‘മുസ്ലിംവോട്ട് കിട്ടാന്‍ അഖിലേഷ് യാദവ് സുന്നത്ത് ചെയ്യും’; എസ്പിക്ക് പാക് ചാരസംഘനയുടെ പിന്തുണയെന്ന് യു.പി മന്ത്രി

ബല്ലിയ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കടുത്ത വാദപ്രതിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ് യു.പിയിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വവും. വോട്ടുബാങ്കുകളില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ കടുത്ത ശ്രമത്തിലാണ് ബിജെപിയും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുള്ള പ്രബലകക്ഷികള്‍. ഇതിനിടെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ല.

മുസ്ലിംവോട്ടുകള്‍ നേടാന്‍ അഖിലേഷ് യാദവ് ഏതറ്റവും വരെ പോകുമെന്നും വേണമെങ്കില്‍ മുസ്ലിം മതത്തിലേക്കുള്ള മാറ്റം വരെ ഉണ്ടായേക്കുമെന്നുമാണ് ശുക്ലയുടെ പരിഹാസം. അഖിലേഷിന് പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ പിന്തുണയുണ്ടെന്നും നിരവധി പണം ഇത്തരത്തില്‍ അഖിലേഷിലേക്ക് എത്തുന്നുണ്ടെന്നും ശുക്ല ആരോപിച്ചു.

‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്ലാമിക് ലോകത്തിന് ഒരു വെല്ലുവിളിയായിരിക്കുകയാണ്. എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനാകട്ടെ അവരുടെ സമ്പൂര്‍ണ പിന്തുണയുമുണ്ട്. അഖിലേഷിന് പാക് ചാര സംഘടനയുടെ പരിലാളനയും ഉപദേശങ്ങളും ലഭിക്കുന്നുണ്ട്. പാക് സാമ്പത്തിക സഹായവും ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്’, ശുക്ലയുടെ വാക്കുകളിങ്ങനെ.

മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, പാകിസ്താന്‍ സ്ഥാപകനേതാവ് മുഹമ്മദ് അലി ജിന്ന എന്നിവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുപോലെ പോരാടിയവരാണെന്ന അഖിലേഷിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ശുക്ലയുടെ പരാമര്‍ശം. ‘മുസ്ലിങ്ങളെ പ്രീണിപ്പിക്കാനായി അഖിലേഷ് നിസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യും. അവരുടെ വോട്ട് കിട്ടാന്‍ മതം മാറുകയും സുന്നത്ത് ചെയ്യുകയും ചെയ്യും’, ശുക്ല തുടര്‍ന്നു.

പാകിസ്താന്റെ ആജ്ഞയനുസരിച്ചാവും ഇവയെല്ലാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ചാര ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അഖിലേഷ് ജിന്നയെ പ്രകീര്‍ത്തിച്ചത്. പാകിസ്താനും താലിബാനും വേണ്ടിയുള്ള പ്രസ്താവനകളാണ് അഖിലേഷ് നടത്തുന്നത്’. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ജിന്നയെയും താരതമ്യപ്പെടുത്തിയുള്ള അഖിലേഷിന്റെ പരാമര്‍ശം അപലപനീയമാണെന്നും ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും ശുക്ല പറഞ്ഞു.

ഗാന്ധിയും പട്ടേലും നെഹ്‌റുവും ജിന്നയും ഒരേ സ്ഥാപനത്തില്‍നിന്ന് പഠിച്ചാണ് അഭിഭാഷകരായതെന്നും അവര്‍ ഒരുമിച്ച് പോരാടിയതുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യ സാധ്യമായതെന്നും അവരില്‍ ആരുടെയും സഹനത്തെ കുറച്ചുകാണിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അഖിലേഷന്റെ പ്രസംഗം. ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിന് നിരോധനമേര്‍പ്പെടുത്തിയതും അഖിലേഷ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഹര്‍ദോയില്‍ സംഘടിപ്പിച്ച സര്‍ദാര്‍ പട്ടേലിന്റെ 146-ാം ജന്മവാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു.