കെപിസിസിയിലും ഡിസിസിയിലും അടിമുടി അഴിച്ചുപണിക്ക് എഐസിസി; ഇനി പുതിയ മുഖം, പുതിയ ടാര്‍ജറ്റും

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം നിര്‍ദ്ദേശിച്ച് എഐസിസി. സംഘടന സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. ഗ്രൂപ്പ് മാത്രം എന്ന രീതിയിലേക്ക് ഇനി മടക്കമില്ലെന്നാണ് എഐസിസിയുടെ നിലപാട്.

എല്ലാ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മാറ്റം ഉടന്‍ വേണമെന്നാണ് എഐസിസി നിര്‍ദ്ദേശം. മറ്റ് മാറ്റങ്ങളെല്ലാം ആറ് മാസത്തില്‍ പൂര്‍ത്തിയാക്കും. എല്ലാ ഭാരവാഹികള്‍ക്കും ചുമതലയും ടാര്‍ജറ്റും നിശ്ചയിക്കാനാണ് തീരുമാനമായിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും പുതിയ ചുമതല തീരുമാനിക്കുക എന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്നും ഗ്രൂപ്പ് അതിപ്രസരം തുടര്‍ന്നു എന്നും അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ക്കും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് അടിമുടി അഴിച്ചുപണി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Also Read: ‘ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്കറിയാം, പാര്‍ട്ടിയോട് കൂറുള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരും’; സംഘടനാ സ്പിരിറ്റോടെ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരന്‍

പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വിശ്വാസം നേടിയെടുക്കാന്‍ നേതൃത്വത്തിനായിട്ടില്ലെന്നും പാര്‍ട്ടിയെ അടിവേരുമുതല്‍ ശക്തിപ്പെടുത്തുന്നതില്‍ കെപിസിസി പരാജയപ്പെട്ടെന്നും ചവാന്‍ സമിതി റിപ്പോര്‍ട്ട് വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് മാറ്റം അനിവാര്യമാണെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. പാര്‍ട്ടി ജംബോ കമ്മിറ്റികളെ പിരിച്ചുവിടണമെന്ന ആവശ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഡിസിസിയിലും ബ്രാഞ്ച് കമ്മിറ്റികളിലുമടക്കം അഴിച്ചുപണിയുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു.