‘സംവരണത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തെ സംബന്ധിച്ച് സങ്കീര്‍ണ്ണം’; സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്ന് എകെ ബാലന്‍

തിരുവനന്തപുരം: സംവരണത്തെ സംബന്ധിച്ച ഇന്ദിരാ സാഹ്നി കേസിലെ വിധിയെ ശരിവെച്ച സുപ്രീം കോടതി വിധി കേരളത്തെ സംബന്ധിച്ച് സങ്കീര്‍ണ്ണമാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എകെ ബാലന്‍. കേരളത്തിലെ സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എകെ ബാലന്റെ പ്രതികരണം പൂര്‍ണ്ണരൂപം

കേരളത്തെ സംബന്ധിച്ചിടത്തോളം കുറച്ച് സങ്കീര്‍ണ്ണമാവുന്ന ഒരു പ്രശ്‌നം അതിലുണ്ട്. 103ാം ഭരണഘടന ഭേദഗതി പ്രകാരമാണ് സംവരണ ഇതരവിഭാഗങ്ങള്‍ക്ക്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് നല്‍കാന്‍ തീരുമാനിച്ചത്. അതില്‍ നമ്മള്‍ സ്വീകരിച്ച സമീപനം, നിലവിലുള്ള അമ്പത് ശതമാനത്തിനപ്പുറം മെറിറ്റില്‍ പത്ത് ശതമാനം നല്‍കാനാണ് തീരുമാനിച്ചത്. അപ്പോള്‍ അത് 60 ശതമാനമാവും. യഥാര്‍ത്ഥത്തില്‍ ഭരണഘടന ഭേദഗതിയുടെ ഭാഗമായി തന്നെ വരേണ്ടിയിരുന്ന ഒരു പ്രശ്‌നമായിരുന്നു. നിലവിലുള്ള അമ്പത് ശതമാനത്തിനപ്പുറം മുന്നോക്ക സമുദായത്തിലെ പത്ത് ശതമാനം സംവരണം ഉറപ്പ് വരുത്തുമ്പോള്‍ ഒരു ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. ആ രൂപത്തില്‍ ഭരണഘടന ഭേദഗതി വന്നിട്ടില്ല. സര്‍ക്കാര്‍ ഇത് ഗൗരവമായ പരിശോധിക്കേണ്ടി വരും. ഒരു കമ്മീഷനടക്കം വച്ച് പരിശോധിക്കേണ്ടി വരും. നയപരമായ തീരുമാനിച്ചിട്ടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താന്‍ വ്യക്തിപരമായി പറയുന്ന അഭിപ്രായമാണിത്. 103ാം ഭരണഘടന ഭേദഗതിയുടെ ഭാഗമായി സംവരണ ഇതരവിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട ഗുണം ഉറപ്പുവരുത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ നടക്കില്ല. മാത്രമല്ല അമ്പത് ശതമാനമെന്നുള്ളത് വിവിധ വിഭാഗങ്ങള്‍ക്ക് ജനസഞ്ചാനുപാതികമായി വീതിച്ച് കൊടുത്തതാണ്. അതിനെ വേദനിപ്പിക്കുന്ന തരത്തില്‍ മുന്നോക്ക സംവരണം അങ്ങോട്ട് മാറ്റാനും കഴിയില്ല. ഇതൊരു സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത സമീപനം അമ്പത് ശതമാനത്തിന് അപ്പുറത്ത് ഉള്‍പ്പെടുത്താനാണ്’

സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക സാസ്‌കാരിക പിന്നോക്കാവസ്ഥയായിരിക്കണമെന്ന് നിര്‍ണ്ണായകമായ നിരീക്ഷണത്തോടെയാണ് കോടതിയുടെ വിധി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മറാത്ത സംവരണ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഈ വിധി.

സംവരണം ഭരണഘടനാപരമാണ്. അതില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. പക്ഷെ പരമാവധി സംവരണാനുകൂല്യങ്ങള്‍ അമ്പത് ശതമാനത്തില്‍ കവിയരുതെന്നും ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

1992ല്‍ ഇന്ദിരാ സാഹ്നി കേസില്‍ പ്രസ്താവിച്ച വിധിയില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംവരണ പരിധി അമ്പത് ശതമാനം എന്നായിരുന്നു ഈ കേസിലെ വിധി. സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമല്ലെന്നും അന്നത്തെ വിധിയിലുണ്ടായിരുന്നു. സംവരണ വിധികള്‍ ചോദ്യം ചെയ്താാല്‍ അത് പരിശോധിക്കുന്നതിന് പതിനൊന്നംഗ ബെഞ്ച് തന്നെ വേണമെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗങ്ങളെ പിന്നോക്ക വിഭാഗമായി കണക്കാക്കി സംവരണം നല്‍കുവാനുള്ള നിയമം കോടതി റദ്ദാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.