അലക്‌സിയോ സെക്വറ ഗോവ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട്; ഗിരീഷ് ചോഡോങ്കര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ പുതിയ വര്‍ക്കിംഗ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്. അലക്‌സിയോ സെക്വറയെയാണ് വര്‍ക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗിരീഷ് ചോഡോങ്കര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും.

തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി മുന്‍ മുഖ്യമന്ത്രി ലൂസിയാഞോ ഫലേരിയോവിനെ തെരഞ്ഞെടുത്തു. എം.കെ ഷെയ്ഖ് ആണ് കണ്‍വീനര്‍.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 40 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

ദിഗംബര്‍ കമ്മത്ത് നിയമസഭ കക്ഷി നേതാവാകും. റെജിനാള്‍ഡോ ലോറന്‍സോയാണ് പ്രചാരണ സമിതി അധ്യക്ഷന്‍. സംഗീത പരബ് ഉപാധ്യക്ഷയാവും.

ഫ്രാന്‍സിസ്‌കോ സര്‍ദീഞ്ഞയാണ് ധനകാര്യ സമിതി അധ്യക്ഷന്‍. പ്രമോദ സാല്‍ഗോക്കര്‍ ഉപാധ്യക്ഷനും.

രമാകാന്ത് കാലപ് പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനും എല്‍വിസ് ഗോമസ് ഉപാധ്യക്ഷനുമാവും. ഗോവ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രചരണ വിഭാഗത്തെ ചന്ദ്രകാന്ത് ചോഡാങ്കറും മാര്‍ത്ത സാല്‍ദന്‍ഹയും നയിക്കും.