തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരംമുറിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുക്കുന്നു. തമിഴ്നാടിന് മരംമുറിക്കുള്ള അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് പറയുന്നത്. മരംമുറിയെക്കുറിച്ച് മുഖ്യമന്ത്രിയോ വകുപ്പോ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അഭിനന്ദന കത്ത് ലഭിച്ചപ്പോഴാണെന്നും മന്ത്രി പറയുന്നു.
‘മുഖ്യമന്ത്രിയുടെ ഓഫീസോ ജലസേചന വകുപ്പുമന്ത്രിയുടെ ഓഫീസോ എന്റെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. അതൊരു പ്രശ്നമായി തന്നെയാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കുകയും അവര്‍ മുറിച്ച് തുടങ്ങുകയും ചെയ്തെന്നാണ് വാര്‍ത്തകളിലൂടെ മനസിലാക്കുന്നത്’, എ.കെ ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാറും ബേബി ഡാമുമൊക്കെ നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ വിഷയങ്ങളാണ്. അത്തരമൊരു വിഷത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍മാത്രം തീരുമാനമെടുത്താല്പ്പോര. ഏത് സാഹചര്യത്തിലാണ് ആ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. സാഹചര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന് സമീപത്തുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയെന്നാണ് സ്റ്റാലിന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് അനുമതിക്ക് മന്ത്രിതല അറിവ് ഉണ്ടായിരുന്നില്ലെന്ന തരത്തിലുള്ള ആരോപണങ്ങളുയരുന്നത്.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശനത്തിന് ശേഷം ജലനിരത്ത് 152 അടിയായി ഉയര്‍ത്തുമെന്നും ഇതിനായി ബേബി ഡാം ബലപ്പെടുത്തുമെന്നും തമിഴ്നാട് ജലവിഭവവകുപ്പുമന്ത്രി ദുരൈ മുരുകന് അറിയിച്ചിരുന്നു. ഇതിനായി മരങ്ങള്‍ മുറിക്കേണ്ടതുണ്ട്. അതിനുവേണ്ടി കേരള സര്‍ക്കാരിന്റെ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.