ആകാശ് തില്ലങ്കേരിയുടെ വാഹനം അര്‍ധരാത്രി അപകടത്തില്‍പെട്ടു; നാലുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. കണ്ണൂര്‍-കൂത്തുപറമ്പ നീര്‍വേലിയില്‍ അര്‍ധരാത്രിയായിരുന്നു അപകടം. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഇവര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ സിമന്റ് കട്ടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് വിവരം. അപകടത്തില്‍ കാര്‍ പൂര്‍ണമായും നശിച്ചു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു ആകാശ് തില്ലങ്കേരിയും സംഘവും.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും സംഘത്തോടൊപ്പമുണ്ടായിരുന്നെന്നാണ് വിവരം.

ആകാശ് തില്ലങ്കേരി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലും ആരോപണ വിധേയനാണ്. ആകാശിനെ കഴിഞ്ഞമാസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായി അടുത്ത ബന്ധമുള്ള ആളാണ് ആകാശ് തില്ലങ്കേരി. ടി.പി വധക്കേസ് പ്രതി കൊടി സുനിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ ആകാശ് എഴുതിയ ഫേസ്ബുക്ക് കുറിപ്പും ചര്‍ച്ചയായിരുന്നു.