ലഖ്നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എസ്പി സഖ്യത്തിലെത്തുമോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു സഖ്യത്തിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ്പി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു അഖിലേഷ്.
എസ്പി കോണ്‍ഗ്രസുമായോ ബിഎസ്പിയുമായോ സഖ്യത്തിലെത്താന്‍ സാധ്യതയില്ല. വലിയ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നപ്പോഴുള്ള ഞങ്ങളുടെ അനുഭവങ്ങള്‍ കയ്പേറിയതാണ്. ചെറിയ പാര്‍ട്ടികളുമായി സഖ്യത്തിലെത്താനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. വലിയ പാര്ട്ടികളുമായല്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഭരണകക്ഷിയായ ബിജെപിക്ക് അറിയാം എസ്പിയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന് പറഞ്ഞ അഖിലേഷ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് സ്വാധീനം വര്‍ധിക്കുകയാണെന്ന വ്യാജ അന്തരീക്ഷം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
യുപി തെരഞ്ഞെടുപ്പ് യുപിയിലെ ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. ജനാധിപത്യത്തില്‍ പ്രചരണം നടത്താന്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. പക്ഷെ ജനങ്ങള്‍ക്കറിയാം ആര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന്. ബിജെപി പോലും പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നില്ല. ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തു കഴിഞ്ഞു.
ജനങ്ങള്‍ മാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ താഴെ തട്ടില്‍ എന്താണ് ചെയ്തതെന്ന് അവര്‍ക്കറിയാം. എസ്പി തൂത്തുവാരാന്‍ പോവുകയാണെന്ന് പറഞ്ഞതിന് ശേഷമാണ് ബിജെപി ബോധപൂര്‍വ്വം കോണ്‍ഗ്രസിനെ മുന്നിലേക്ക് നിര്‍ത്തുകയാണെന്ന് പറഞ്ഞത്.
ബിജെപി തന്ത്രം ജനങ്ങള്‍ കാണുന്നുണ്ട്. ബിജെപിക്കറിയാം എസ്പിയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന്. അത് കൊണ്ട് തന്നെ അവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വ്യാജ അന്തരീക്ഷം സൃഷ്ടിക്കുന്നു. പക്ഷെ ഈ തന്ത്രങ്ങളെല്ലാം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.