യുപിയിലെ യോഗികാലം അവസാനിക്കുന്നു? മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കില്ല, പരിഹരിക്കാന്‍ മോഡിയുടെ വിശ്വസ്തന്‍ ഇറങ്ങും

ന്യൂഡല്‍ഹി: പാളിപ്പോയ കൊവിഡ് പ്രതിരോധത്തിന്റെ ആരോപണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അവസാന വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സര്‍ക്കാരും. യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് അടുത്ത തെരഞ്ഞെടുപ്പ് പിടിച്ച് ഭരണത്തുടര്‍ച്ച ഉറപ്പാക്കാം എന്ന ആത്മവിശ്വാസം ബിജെപി ദേശീയ നേതൃത്വത്തിന് നഷ്ടപ്പെട്ടെന്നാണ് സംസ്ഥാനത്തേക്കായി എടുക്കുന്ന പുതിയ തീരുമാനങ്ങളും നിയമനങ്ങളും സൂചിപ്പിക്കുന്നത്. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനുമായ എകെ ശര്‍മ്മയെ യുപി സര്‍ക്കാരിന്റെ പ്രധാന ചുമതലയിലേക്ക് അയക്കുന്നെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സംസ്ഥാനാധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന്റെയും നേതൃത്വത്തിലായിരിക്കും യുപി ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും, അത് മിഥ്യാധാരണ മാത്രമാണെന്നാണ് സമീപ ദിവസങ്ങളിലെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്‌നൗവില്‍ വെച്ച് ബിജെപി ദേശീയ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.

ഗുജറാത്ത് കേഡറില്‍നിന്നുള്ള ഐഎസ് ഉദ്യോഗസ്ഥനായിരുന്ന ശര്‍മ്മ ജനുവരിയിലാണ് സര്‍വ്വീസില്‍നിന്നും സ്വയം വിരമിച്ച് ബിജെപിയില്‍ ചേര്‍ന്നത്. 1988ല്‍ യുപിയിലെ മൗ ജില്ലയിലായിരുന്നു ആദ്യ ചുമതല. നരേന്ദ്രമോഡിയുടെ വിശ്വസ്തനായ ഇദ്ദേഹം ഗുജറാത്തില്‍ മോഡിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി സ്വതന്ത്ര ദേവ് സിങിന്റെയും ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെയും സാന്നിധ്യത്തിലായിരുന്നു എകെ ശര്‍മ്മയുടെ ബിജെപി പ്രവേശനം.

എകെ ശര്‍മ്മ ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറും പാര്‍ട്ടി പ്രധാന നേതാവായി ഉയര്‍ത്തിക്കൊണ്ടുവന്ന മുഖവുമായ യോഗിയെ ഇത്തവണ മാറ്റി നിര്‍ത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തന്നെ മന്ത്രിസഭാ വികസനം ഈ മാസങ്ങളില്‍ത്തന്നെ ഉണ്ടായേക്കും. ജാതി-മത സമവാക്യങ്ങളെ മുന്‍നിര്‍ത്തി കൂടുതല്‍ അഭികാമ്യരായ നേതാക്കളെ മന്ത്രിസഭയിലെത്തിച്ച് ഇപ്പോഴത്തെ പ്രതിച്ഛായാ ഇടിവ് പരിഹരിച്ച് തെരഞ്ഞെടുപ്പിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് എകെ ശര്‍മ്മയെ യുപിയിലേക്ക് അയക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പ്രാധാന്യമേറുന്നത്.

Also Read: ജനരോഷത്തില്‍ നീറിപ്പുകഞ്ഞ് യുപി സര്‍ക്കാര്‍; 2022ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്ക, യോഗിയെ മാറ്റണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ശക്തികേന്ദ്രങ്ങളില്‍പ്പോലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച അപാകതകളും നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്. ആര്‍എസ്എസിന്റെ നിര്‍ദ്ദേശ പ്രകാരം ദേശീയ ടീമില്‍നിന്നും യുപിയിലേക്ക് നേതാക്കളെ ഇറക്കാനാണ് നീക്കമെന്നാണ് സൂചന. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി പരിഗണിച്ച് യുപിയില്‍ ആവശ്യമായ മാറ്റങ്ങള്‍ എത്രയും പെട്ടന്ന് നടത്തണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേ കഴിഞ്ഞ ദിവസം ലക്‌നൗവിലെത്തി ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ കൂടുതല്‍ ക്രിയാത്മകമായ നേതൃത്വം ഉണ്ടാകണമെന്ന അഭിപ്രായമാണ് ഈ യോഗങ്ങളില്‍ നേതാക്കള്‍ ഉന്നയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ അടുത്ത മാസം സംസ്ഥാനത്തെത്തി പാര്‍ട്ടി ഘടനയിലും പ്രവര്‍ത്തനങ്ങളിലുമുണ്ടായ അപചയങ്ങള്‍ വിലയിരുത്തും.

കൊവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ബിജെപി നേതാക്കള്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നില്‍ ആവര്‍ത്തിച്ച് വാദിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ആഭ്യന്തര യോഗങ്ങളില്‍ നേതാക്കള്‍ സര്‍ക്കാരിന് സംഭവിച്ച പരാജയങ്ങള്‍ തുറന്നുപറഞ്ഞ് കുറ്റപ്പെടുത്തിയെന്നാണ് വിവരം.