എ.വി ഗോപിനാഥിന്റെ രാജി തുടക്കം മാത്രമെന്ന് എ.കെ ബാലന്‍; ആടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കാന്‍ കൊതിച്ച കുറുക്കന്റെ അവസ്ഥയാണ് ബാലന്റേതെന്ന് വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: കോണ്‍ഗ്രസില്‍നിന്നുള്ള എ.വി ഗോപിനാഥിന്റെ രാജി ഒരു തുടക്കം മാത്രമെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എ.കെ ബാലന്‍. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോപിനാഥിന്റെ പാത പിന്തുടരും. അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ലെന്നും ബാലന്‍ പറഞ്ഞു. ബാലന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി വി.കെ ശ്രീകണ്ഠന്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആഗ്രഹിച്ചാണ് ബാലന്റെ പരാമര്‍ശമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘നിരവധി കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഗോപിനാഥിന്റെ പാതയില്‍ ഇന്നല്ലെങ്കില്‍ നാളെ വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റ് പലരും ഈ വഴി തന്നെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. ഇത് പാലക്കാട് മാത്രമല്ല ഉണ്ടാവാന്‍ പോവുന്നത്. കേരളത്തില്‍ മൊത്തം ഇതിന്റെ മാറ്റൊലിയുണ്ടാവും’, എകെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിങ്ങനെ.

ബാലന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആഗ്രഹിക്കുകയാണെന്നും രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിച്ച കുറുക്കന്റെ അവസ്ഥയാവും അദ്ദേഹത്തിനെന്നുമാണ് വി.കെ ശ്രീകണ്ഠന്റെ പ്രതികരണം.

ഡി.സി.സി പട്ടികയിലെ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസില്‍നിന്നും പ്രാഥമികാംഗത്വം രാജി വെക്കുന്നതായി
മുന്‍ എംഎല്‍എയും പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എവി ഗോപിനാഥ് അറിയിച്ചത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രക്ക് താനൊരു തടസ്സമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന വിശദീകരണത്തോടെയായിരുന്നു രാജി. താന്‍ എവിടേക്ക് പോകുന്നുവെന്നതില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസ്ഥാനം ഹൃദയത്തില്‍ നിന്നും ഇറക്കിവെയ്ക്കാന്‍ സമയമെടുക്കും. സാഹചര്യങ്ങള്‍ പഠിച്ച ശേഷം ഭാവിനടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗോപിനാഥ് പാര്‍ട്ടി വിട്ട് പോവില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പാലക്കാടുള്ള പ്രത്യേക സാഹചര്യത്തില്‍ ഗോപിയെടുത്ത തീരുമാനമാണത്. ഗോപിനാഥുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്. അങ്ങനെ തന്നെ കയ്യൊഴിയാന്‍ ഗോപിനാഥിന് സാധിക്കില്ല. പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ സജീവമാക്കാനുള്ള നടപടികളായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്ക് തന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.