ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് എഐഎംഐഎം; സംസ്ഥാന പര്യടനത്തിന് ഒവൈസി

ലഖ്‌നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ ഭരണകക്ഷിയായ ബിജെപിയോടൊപ്പം തന്നെ പ്രതിപക്ഷ കക്ഷികളും വിവിധ സന്ദര്‍ശനങ്ങളും സമ്മേളനങ്ങളും ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനൊരുങ്ങുന്ന എഐഎംഐഎമ്മും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

എഐഎംഐഎം ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ പര്യടനം നടത്താനൊരുങ്ങുകയാണ്. അയോധ്യയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്.

സെപ്തംബര്‍ ഏഴിനാണ് ഒവൈസിയുടെ പര്യടനം ആരംഭിക്കുന്നത്. അയോധ്യയിലെ രുധാലി നഗരത്തില്‍ നടക്കുന്ന വഞ്ചിത് ശോഷിത് സമ്മേളനത്തെ ഒവൈസി അഭിസംബോധന ചെയ്യും. സെപ്തംബര്‍ എട്ടിന് സുല്‍ത്താന്‍പ്പൂരിലും സമാന രീതിയിലുള്ള സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒമ്പതിന് ഒവൈസി ബാറബങ്കി സന്ദര്‍ശിക്കും.

ഓംപ്രകാശ് രാജ്ബര്‍ നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയോടൊപ്പം മത്സരിക്കാനായിരുന്നു എഐഎംഐഎം തയ്യാറെടുത്തിരുന്നത്. എന്നാല്‍ ഈയടുത്ത സമയത്ത് സഖ്യത്തെ ചൊല്ലിയും ഓംപ്രകാശ് രാജ്ബറിന്റെ നിലപാടുകളെ കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം നിലക്ക് തന്നെ പ്രചരണം ആരംഭിക്കാനാണ് എഐഎംഐഎമ്മിന്റെ തീരുമാനം.