‘കത്തി കഴുത്തില്‍ വെച്ച് പടം ഓടിപ്പിക്കുന്ന അനുഭവം, മരക്കാര്‍ വേണ്ടെന്ന് വെച്ചു’; ആന്റണി പെരുമ്പാവൂരിന്റേത് ഗുണ്ടായിസമെന്ന് ഗിരിജ തിയേറ്ററുടമസ്ഥ

‘മരക്കാര്‍’ ഒടിടി റിലീസ് വിവാദത്തിനിടെ നിര്‍മ്മാതാവും മാക്‌സ് ലാബ് വിതരണക്കമ്പനി ഉടമയുമായ ആന്റണി പെരുന്വാവൂരിനെതിരെ തൃശൂര്‍ ഗിരിജ തിയേറ്ററുടമ. ഭയപ്പെടുത്തുന്ന എഗ്രിമെന്റാണ് ആശിര്‍വാദ് മുന്നോട്ടുവെച്ചതെന്ന് തിയേറ്റുടമ ഡോ. ഗിരിജ ആരോപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ പടങ്ങള്‍ കളിച്ചാല്‍ പണം കിട്ടുമെങ്കിലും, ഒരു പടം കളിച്ചാല്‍ ഉണ്ടാക്കുന്ന ടെന്‍ഷന്‍ മാനസികനില പോലും താളം തെറ്റിക്കുന്ന അവസ്ഥയാണ്. മരക്കാര്‍ ഒരാഴ്ച സ്‌ക്രീനിങ്ങ് ചോദിച്ചിരുന്നു. തൃശൂര്‍ നഗരത്തിലെ തന്നെ ഒരു മെയിന്‍ തിയേറ്റര്‍ 50 ലക്ഷം അഡ്വാന്‍സ് നല്‍കിയെന്നും അതിനാല്‍ എല്ലായിടത്തും കൊടുത്താലും നിങ്ങള്‍ക്ക് നല്‍കുവാന്‍ മെയിന്‍ തിയേറ്ററിന് സമ്മതം അല്ല എന്നും അവര്‍ അറിയിച്ചു. പിന്നീട് 2021 ഓഗസ്റ്റില്‍ 50 ലക്ഷം നല്‍കിയ മെയിന്‍ തീയേറ്ററിന്റെ സമ്മതം ഇല്ലാതെ, ഞങ്ങളുടെ തിയേറ്ററില്‍ മൂന്ന് ആഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ മരക്കാര്‍ കളിക്കണം എന്നാവശ്യപ്പെട്ടു. ഇതുള്‍പ്പെടെ പല നിബന്ധനകള്‍ അടങ്ങിയ എഗ്രിമെന്റാണ് മുന്നോട്ട് വെച്ചതെന്നും ഡോ. ഗിരിജ പറഞ്ഞു.

കത്തി കഴുത്തില്‍ വെച്ച് പടം ഓടിപ്പിക്കുന്ന പോലെ ഉള്ള അനുഭവം. ഞാന്‍ ഒരു സ്ത്രീയും, ഇത് പോലെ ഭയപ്പെടുത്തുന്ന എഗ്രിമെന്റ്.

ഡോ. ഗിരിജ

തിയേറ്ററുടമകള്‍ക്ക് നല്‍കിയ ഉറപ്പുകളും ബിസിനസ് മര്യാദയും ലംഘിച്ചുകൊണ്ടാണ് ആശിര്‍വാദിന്റെ കരാറുകളെന്നും ഡോ. ഗിരിജ കുറ്റപ്പെടുത്തി. ഒപ്പോസിഷന്‍ തീയേറ്ററുകളില്‍ പടം നല്‍കില്ല എന്ന ഉറപ്പിലാണ് പല തീയേറ്ററുകളും മരക്കാറിന് 25-50 ലക്ഷം വീതം നല്‍കിയിരിക്കുന്നത്. അവരില്‍ നിന്നും ഇത്രയും പണം വാങ്ങി, 10 പൈസ വാങ്ങാതെ മുന്നേ പടം നല്കാത്ത തീയേറ്ററുകളില്‍, അവരുടെ സമ്മതം ഇല്ലാതെ എഗ്രിമെന്റ് നല്‍കിയിരിക്കുകയാണ്. എനിക്ക് ലാഭങ്ങള്‍ കൊയ്ത് പോകണം, ഞങ്ങള്‍ രാജാക്കന്മാര്‍, നിങ്ങള്‍ അടിമകള്‍ എന്ന ചിന്താഗതി. എനിക്ക് (ഗിരിജ തിയേറ്ററിന്) നല്‍കാതിരിക്കുവാന്‍ വേണ്ടി 50 ലക്ഷം മറ്റൊരു തിയേറ്ററില്‍ നിന്ന് വാങ്ങിയെങ്കില്‍ ആ തിയേറ്ററില്‍ പടം നല്‍കണം. അതാണ് മര്യാദ. പലിശ പോലും ലഭിക്കാതെ അവരുടെ 50 ലക്ഷം മൂന്ന് വര്‍ഷത്തോളം ബ്ലോക്ക് ആയി കിടക്കുകയാണ്. ആദ്യം വാക്ക് തെറ്റിച്ചത് തിയേറ്ററുകാരല്ല.

ഡോ. ഗിരിജ തിയേറ്ററിന് മുന്നില്‍

2021 ഓഗസ്റ്റ് മാസം മരക്കാര്‍ എന്ന സിനിമ കളിക്കുവാന്‍ നല്‍കിയ എഗ്രിമെന്റ് ഞാന്‍ ഒപ്പുവെച്ചില്ല. അതിന് കാരണങ്ങള്‍ ഉണ്ട്. 2020 മാര്‍ച്ച് 26ന്, ഈ മരക്കാര്‍ എന്ന സിനിമ തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ ഗിരിജ തിയേറ്റര്‍ ഒഴിച്ച് എല്ലായിടത്തും വെച്ചിരുന്നു. 2009 മുതല്‍ എപ്പോഴും ഒരാഴ്ച ഞങ്ങള്‍ക്ക് ആഷിര്‍വാദിന്റെ സിനിമകള്‍ ലഭിച്ചിരുന്നു. 2020 മുതല്‍ ആ ഏര്‍പ്പാട് നിര്‍ത്തി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കളിച്ച അനുഭവം തന്റെ മുന്നിലുണ്ടെന്നും തിയേറ്ററുടമ ഫേസ്ബുക്കില്‍ കുറിച്ചു.

ആശീര്‍വാദ് എന്ന കമ്പനിയുടെ പടങ്ങള്‍ ഇനീഷ്യല്‍ കളക്ഷനില്‍ മുന്നിട്ടു നില്‍ക്കും, പക്ഷെ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ ഭയമായിരുന്നു. എപ്പോള്‍ വാക്ക് മാറ്റുമെന്ന് പറയാന്‍ കഴിയില്ല. ഒരു പരാതിയുമായി പോകാന്‍ പറ്റില്ല. കാരണം ഫിയോക് പ്രസിഡന്റ് തലപ്പത്തും അവര്‍ തന്നെ. ഹോള്‍ഡ് ഓവര്‍ ആയാലും ഞങ്ങള്‍ നഷ്ടം സഹിച്ചു നീട്ടി വലിച്ചു, അവര്‍ക്കു പേരെടുക്കാന്‍ പടം കളിക്കുക. ഒരാഴ്ച പടം ലഭിച്ചാല്‍ ആ തുക കൊണ്ടു തിയേറ്റര്‍ ചെലവുകള്‍ നടന്നു പോകും, പക്ഷെ അവര്‍ക്കെതിരെ പരാതിപ്പെട്ടും കാര്യമില്ല.

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയ്ക്കു മൂന്ന് ആഴ്ച ഡേറ്റ് നല്‍കിയ ശേഷം ‘കെട്ടിയോളാണ് മാലാഖ’ എന്ന സിനിമയ്ക്ക് എഗ്രിമെന്റ് നല്‍കി, അഞ്ച് ലക്ഷം അഡ്വാന്‍സും കൊടുത്തു, പടം ഹോള്‍ഡ് ഓവര്‍ ആയാല്‍ എടുത്തു മാറ്റി അടുത്ത പടം കേറ്റുവാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ട്. പക്ഷെ 50 ദിവസം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഹോള്‍ഡ് ഓവര്‍ ആയാലും തികക്കണം എന്ന് അവര്‍ സമ്മര്‍ദ്ദം ചെലുത്തി. കെട്ടിയോളാണ് മാലാഖ എന്ന സിനിമ കയറ്റുവാന്‍ സമ്മതിച്ചില്ല. സിനിമയുടെ രാജാക്കന്മാരെ പിണക്കിയാല്‍, പിന്നെ ഞങ്ങള്‍ ഗിരിജ തിയേറ്റര്‍ ഇല്ല. മിണ്ടാതെ സഹിച്ചു നില്‍ക്കുക എന്ന അവസ്ഥ. ഞങ്ങള്‍ ചില തീയേറ്ററുകാര്‍ക്ക് അവരേപ്പോലെ കോടികള്‍ സമ്പാദ്യം ഇല്ല, അഞ്ച് ലക്ഷം ഒരു സിനിമയ്ക്കു നല്‍കിയത് പെട്ടു പോയാല്‍, അത് തിരിച്ചു എടുക്കാന്‍ ആ കമ്പനി അടുത്ത പടം കൊണ്ടു വരുന്നതുവരെ കാക്കണം.

സെഞ്ചുറി ഫിലിംസ് കോട്ടയം, റൈറ്റ് റിലീസ്, എ ആന്‍ഡ് എ, വേ ഫാറര്‍, മാജിക് ഫ്രെയിംസ്, ഫണ്‍ടാസ്റ്റിക്, ആഷിഖ് അബു ഈ കമ്പനികളാണ് മരക്കാര്‍ ചെയ്തിരുന്നതെങ്കില്‍ 200 തിയേറ്റര്‍ കാരും ചിലപ്പോള്‍ ഒപ്പിട്ടു കളിച്ചേനെ. ഇവര്‍ ഭീഷണിപ്പെടുത്തി കളിപ്പിക്കില്ല.

ഡോ. ഗിരിജ

വാക്ക് വാക്കാണ്, സ്ത്രീകളോട് ഈ വിധം പെരുമാറില്ല, ടെന്‍ഷനും കുറവാണ്. സിനിമ കാശിനു വേണ്ടി ഭയപ്പാടോടു കൂടി കളിക്കുന്നതും, ഇഷ്ടത്തോടെ അവരുടെ സിനിമ സ്വന്തം സിനിമ പോലെ കളിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. വാക്ക് ഒന്നും, പ്രവൃത്തി രണ്ടുമായാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. എന്നേപോലെ എസ്. എന്‍ തിയേറ്റര്‍ ഹരിപ്പാട് ഒരു സ്ത്രീ ആണ് നടത്തുന്നത്. ചോദിച്ചാല്‍ അവര്‍ക്കും ഇതുപോലെ കാരണങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരു പടം വെറുതെ നല്‍കിയാലും ഗുണ്ടായിസം പോലുള്ള ഏര്‍പ്പാട് താങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. ഫിയോക്കിലെ തന്നെ മറ്റ് മെമ്പറിനെ ചതിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ആശിര്‍വാദ് സിനിമാസുമായി കരാറില്‍ ഏര്‍പ്പെടാതിരുന്നതെന്നും ഡോ. ഗിരിജ കൂട്ടിച്ചേര്‍ത്തു.

Also Read: ഏത് വലിയ നടനായാലും വന്ന വഴി മറക്കരുതെന്ന് ഫിയോക്; വാക്ക് മാറ്റിയത് തിയേറ്ററുടമകളെന്ന് സിയാദ് കോക്കര്‍