടെയോ കൈയിലേക്ക് വീഴുന്നത് പതിവായ സാഹചര്യത്തിലാണ് കുഴപ്പം മാനസികമായ സമീപനത്തിലാണെന്ന ഇര്ഫാന് പഠാന്റെ നിരീക്ഷണം. ഔട്ട്സൈഡ്-ഓഫ് ബോളുകള്‍ നേരിടുന്നതിലെ ടെക്നിക്കല്‍ പോരായ്മയാണ് മുന്‍പ് പലരും പ്രശ്നമായി പറഞ്ഞിരുന്നത്. ഇംഗ്ലീഷ് പേസര്‍മാരെ നേരിടുന്നതില്‍ കോഹ്ലി ക്ഷമ കാണിച്ചില്ലെന്ന് ടീം ഇന്ത്യയുടെ ബാറ്റിങ്ങ് പരിശീലകന് സഞ്ജയ് ബംഗാറും വിമര്‍ശിച്ചു.
2014ലാണ് വിദേശപര്യടനങ്ങളില്‍ സമാനമായ ഒരു പ്രതിസന്ധി കോഹ്ലി നേരിട്ടത്. എന്നാല്‍ 2018ലെ ടൂറുകളില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി കോഹ്ലി വന്‍ തിരിച്ചുവരവ് നടത്തി. 600ലധികം റണ്‍സാണ് കോഹ്ലി ആ വര്‍ഷം വിദേശ പിച്ചുകളില്‍ നിന്ന് അടിച്ചെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് ഇന്നിങ്സുകള്‍ കൂടി കോഹ്ലിക്ക് ഇനി കളിക്കാനുണ്ട്.