‘നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന് സുകുമാരന്‍ നായര്‍ കരുതരുത്’; ആഞ്ഞടിച്ച് എകെ ബാലന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റി. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോവുന്നതിന് ആരും എതിരല്ലെന്നും എകെ ബാലന്‍ പറഞ്ഞു.

‘സുകുമാരന്‍ നായര്‍ ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോവുന്നതിനോ അവരുടെ നേതാവാകുന്നതിനോ അവര്‍ക്ക് നേതൃത്വം കൊടുക്കുന്നതിനോ ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ, തെറ്റായ ഒരു ധാരണയുണ്ടാവരുത്. ഈ തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന സന്ദേശം അദ്ദേഹം കൊടുക്കാന്‍ പാടില്ലായിരുന്നു. ഇനിയെങ്കിലും അദ്ദേഹം പൊതുസമൂഹത്തോട് ക്ഷമാപണം നടത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തോട് മാനസികമായി അടുപ്പവും ബഹുമാനവുമുള്ള ആളുകളാണ് ഞങ്ങള്‍. പക്ഷേ ഈ വാചകം വന്നതോടുകൂടി ഞങ്ങളെയെല്ലാം വലിയരീതിയില്‍ ബുദ്ധിമുട്ടിച്ചു, വിഷമിപ്പിച്ചു. അദ്ദേഹത്തിന്റെ അത് ആ ദിവസം വരാന്‍ പാടില്ലായിരുന്നു’, എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുപ്പിവള പൊട്ടുന്നതുപോലെ പൊട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പാര്‍ട്ടിവിട്ടുപോകുമെന്നും ബാലന്‍ അഭിപ്രായപ്പെട്ടു.

വോട്ടെടുപ്പ് ദിനത്തിലായിരുന്നു സുകുമാരന്‍ നായരുടെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിക്കെതിരെ അയ്യപ്പകോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിക്കെതിരെ വിശ്വാസികള്‍ വോട്ട് ചെയ്യണം എന്നുമായിരുന്നു സുകുമാരന്‍ നായരുടെ പരാമര്‍ശം. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹം ഈ അഭിപ്രായ പ്രകടനത്തിന് തുനിഞ്ഞത്.