കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപില്‍നിന്നുള്ള സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ഐഷ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കേസ് വിധിപറയുന്നത് മാറ്റിവെച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂണ്‍ 20ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്് കോടതി അറിയിച്ചു. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും.
ചോദ്യം ചെയ്യലിന് എത്തുന്ന ദിവസം അറസ്റ്റ് ചെയ്താല്‍ ബോണ്ടില്‍ കീഴ്ക്കോടതി ജാമ്യം അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ഐഷയെ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വിശദമായ വാദം നടന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ഐഷ ചെയ്തതെന്നും സ്പര്ധയുണ്ടാക്കിയിട്ടില്ലെന്നും ഇവരുടെ അഭിഭാഷകന് വാദിച്ചു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ പരിഗണിക്കണം എന്നിരിക്കെ ഇപ്പോള്‍ ഐഷയുടെമേല് ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല. ബയോവെപ്പണ്‍ പരമാമര്‍ശം നടത്തിയതിന് ശേഷം ഐഷ അത് തിരുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
എന്നാല്‍, ഈ രാജ്യദ്രോഹക്കുറ്റം നിലനില്ക്കും എന്നാണ് എതിര് വാദമുന്നയിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭിഭാഷകന് അറിയിച്ചിരിക്കുന്നത്. ഐഷയ്ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. വിനോദ് ദുവ കേസിലെ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ഈ കേസില്‍ ബാധകമല്ല. ഐഷ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മറിച്ച് രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാദിച്ചു.
ജാമ്യ ഹരജിയില്‍ കക്ഷി ചേരാനുള്ള പ്രതീഷ് വിശ്വനാഥന്റെ ആവശ്യം കോടതി തള്ളി. വാദങ്ങള്‍ കേട്ടശേഷമാണ് കോടതി ആവശ്യം നിരസിച്ചത്.